തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷത്തിനിടെ വ്യത്യസ്ത റാങ്കിലുള്ള 30 പോലീസുകാർ മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതായി റിപ്പോർട്ട്. കേരള പോലീസിൽ ഏറ്റവും കൂടുതൽ പേർ ജീവനൊടുക്കിയതും ജോലിക്കിടയിലെ മാനസിക സമ്മർദ്ദത്തെ തുടർന്ന് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃശ്ശൂർ കേരള പോലീസ് അക്കാദമി ഡയറക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരമാണ് ഈ പഠനം നടത്തിയത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ജോലി സ്ഥലത്തെ പ്രശ്നങ്ങളും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും അമിതമായ ജോലിഭാരവും ആണ് പ്രധാനമായ ജോലി സമ്മർദ്ദങ്ങളായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ കീഴുദ്യോഗസ്ഥരെ വഴക്കു പറയുക, ജോലി സ്ഥലവും വീടും തമ്മിലുള്ള അകൽച്ച, സഹപ്രവർത്തകരുടെ സഹകരണ കുറവ് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ 10 വർഷത്തിനുള്ളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേന, തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്ക്വാഡ്, എറണാകുളം, കോഴിക്കോട് ക്രൈം ബ്രാഞ്ച്, കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ, മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അതേസമയം പോലീസുകാരുടെ ആത്മഹത്യയും സ്വയം വിരമിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവേഷണം നടത്താനും പരിഹാരം തേടിയുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനും ലക്ഷ്യമിട്ട് പോലീസ് അക്കാദമിയിൽ ആരംഭിച്ച പോലീസ് റിസർച്ച് സെന്റർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ശക്തമാകുന്നുണ്ട്.

