കോവിഡ് വാക്സിനേഷൻ; ശബരിമല തീർത്ഥാടകരെയും പരിഗണിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെയും വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വാക്സിനേഷൻ മുൻഗണനാ പട്ടിക വിപുലീകരിച്ചിരുന്നു. 11 വിഭാഗങ്ങളെയാണ് സർക്കാർ പട്ടികയിൽ പുതുതായി ചേർത്തത്. കിടപ്പു രോഗികൾ, ഹജ്ജ് തീർത്ഥാടകർ, ആദിവാസി കോളനികളിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും, പോലീസ് ട്രെയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ തുടങ്ങിയ വിഭാഗത്തിലുള്ളവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 16,229 പേർക്കാണ്. 1,74,526 പേർ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. 24,16639 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.