Technology (Page 73)

വാഷിങ്ടണ്‍: പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റായ ആമസോണ്‍ അലെക്സ. ആരുടെ ശബ്ദവും അനുകരിക്കാവുന്ന തരത്തിലേക്ക് അലെക്സയെ അപ്ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍.

ലാസ് വേഗസില്‍ നടന്ന ആമസോണ്‍ കോണ്‍ഫറന്‍സില്‍ കമ്ബനി സീനിയര്‍ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരിക്കിടയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് ചെറിയൊരു ആശ്വാസമെന്ന നിലയ്ക്കാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചതെന്നാണ് രോഹിത് പറഞ്ഞത്. മരിച്ചാലും മരിക്കാതെ പ്രിയപ്പെട്ടവരുടെ ശബ്ദം കൂടെനിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രിയപ്പെട്ട താരങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാം അലെക്സ അനുകരിക്കും. എന്നാല്‍, ഇതോടൊപ്പം കുടുംബത്തിലെ മരിച്ചുപോയ മുത്തശ്ശിമാരുടെ ശബ്ദംവരെ അനുകരിക്കുന്നതായിരിക്കും പുതിയ ഫീച്ചറെന്നാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, പുതിയ അപ്ഡേഷന്‍ എന്ന് അവതരിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടില്ല. വലിയ തോതില്‍ ദുരുപയോഗത്തിനുകൂടി സാധ്യതയുള്ളതിനാല്‍ മേഖലയിലുള്ളവരുടെ വിദഗ്ധ അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും എന്തായാലും ഈ ഫീച്ചര്‍ അവതരിപ്പിക്കുകയെന്ന് വ്യക്തമാണ്. നേരത്തെ, ക്വാര്‍ട്ടാനയിലൂടെ മൈക്രോസോഫ്റ്റും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും ദുരുപയോഗത്തെ തുടര്‍ന്ന് ഇത് നിയന്ത്രിച്ചിരുന്നു.

വാട്ട്‌സ്ആപ്പില്‍ രണ്ട് തരം ഫേക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വലിയ സൈബര്‍ സ്‌കാം പദ്ധതിയാണ് ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ബിയര്‍ ഭീമന്‍മാരായ ഹൈനെകെന്‍ റീട്ടെയിലര്‍ സ്‌ക്രൂഫിക്‌സ് എന്നിവയില്‍ വരുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സന്ദേശങ്ങള്‍ വരുന്നത്. ഉപയോക്താക്കള്‍ക്ക് പ്രലോഭിപ്പിക്കുന്ന സൗജന്യത്തിന് അര്‍ഹതയുണ്ടെന്ന് ഈ സന്ദേശങ്ങള്‍ തോന്നിപ്പിക്കും. ഫാദേഴ്സ് ഡേയ്ക്കായി വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഹെയ്നെകെന്‍ ബിയറോ ഡീവാള്‍ട്ട് കോമ്ബി ഡ്രില്ലോ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ടെന്ന് വ്യാജ സന്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍, ഈ സന്ദേശം തീര്‍ത്തും വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിംഗ് തന്ത്രത്തിന്റെ ഭാഗമാണെന്ന് മുന്നറിയിപ്പ് പറയുന്നു. അത്തരം വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയാല്‍ അത് ഐഡന്റിറ്റി തട്ടിപ്പിനോ നിങ്ങളില്‍ നിന്ന് പണം അപഹരിക്കാനോ ഉപയോഗിക്കാം. വാട്ട്സ്ആപ്പ് ഉപയോക്താക്കളോട് ഈ സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹൈനെകെനും സ്‌ക്രൂഫിക്സും നിര്‍ദേശിച്ചിട്ടുണ്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഹൈനെകെന്‍ ബിയര്‍ ഇത്തരം ഒരു വാട്ട്‌സ്ആപ്പ് സ്‌കാമിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിന് പ്രതികരണം ഇറക്കി, ഹൈനകെന്‍ അറിയാതെയാണ് ഇത്തരം ഒരു സന്ദേശം പ്രചരിക്കുന്നത്. നിലവില്‍ ഇത് ഡാറ്റ തട്ടാനുള്ള ഫിഷിംഗ് സ്‌കാമിന്റെ ഭാഗമാണ്. ഉപയോക്താക്കള്‍ ശ്രദ്ധിക്കണം’ – പ്രസ്താവനയില്‍ ഹൈനെകെന്‍ പറയുന്നു.

