ഈദ് ഉല്‍ ഫിത്തര്‍ : മാംസ വിഭവങ്ങള്‍ ഡോര്‍ ഡെലിവറി നടത്തണം, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

meat

തിരുവനന്തപുരം : ഈദ് ഉല്‍ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാന്‍ അപേക്ഷിക്കണം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം, തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ള വില്‍പനക്കാരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ പട്ടിക തയാറാക്കി ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കണം, ഡോര്‍ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവര്‍ത്തകരെ ഹെല്‍പ് ഡെസ്‌കില്‍ തയാറാക്കി നിര്‍ത്തണം, ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ പോലീസുമായി പങ്കുവെക്കണം, ഇറച്ചികൊണ്ടുകൊടുക്കുന്നവര്‍ക്കുള്ള പാസ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെല്‍ത്ത് ഓഫീസര്‍ വിതരണം ചെയ്യണം.

അതേസമയം, പൊലീസ് ഏര്‍പ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവില്‍ വന്നു. പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതി.