ഹജ്ജിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മക്ക: സൗദിക്കകത്തുള്ളവര്‍ക്കുള്ള ഹജിനുള്ള ഈ വര്‍ഷത്തെ ഓണലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനായി https://localhaj.haj.gov.sa/ എന്ന പോര്‍ട്ടലില്‍ ആണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂണ്‍ 23 രാത്രി 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ആദ്യമാദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാവില്ലെന്നും അപേക്ഷിക്കാനുള്ള സമയം പൂര്‍ത്തിയായതിന് ശേഷം പാക്കേജുകള്‍ അനുസരിച്ചുള്ള ബുക്കിങ് എല്ലാവര്‍ക്കുമായി ജൂണ്‍ 25 (വെള്ളി) ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ ആരംഭിക്കുമെന്നും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയും പുണ്യസ്ഥലങ്ങളില്‍ സുഗമമായി എത്തിച്ചേരാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും രാജ്യം സേവനം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.18 നും 65 നും ഇടയിലുള്ള സൗദിയില്‍ സ്ഥിരതാമസക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്.

കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസ് പൂര്‍ത്തിയാക്കുക, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കുക, കോവിഡ് ബാധയില്‍ നിന്നു മുക്തരായി വാക്‌സിനേഷനിലൂടെ പൂര്‍ണ രോഗപ്രതിരോധ ശേഷി ആര്‍ജിച്ചവരാകുക എന്നിവയാണ് അപേക്ഷിക്കാനുള്ള നിബന്ധന.