പാനൂർ മൻസൂർ കൊലപാതക കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

.

കണ്ണൂര്‍: പാനൂർ മൻസൂർ കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും എന്നാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.

ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന് നേരെ ആക്രമണം നടന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ഇതുവരെ നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
‌‌‌‌‌