Uncategorized (Page 7)

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ 2005 ഒക്ടോബര്‍ 25 നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ആയിരത്തിലേറെ കുട്ടികളാണ് 6728 പേരുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒട്ടേറെ കുഞ്ഞുങ്ങള്‍ 2011 ന് ശേഷവും ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉത്തരവിന് പിന്നില്‍ ആരോഗ്യ വകുപ്പിന്‍റെ ഗൂഡാലോചനയുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.

നടി തൃഷയോട് സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ. പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. കത്തിലൂടെയാണ് മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രം​ഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നുവെന്നും ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നുമാണ് മൻസൂർ അലി ഖാൻ പറയുന്നത്. തൃഷയ്ക്കെതിരെ ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്.

കെഎസ്ആര്‍ടിസിയുടെ യൂണിഫോം പരിഷ്കരണം. നീലയിൽ നിന്നും വീണ്ടും കാക്കിയിലേക്കായി യൂണിഫോം മാറ്റി. ഡ്രൈവറുടെയും കണ്ടക്ടറുടെയും യൂണിഫോം പരിഷ്കരിച്ചു. വനിതാ ജീവനക്കാര്‍ക്ക് കാക്കി ചുരിദാറും ഓവര്‍ക്കോട്ടും പുരുഷ ജീവനക്കാര്‍ക്ക് കാക്കി പാന്‍റ്സും കാക്കി ഷര്‍ട്ടുമാണ് പരിഷ്കരിച്ച യൂണിഫോം.

രാത്രികളിൽ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി ചൈനീസ് ഗവണ്മെന്റ് ലേസർ ഷോ കൊണ്ട് വന്നിരിക്കുകയാണ്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവ വൈറലാണ്. നിറങ്ങളുടെ പ്രകാശനം ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ലേസർ ലൈറ്റുകളിലേക്ക് ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അപകതസാധ്യത കൂട്ടുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണ്.

രണ്ട് കിലോമീറ്റർ വരെ ഇതിൻ്റെ വെളിച്ചം ലഭിക്കും. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസർ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഠിന്യമുള്ള നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവർമാരെ ഉണർന്നിരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബ്രാന്‍റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും ഇതേ ആവശ്യം ഉന്നയിച്ച് മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. 5632 കോടിയുടെ കുടിശികയാണ് വിവിധ പദ്ധതികൾക്കും ഗ്രാന്‍റ് ഇനത്തിലും സംസ്ഥാനത്തിന് കിട്ടാനുള്ളത്. 75000 രൂപയാണ് ലൈഫ് വീടിന് കേന്ദ്രം നൽകുന്നത്.

1925 കോടി മൂലധന ചെലവിൽ കുടിശികയുണ്ട്. പേരിന് പണം തരും, എന്നിട്ട് പേരെഴുതി വയ്ക്കണമെന്ന് പറയും. കേന്ദ്രത്തിന്‍റെ ഈ നയം കാരണം ലൈഫിന് വരെ നിലവിൽ പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സര്‍ക്കാർ വിശദീകരിക്കുന്നത്. നാല് ലക്ഷം രൂപ ചെലവിൽ പണിയുന്ന ലൈഫ് വീട് ഒന്നിന് 75000 രൂപയാണ് കേന്ദ്ര വിഹിതം. പക്ഷെ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകൾക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര പദ്ധതിയെന്ന് ബോര്‍ഡെഴുതണമെന്നാണ് നിബന്ധന. കൂടാതെ ആയുഷ്മാൻ ഭാരത്, സ്വച്ഛ് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നീ പദ്ധതികൾക്കും ബ്രാന്‍റിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മാത്രമല്ല മൂലധന ചെലവിനത്തിൽ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധമില്ലാത്ത വിഴിഞ്ഞം തുറമുഖം കെ ഫോൺ അടക്കമുള്ളവക്ക് ഇതേ ന്യായം പറഞ്ഞ് നിഷേധിക്കുന്നു എന്നാണ് സംസ്ഥാനത്തിന്‍റെ പരാതി. 1925 കോടി രൂപയാണ് കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തിന് കിട്ടാനുള്ള കാപ്പക്സ് വിഹിതം. നഗരവികസന ഗ്രാന്‍റ് 700 കോടിയും, യുജിസി ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 750 കോടിയും, ഗ്രാമ വികസന ഗ്രാന്‍റിനത്തിൽ 1260 കോടിയും നിലവിൽ കുടിശികയാണ്. നെല്ല് സംഭരണം അടക്കം ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്ക് കിട്ടേണ്ട 790 കോടിയും കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. 5632 കോടിയാണ് എല്ലാം ചേര്‍ത്താൽ കേന്ദ്ര കുടിശിക ഉള്ളതെന്ന് സംസ്ഥാനത്തിന്‍റെ കണക്ക്.

