ആറ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: ആറ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഖലിസ്താന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനലുകള്‍ കേന്ദ്രം പൂട്ടിച്ചത്.

പഞ്ചാബില്‍ അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ‘വാരിസ് പഞ്ചാബ്’ പ്രക്ഷോഭത്തിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. പഞ്ചാബി ഭാഷയിലുള്ള യൂട്യൂബ് ചാനലുകളാണ് പൂട്ടിയത്. വിദേശത്തു നിന്നാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് അപൂര്‍വ ചന്ദ്ര അറിയിച്ചു.

അതേസമയം, നടപടി സ്വീകരിച്ച ചാനലുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പത്തു ദിവസം മുന്‍പാണ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര-വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചാനലുകള്‍ക്കെതിരെ യൂട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. കൃത്രിമബുദ്ധിയും മറ്റ് അല്‍ഗോരിതങ്ങളും ഉപയോഗിച്ച് അപകടകരമായ ഉള്ളടക്കമുള്ള ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.