Career (Page 64)

കോട്ടയം: നിയമബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. രണ്ട് വർഷത്തേക്ക് താൽക്കാലിക നിയമനമാണ്. എൽ.എൽ.ബി./എൽ.എൽ.എം. യോഗ്യതയുളളവരും എൻറോൾമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരുമായവർക്ക് അപേക്ഷിക്കാം.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പ്രൊഫോർമ പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കണം.

ജില്ലാ കോടതികളിലെയും, സ്‌പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കിർത്താഡ്‌സ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷിക്കേണ്ടത്. ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പ്രതിമാസം 20000 രൂപ ഓണറേറിയമായി ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2562503. ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്കോ ഹെക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്കോ ഏപ്രിൽ 20നകം അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി., കേരള) ഇംഗ്ലീഷ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്.

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സിബിഎസ്ഇ സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷകർ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. സ്‌കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവർ അപേക്ഷിച്ചാൽ മതി. കരാർ കലാവധി ഒരു അധ്യയന വർഷമായിരിക്കും. അപേക്ഷകർക്ക് 01.01.2023ന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 വൈകിട്ട് 4 മണിക്ക് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2812557.

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോ ഓർഡിനറ്റേറ്റർമാരെ നിയമിക്കുന്നു. 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com. അപേക്ഷകൾ ലഭ്യമാകേണ്ട അവസാന തീയതി മാർച്ച് 29.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്സ് / അപ്ലൈഡ് ആർട്സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്മെന്റ് എർഗണോമിക്സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.

അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. വിശദവിവരങ്ങൾക്ക് www.ksid.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് (2), പ്രൊജക്റ്റ് ഫെല്ലോ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: പ്രൊജക്റ്റ് അസിസ്റ്റന്റ് – സോഷ്യൽ സയൻസിൽ ഒന്നാം ക്ലാസ്സ് ബിരുദം, ഫോറസ്ട്രി ഔട്ട്‌ലുക് പഠനങ്ങളിലെ ഫീൽഡ് അനുഭവം, തടിയുടെ ആവശ്യകതയും വിതരണവും കണക്കാക്കലും അനുബന്ധ പഠനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 19000 രൂപയാണ് വേതനം.

പ്രൊജക്റ്റ് ഫെല്ലോ – സാമ്പത്തിക ശാസ്ത്രം / അപ്ലൈഡ് ഇക്കണോമിക്‌സ് അഗ്രികൾച്ചറൽ ഇക്കണോമിക്‌സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ സ്റ്റാറ്റിസ്റ്റിക്‌സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ ഗവേഷണ/ ഫീൽഡ് അനുഭവം, ഡാറ്റ മൈനിങ്ങും വ്യാഖ്യാനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 22000/- രൂപയാണ് വേതനം.

2 വർഷമാണ് കാലാവധി. ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടിക ജാതി – വർഗ്ഗക്കാർക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും.

താല്പര്യമുള്ളവർ മാർച്ച് 31ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 0487 2690100.

തിരുവനന്തപുരം: കെ സ്വിഫ്റ്റിൽ നിയമനം. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ദീർഘദൂര ബസുകളുടെ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ക്ഷണിച്ച അപേക്ഷയിലെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്ക് ദീർഘിപ്പിക്കുകയും ചെയ്തു. പുതുക്കിയ മാനദണ്ഡപ്രകാരം 26 ന് വൈകന്നേരം 5 മണിക്കകം www.kcmd.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

കൊല്ലം: കൊല്ലം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള രാമൻകുളങ്ങര, പുലിയില, നെടുങ്ങോലം നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നെയ്ത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. മറ്റുള്ളവരെ പരിശീലനം നൽകി തിരഞ്ഞെടുക്കും. ഫോൺ: 0474-2743587

അതേസമയം, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ വനിത ഹോം ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം. സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർക്കും, കേരള പൊലീസ്, ജയിൽ, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോം സർവീസിൽ നിന്നും വിരമിച്ച എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ശാരീരികക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35നും 58നും മധ്യേ. അപേക്ഷ ഫോമിന് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മണി മുതൽ നാല് വരെ ബന്ധപ്പെടാം. വിദ്യാഭ്യാസയോഗ്യത, സർവീസിൽ നിന്ന് വിരമിച്ച ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം മാർച്ച് 31 വൈകിട്ട് അഞ്ചിനകം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ – 0474 2746200.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരള ( അസാപ്പ് കേരള) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയ, 30 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. മാസം 12,500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. താത്പര്യമുള്ളവർക്ക് dpmtvm@asapkerala.gov.in എന്ന ഇ – മെയിൽ ഐഡിയിൽ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999646. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 24.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്‌നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്‌നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.