സന്ദേശം ലഭിച്ച വാട്ട്സ്ആപ്പ് ഉപയോക്താക്കളോട് അത് ഉടനടി ഡിലീറ്റ് ചെയ്യാന്‍ ഹൈനെക്കന്റെ പ്രതിനിധിയും പറഞ്ഞു. വ്യാജ സ്‌ക്രൂഫിക്സ് വാട്ട്സ്ആപ്പ് പ്രമോഷനെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സ്‌ക്രൂഫിക്‌സ് മുന്നറിയിപ്പ് നല്‍കി: ‘സ്‌ക്രൂഫിക്സ് ബ്രാന്‍ഡിംഗ് ഉപയോഗിച്ച് വാട്ട്സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ ചാനലുകളിലൂടെയും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഇടയായി. നിങ്ങള്‍ക്ക് സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍, ആ സന്ദേശം ഡിലീറ്റ് ചെയ്യുക, ദയവായി ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത് അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി പങ്കിടരുത്’ – സ്‌ക്രൂഫിക്സ് ട്വീറ്റ് പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ അവയില്‍ നല്‍കിയിരിക്കുന്ന യുആര്‍എല്‍ സൂക്ഷ്മമായി നോക്കണം. അത് ഫേക്ക് സൈറ്റായിരിക്കും. ചിലപ്പോള്‍ ഒറിജിനല്‍ സൈറ്റിന്റെ ഒന്നോ രണ്ടോ സ്‌പെല്ലിംഗ് മാറിയായിരിക്കും അതില്‍ ഉണ്ടാകുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ ഡിവൈസില്‍ കടക്കുകയും നിങ്ങളുടെ സംരക്ഷിത വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതുമാണ് രീതി. ചിലപ്പോള്‍ നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ പണമിടപാട് പാസ്വേര്‍ഡ് വിവരങ്ങള്‍വരെ ഇതില്‍ ഉള്‍പ്പെടാം.

ന്യൂയോര്‍ക്: നെറ്റ്ഫ്‌ളിക്‌സ് ഒരു വര്‍ഷത്തിനിടയില്‍ പിരിച്ചുവിട്ടത് 300 ജീവനക്കാരെ. ബിസിനസില്‍ ഞങ്ങള്‍ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്, എന്നാല്‍ വരുമാനം മന്ദഗതിയിലും ചിലവുകള്‍ വര്‍ധിക്കുന്ന അവസ്ഥയുമാണുള്ളത്. അതിനാലാണ് ഈ നടപടി കൈകൊണ്ടത്’, കമ്പനി വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

‘നെറ്റ്ഫ്‌ളിക്‌സിനായി ഈ പ്രയാസകരമായ അവസ്ഥയിലും ഞങ്ങളെ പിന്തുണയ്ക്കാന്‍ കഠിന പരിശ്രമം ചെയ്ത ജീവനക്കാരുടെ എല്ലാ സേവനങ്ങള്‍ക്കും ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11,000 മുഴുവന്‍ സമയ ജീവനക്കാരുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ മൂന്ന് ശതമാനം പേരെയാണ് പിരിച്ചുവിടലുകള്‍ ബാധിച്ചത്. പിരിച്ചുവിടല്‍ കൂടുതലും നടക്കുന്നത് അമേരിക്കയിലാണ്.

അതേസമയം, പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി വരിക്കാരുടെ എണ്ണത്തില്‍ വന്‍ നഷ്ടം സംഭവിച്ചതായി നെറ്റ്ഫ്‌ളിക്‌സ് ഏപ്രിലില്‍ റിപോര്‍ട് ചെയ്തിരുന്നു. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നെറ്റ്ഫ്‌ളിക്‌സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 70% ഇടിഞ്ഞു. കഴിഞ്ഞ മാസം, നെറ്റ്ഫ്‌ളിക്‌സ് 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗതയില്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. മെയ് മാസത്തില്‍ 14.28 എംബിപിഎസ് എന്ന ശരാശരി സ്പീഡില്‍ ഇന്ത്യ 115-ാം സ്ഥാനത്തെത്തി. ഇതേ സമയം ഏപ്രിലിലെ 14.19 എംബിപിഎസ് ഡൌണ്‍ലോഡ് വേഗതയില്‍ ഇന്ത്യ 117 സ്ഥാനത്ത് ആയിരുന്നുവെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു.

