നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ സ്പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായി

നൂറ് കണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങളാണ് ഇപ്പോള്‍ സ്പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അതിനാല്‍ ഇഷ്ടഗാനങ്ങളൊക്കെയും പെട്ടെന്ന് കേള്‍ക്കുന്നതിന് പ്ലേലിസ്റ്റ് ഉള്‍പ്പടെ തയ്യാറാക്കി വച്ചിരിക്കുന്ന ആസ്വാദകരെല്ലാം ഞെട്ടലിലാണ്.

ബാജിറാവു മസ്താനിയിലെ മല്‍ഹാരി, ബാര്‍ ബാര്‍ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, മിഷന്‍ മംഗള്‍, ത്രീ ഇഡിയറ്റ്സ്, ജഴ്സി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുള്‍പ്പടെ കാണാതായവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാര്‍ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്പോട്ടിഫൈ അധികൃതരുടെ പ്രതികരണം. പുതിയ കരാറില്‍ ഏര്‍പ്പെടാനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സ്പോട്ടിഫൈ ഉപയോക്താക്കള്‍ ട്വിറ്ററിലുള്‍പ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.