കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ളു അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതു വരെ മദനിക്ക് ജാമ്യത്തില്‍ കഴിയാമെന്ന് 2014 ജൂലായില്‍ പുറപ്പടിവിച്ച ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉള്‍പ്പടെ നിരവധി അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ ആയിരുന്നു മദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ കാലയളവില്‍ ബെംഗളൂരു വിട്ട് മദനി പോകരുതെന്നും നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്.

എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബെംഗളൂരുവില്‍ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല. അച്ഛന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.