നെറ്റ്വര്‍ക്ക് ഇന്റലിജന്‍സ്, കണക്റ്റിവിറ്റി ലീഡര്‍ ഊക്ലയുടെതാണ് റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള ഫിക്‌സഡ് മീഡിയന്‍ ഡൗണ്‍ലോഡ് വേഗതയ്ക്കുള്ള ആഗോള റാങ്കിംഗും ഇന്ത്യ മെച്ചപ്പെടുത്തി. ഏപ്രിലില്‍ 76-ല്‍ നിന്ന് മെയ് മാസത്തില്‍ 75-ലേക്ക് ഉയര്‍ന്നു. എന്നിരുന്നാലും, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡിലെ മീഡിയന്‍ ഡൗണ്‍ലോഡ് വേഗതയില്‍ ഇന്ത്യയുടെ പ്രകടനം നേരിയ ഇടിവ് രേഖപ്പെടുത്തി, ഏപ്രിലില്‍ 48.09 എംബിപിഎസ് ആയിരുന്നത് മെയ് മാസത്തില്‍ 47.86 എംബിപിഎസ് ആയി കുറഞ്ഞു. യഥാക്രമം 209.21 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുള്ള നോര്‍വേയും, 129.40 എംബിപിഎസ് ഡൌണ്‍ലോഡ് വേഗതയുള്ള സിംഗപ്പൂരും ആഗോള മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിലും നിശ്ചിത ബ്രോഡ്ബാന്‍ഡ് വേഗതയിലും ഒന്നാം സ്ഥാനത്ത്. ആഫ്രിക്കന്‍ രാജ്യങ്ങളായ കോട്ട് ഡി ഐവയര്‍, ഗാബോണ്‍, കോംഗോ എന്നിവ യഥാക്രമം മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയിലും ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയിലും മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്ബനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു. ഏപ്രിലില്‍, മൊത്തത്തിലുള്ള മീഡിയന്‍ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ആഗോളതലത്തില്‍ ഇന്ത്യ നാല് സ്ഥാനങ്ങള്‍ താഴ്ന്നിരുന്നു 72-ല്‍ നിന്ന് 76-ാം സ്ഥാനത്തേക്കാണ് അന്ന് എത്തിയത്.

വാഷിങ്ടണ്‍: പ്രൊഫൈല്‍ ചിത്രവും ലാസ്റ്റ് സീനും മറ്റ് ചില വിവരങ്ങളും ചില ആളുകളില്‍ നിന്ന് മറയ്ക്കുന്നതിനുള്ള ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. ബീറ്റാ പതിപ്പില്‍ ലഭ്യമായിരുന്ന ഈ ഫീചര്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലോകമെമ്ബാടുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും റിലീസ് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

എല്ലാവരും കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാത്ത വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാന്‍ കഴിയും എന്ന് പുതിയ അപ്ഡേറ്റിലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാം. നിലവില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ വിശദാംശങ്ങള്‍ എന്നിവ എല്ലാവര്‍ക്കും, അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക്, അല്ലെങ്കില്‍ ആരെയും കാണിക്കാത്ത ഓപ്ഷനാണ് ഉള്ളത്. പുതിയ ഫീചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ആര്‍ക്കൊക്കെ കോണ്‍ടാക്ടിലുള്ള ആര്‍ക്കൊക്കെ കാണാമെന്ന് തീരുമാനിക്കാം.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്: WhatsApp’s Settings > Account > Privacy കടന്നുപോവുക. ഗ്രൂപ് കോളില്‍ മറ്റുള്ളവരെ നിശബ്ദമാക്കാനും നിര്‍ദിഷ്ട ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ചില ഗ്രൂപ് കോളിംഗ് ഫീചറുകളും വാട്‌സ്ആപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് ഇറക്കാനൊരുങ്ങുകയാണ് അഡോബി. അഡോബിയുടെ സൗജന്യ പുതിയ പതിപ്പ് തന്നെയായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. വെബ് പതിപ്പിനായി സൗജന്യ ട്രയലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് അഡോബി.

