ഹോംഗാർഡ് നിയമനം; വനിതകൾക്ക് മുൻഗണന
മലപ്പുറം: മലപ്പുറം ജില്ലയിൽ ഹോംഗാർഡ് നിയമനത്തിന് 35നും 58നും ഇടയിൽ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് മുൻഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിഎർപിഎഫ്, എൻഎസ്ജി, എൻഎസ്ബി, അസംറൈഫിൾസ് എന്നീ അർദ്ധ സൈനിക വിഭാഗങ്ങൾ, സംസ്ഥാന സർക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയിൽ വകുപ്പുകൾ, എന്നിവയിൽ നിന്ന് വിരമിച്ചവർക്കും കുറഞ്ഞത് പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി പാസായിരിക്കണം (ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയിൽ 18 സെക്കന്റിനുള്ളിൽ 100 മീറ്റർ ഓട്ടവും, 30 മിനിറ്റിനുള്ളിൽ മൂന്ന് കിലോമീറ്റർ നടത്തവും പൂർത്തിയാക്കണം. ഡ്രൈവിങ്, നീന്തൽ അറിയുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ എത്തിക്കണം. ഫോൺ :0483 2734788, 9497920216.