ലോകകപ്പ് ഓസ്ട്രേലിയ നേടിയെങ്കിലും രാജ്യത്തിന് എന്നും അഭിമാനം ഏകുന്നവർ തന്നെയാണ് ക്രിക്കറ്റ് ടീം ഇന്ത്യ. രാജ്യത്തിന് അഭിമാനായ ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി.

ലോകകപ്പ് കിരീടം സ്വന്തമാക്കിയില്ലെങ്കിലും, ലോകകപ്പിലുട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ‘ പ്രിയ ടീം ഇന്ത്യ, ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ‘ – നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു . ‘ ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ! മികച്ച വിജയത്തിൽ കലാശിച്ച ടൂർണമെന്റിലൂടെ പ്രശംസനീയമായ പ്രകടനമായിരുന്നു അവരുടേത്. ഇന്നത്തെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ.‘ മോദി കുറിച്ചു.

ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു നില്‍ക്കുന്ന സംഭവങ്ങളില്‍ ഇടപെടലുമായി റിസര്‍വ് ബാങ്ക്. വായ്പ പൂര്‍ണമായും അടച്ചു കഴിഞ്ഞിട്ടും ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു തന്നെ നില്‍ക്കുന്ന സംഭവങ്ങളിലാണ് ഇടപെടലുമായി റിസര്‍വ് ബാങ്ക് എത്തിയത്.വായ്പ അടച്ചു കഴിഞ്ഞ വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കുന്നതില്‍ വരുന്ന പാളിച്ച കാരണമാണ് പലരുടേയും ക്രെഡിറ്റ് സ്കോര്‍ പുതുക്കാന്‍ വൈകുന്നത്.

ക്രെഡിറ്റ് സ്കോറും റിപ്പോര്‍ട്ടും സംബന്ധിച്ച പരാതികള്‍ കൃത്യമായി പരിഹരിക്കുന്നത് വൈകിയാല്‍ പരാതിക്കാരന് ഓരോ ദിവസവും 100 രൂപ വീതം പിഴ നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ 24 മുതല്‍ ആയിരിക്കും ഈ സംവിധാനം പ്രവർത്തികമാവുക.മൂന്നാഴ്ചയ്ക്കുള്ളില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ബാങ്കുകളായിരിക്കും നഷ്ട പരിഹാരം നല്‍കേണ്ടത് . ഇതിന് പുറമേ വര്‍ഷത്തിലൊരിക്കല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന സൗജന്യ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉപഭോക്താവിന് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു.സിബിഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. സിബിഐക്ക് കേസ് കൈമാറുവാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിനായി കൂടുൽ സമയം വേണ്ടി വരുമെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിക്കുകയും ചെയ്തു.

മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൌസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ കോളേജിലാണ് വന്ദന പടിച്ചിരിന്നത്.ആശുപത്രിയിലെ ജോലിക്കിടയായിരിന്നു വന്ദനയെ കുത്തികൊലപ്പെടുത്തിയത്. കൊല്ലം നെടുമ്പന യു പി സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഗസ്റ്റിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ഇസ്രായേലിൽ നിന്നും രണ്ട് വിമാനങ്ങൾ ഇന്ത്യയിലേക്ക് ഇന്ന് പുറപ്പെടും.തിരികെ എത്തുന്നവരിൽ മലയാളികാലും ഉൾപ്പെടുന്നു.വൈകിട്ട് 5 മണിക്ക് ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന ആദ്യ എയർ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയിൽ എത്തും. രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ദില്ലിയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.

‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ മലയാളികളിലും ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. തിരികെയെത്തിവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാന ടിക്കറ്റുകളുൾപ്പടെ എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കി.

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ മരണപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം കനത്ത സാഹചര്യത്തിൽ ഗാസയിൽ നിന്നും വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വാഹനങ്ങളിൽ പലായനം ചെയ്യുന്നവർക്ക് നേരെയായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. എന്നാൽ ഇസ്രയേൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്തത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇതുവരെ ഇരുഭാഗങ്ങളിലുമായി 3000 കവിഞ്ഞു.

അതേസമയം വെടിനിർത്തലിനായി റഷ്യ, ഇരുരാജ്യങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. സംഘർഷത്തിന് അയവ് വരുത്താൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. കൃത്യമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.