ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തു നിൽക്കുന്നവരാണോ; നേരിടേണ്ടി വരുന്നത് ഈ പ്രതിസന്ധികൾ

കോട്ടയം: കോട്ടയം ജില്ലയിൽ ലേണേഴ്‌സ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തു നിൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. മുടങ്ങിക്കിടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പുന:രാരംഭിച്ചാലും പകുതിയിലേറെപ്പേർക്കും ലൈസൻസ് സ്വന്തമാക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. ഇങ്ങനെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ വിദേശത്തേക്ക് പോകേണ്ടവരും ഉൾപ്പെടുന്നുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ലേണേഴ്‌സ് പാസായത് 1450 രൂപ ഫീസടച്ചാണ്. ആറുമാസത്തിനകം ലൈസൻസ് എടുത്തില്ലെങ്കിൽ 300 രൂപ അടച്ച് വീണ്ടും പുതുക്കണം. ഡ്രെവിംഗ് ടെസ്റ്റ് നടക്കുന്നില്ലെങ്കിലും ആർ ടി ഓഫീസിൽ ലേണേഴ്‌സ് ടെസ്റ്റ് തുടരുന്നുണ്ട്. ഒരു ദിവസം ശരാശരി 200 പേരാണ് കോട്ടയം ജില്ലയിൽ ലേണേഴ്‌സ് നേടുന്നത്. ഇത്രയും പേരെ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാക്കാൻ കഴിയില്ല.

ഉപരിപഠനവും ഉദ്യോഗവും മുൻനിർത്തി കേരളത്തിനും രാജ്യത്തിനും പുറത്തേയ്ക്ക് പോകാൻ കാത്തു നിൽക്കുന്ന ഒട്ടേറെപ്പേരെ ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരക്കാരിൽ ചിലർ ടെസ്റ്റിന് നിൽക്കാതെ തന്നെ വിദേശത്തേക്ക് പോകുകയും ചെയ്തു. ഇവർക്ക് ലൈസൻസ് എടുക്കണമെങ്കിൽ വീണ്ടും പണം കൊടുത്ത് പരിശീലിക്കണം.