ന്യൂഡൽഹി: ബാറ്റിൽ റൊയേൽ ഗെയിം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിഗ്മി)യുടെ വിലക്ക് അധികം വൈകാതെ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ഗെയിമിംഗ് ആപ്പിനുള്ള വിലക്ക് നീക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചില മാറ്റങ്ങളോടുകൂടി നിശ്ചിത കാലത്തേക്ക് ബിഗ്മിയുടെ നിരോധനം നീക്കാൻ സർക്കാർ തീരുമാനിച്ചതായും സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾക്ക് ഗെയിം ഡെവലപ്പർ തയ്യാറായ്യെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഗെയിം കളിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തുന്നതുൾപ്പടെയുള്ള മാറ്റങ്ങൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.
ഗെയിമിൽ കാണിക്കുന്ന രക്തപ്പാടുകളുടെ നിറം മാറ്റും. നേരത്തെ ചുവപ്പ് നിറത്തിലുള്ള രക്തപ്പാടുകൾ പച്ചനിറത്തിലേക്ക് ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യം ഗെയിമിൽ ഉണ്ടായിരുന്നു. എന്നാൽ, പച്ചനിറം മാത്രമായിരിക്കും പുതിയ പതിപ്പിൽ ഉണ്ടാവുക.
ഇക്കാര്യത്തിൽ ബിഗ്മി ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പബ്ജി ഗെയിമിന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ്മി. 2022 ജൂലായ് 28 നാണ് ബിഗ്മിയെ നിരോധിച്ചത്.