കാനഡയിലെ ചില ഉപയോക്താക്കള്‍ സൗജന്യ ട്രയലുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ഫ്രീമിയം എന്നാണ് അഡോബിയുടെ ഈ സേവനം അറിയപ്പെടുക. ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമുണ്ടെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭ്യമാകില്ല. എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ പറ്റുന്നതാണ് ഫോട്ടോഷോപ്പ്. പക്ഷേ ഫോട്ടോഷോപ്പിന്റെ കൂടുതല്‍ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാന്‍ സബ്സ്‌ക്രിപ്ഷന്‍ വേണ്ടിവരും. മികച്ച സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ സബ്സ്‌ക്രിപ്ഷന്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ജനങ്ങളെ അഡോബി പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വരിക്കാരെ എണ്ണം കൂട്ടുന്നതിനുമുള്ള കമ്ബനിയുടെ തന്ത്രമാണ് അഡോബിയുടെ സൗജന്യ സേവനതന്ത്രം.

പ്ലേ സ്റ്റോറില്‍ നിരവധി വെബ് അധിഷ്ഠിത ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ സൗജന്യ പതിപ്പ് ലഭ്യമാണ്. സൗജന്യ സേവനത്തിന് പകരമായി പല ആപ്പുകളും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിലവില്‍ അഡോബിയുടെ സൗജന്യ പതിപ്പ് ലഭ്യമാകുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. ‘ഫ്രീമിയം’ പതിപ്പ് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എഡിറ്റിങ് ആപ്പുകള്‍ക്ക് ഇവിടെ ഉപയോക്താക്കള്‍ ഉള്ളതിനാല്‍ ഇന്ത്യയിലും പുതിയ പതിപ്പ് എത്തിയേക്കാന്‍ സാധ്യതയുണ്ട്.

മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി മുതല്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാകും. മൈക്രോസോഫ്റ്റ് 365-ന്റെ വ്യക്തിഗത, കുടുബഉപഭോക്താക്കള്‍ക്ക് ആണ് ഈ സേവനം ലഭ്യമാകുന്നത്. വിന്‍ഡോസ്, മാക്ഓഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പിന്‍ബലം ലഭിക്കും.

മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഉപയോഗികാന്‍ അധികച്ചെലവൊന്നും ഉണ്ടാവില്ല. ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൈക്രോസോഫ്റ്റ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍, മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കളല്ലാത്തവര്‍ക്ക് ഡിഫന്‍ഡര്‍ ഫോര്‍ ഇന്‍ഡിവിജ്യല്‍സ് വാങ്ങാന്‍ സാധിക്കില്ല. ഇവര്‍ക്ക് 30 ദിവസത്തെ ട്രയല്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

ഓരോ സെക്കന്‍ഡിലും 921 പാസ് വേഡ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. റാന്‍സം വെയര്‍ ഭീഷണികള്‍ സ്ഥിരം ഇരകളില്‍ നിന്ന് മാറി ചെറുകിട വ്യവസായങ്ങളേയും കുടുംബങ്ങളേയും ലക്ഷ്യമിടുന്നത് നമ്മള്‍ കാണുന്നു. കുറ്റവാളികള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്‌ബോള്‍ നമ്മള്‍ നമ്മുടെ വ്യക്തിഗത പ്രതിരോധവും ശക്തിപ്പെടുത്തേണ്ടി വരും- മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് വൈസ് പ്രസിഡന്റായ വസു ജക്കല്‍ പറഞ്ഞു.

