ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന്

തിരുവല്ല: മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് മാര്‍ത്തോമ്മ സഭ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് കുന്നില്‍ ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കബറിടത്തില്‍. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും മനസില്‍ ചിരിയും ചിന്തയും കൊണ്ട് പ്രിയങ്കരനായ വ്യക്തിയാണ് വലിയ തിരുമേനി. ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലര്‍ച്ചെ 1.15നാണ് കാലം ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.ഏപ്രില്‍ 23ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ക്രിസോസ്റ്റത്തെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത തിരുമേനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാനായിരുന്നതിന്റെ റെക്കാഡ് ക്രിസോസ്റ്റം തിരുമേനിക്കാണ്. 1999 മാര്‍ച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പൊലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുമായി. 2007ല്‍ ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞു.റവ.കെ.ഇ.ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.