വിന്‍ഡോസ് ബീറ്റയില്‍ ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചറുമായി വാട്ട്സ്ആപ്പ്. Android, iOS എന്നിവയ്ക്കായുള്ള WhatsApp ബീറ്റയില്‍ ഇതിനകം ലഭ്യമായ ഈ പ്രവര്‍ത്തനം, ചാറ്റ് വിന്‍ഡോയിലൂടെ അയയ്ക്കുന്ന തുടര്‍ച്ചയായ ഫോട്ടോകളും വീഡിയോകളും തരംതിരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ഉപയോക്താക്കള്‍ തുടര്‍ച്ചയായി മൂന്നില്‍ കൂടുതല്‍ ഫോട്ടോകളോ വീഡിയോകളോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്‌ബോള്‍, സ്‌ക്രോള്‍ പാഴാകാതിരിക്കാന്‍ വാട്ട്സ്ആപ്പ് അവയെ സ്വയമേവ ഒരു ആല്‍ബത്തിലേക്ക് ഗ്രൂപ്പുചെയ്യുന്നു. ആല്‍ബത്തില്‍ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ശേഖരവും കാണാന്‍ കഴിയും. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് അതിന്റെ യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോം (യുഡബ്ല്യുപി) പതിപ്പിലൂടെയാണ് ഫീച്ചര്‍ പുറത്തിറക്കുന്നത്.

വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ ട്രാക്കര്‍ WABetaInfo- ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, Windows ബീറ്റയില്‍ ഓട്ടോമാറ്റിക് ആല്‍ബങ്ങള്‍ക്കുള്ള പിന്തുണ WhatsApp ചേര്‍ക്കുന്നു. ഈ അപ്ഡേറ്റ് ഉപയോഗിച്ച്, ഒരു ചാറ്റില്‍ തുടര്‍ച്ചയായി പങ്കിടുന്ന മീഡിയ ഒരൊറ്റ ആല്‍ബമായി സംഘടിപ്പിക്കപ്പെടും. റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് തുടര്‍ച്ചയായി മൂന്നില്‍ കൂടുതല്‍ ഫോട്ടോകളോ വീഡിയോകളോ ലഭിക്കുമ്‌ബോള്‍, ആപ്പിന്റെ UWP പതിപ്പ് ഉപയോഗിക്കുമ്‌ബോള്‍ അതിന്റെ പൂര്‍ണ്ണ ശേഖരം കാണുന്നതിന് അവര്‍ക്ക് സ്വയമേവയുള്ള ആല്‍ബത്തില്‍ ടാപ്പുചെയ്യാനാകും. യാന്ത്രിക ആല്‍ബങ്ങളുടെ സവിശേഷത കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. Microsoft Store- ല്‍ നിന്ന് Windows ബീറ്റ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ് . എന്നിരുന്നാലും, Android, iOS എന്നിവയ്ക്കായുള്ള WhatsApp ബീറ്റയില്‍ ഈ പ്രവര്‍ത്തനം ഇതിനകം തന്നെയുണ്ട്.

ട്വിറ്ററിന് ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും, അതിനാല്‍ സാമ്ബത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്നും ഇലോണ്‍ മസ്‌ക്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസ്‌കിന്റെ വാക്കുകള്‍ ട്വിറ്ററിലെ ജോലി വെട്ടികുറക്കലിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന്. അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കുമെന്നും കമ്ബനിക്ക് ആരോഗ്യം ലഭിക്കേണ്ടതുണ്ടെന്നുമാണ് മസ്‌ക് മറുപടി നല്‍കിയത്.

ആളുകളുടെ എണ്ണം കുറച്ച് യുക്തിസഹമാക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ ഭാവിയില്‍ ട്വിറ്ററിന് വളരാന്‍ കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം സെറ്റപ്പ്, ബൈഔട്ട് ഡീല്‍ എന്നിവയെക്കുറിച്ചും മീറ്റിംഗില്‍ മസ്‌ക് സംസാരിച്ചു.

ഒരു ഗ്രൂപ്പില്‍ 512 പേരെ വരെ ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.

പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍ മെയില്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഫീച്ചര്‍ ലഭ്യമാണ്.

ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പതിപ്പുകള്‍ അതിവേഗം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ പ്രധാന അപ്ഡേറ്റാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍. ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകും. നിലവില്‍ ഗ്രൂപ്പില്‍ ചേര്‍ക്കാവുന്ന പരാമവധി അംഗങ്ങളുടെ എണ്ണം 256 ആണ്.