Technology (Page 28)

ഇന്ത്യയിൽ പുത്തൻ സാദ്ധ്യതകൾ കണ്ടെത്താൻ ഒരുങ്ങി ആപ്പിൾ. ആപ്പിളിന്‍റെ ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം ഇന്ത്യയിലും ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിൾ പേ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയിലെ യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് ഉള്‍പ്പെടുത്തി ആയിരിക്കും ആപ്പിള്‍ പേ പ്രവര്‍ത്തനം എന്ന് സൂചനയുണ്ട്. ആപ്പിൾ പേ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാനും യുപിഐ വഴി പേയ്‌മെന്റുകൾ നടത്താനും ആപ്പിള്‍ പേ അവസരം ഒരുക്കും. നിരവധി രാജ്യങ്ങളിൽ ആപ്പിൾ പേ ഇതിനകം ലഭ്യമാണെങ്കിലും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലെ ആപ്പിള്‍ പേയുടെ കടന്നുവരവ് വലിയ കുതിപ്പാണ് ആപ്പിളിന് നല്‍കുക.

യുപിഐ ആദ്യം തന്നെ തങ്ങളുടെ ഇന്ത്യന്‍ ലോഞ്ചിംഗില്‍ ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് യുപിഐ വഴി നടന്നത്. ഇതിന്‍റെ കുറച്ച് ശതമാനമാണ് ആപ്പിള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.

അര്‍ധചാലക ചിപ്പുകളുടെ നിർമ്മാണം അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കും. അമേരിക്കന്‍ കമ്പനിയായ മൈക്രോണ്‍ ടെക്നോളജിയാണ് ചിപ്പുകൾ നിമ്മിക്കുക. ഗുജറാത്തിലെ സാനന്ദില്‍ ആണ് ചിപ്പുകൾ നിർമ്മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുക. 2024 ഡിസംബറില്‍ ചിപ്പുകളുടെ നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനവേളയിലാണ് ഇന്ത്യയില്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ അര്‍ധചാലക നിര്‍മാണരംഗത്ത് ലോകത്തിലെ അഞ്ചു മുന്‍നിര കമ്പനികളിലൊന്നാണ് മൈക്രോണ്‍ ടെക്നോളജിയുമായി ധാരണയായത്. നാല് പതിറ്റാണ്ടായി അർദ്ധചാലക ചിപ്പ് നിർമ്മിക്കുവാൻ ഇന്ത്യ ശ്രമങ്ങൾ തുടങ്ങിയിട്ട്.

ആഗോളതലത്തില്‍ 54 ശതമാനം അര്‍ധചാലക ചിപ്പുകളും നിര്‍മിക്കുന്നത് തയ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയാണ് (ടി.എസ്.എം.സി.). ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് 17 ശതമാനം നിര്‍മാണത്തോടെ രണ്ടാംസ്ഥാനത്ത്. ചിപ്പ് നിര്‍മാണത്തിന്റെ 63 ശതമാനവും തയ്വാന്‍ കമ്പനികളാണ്. ഇലക്ട്രോണിക് ഉത്പന്നങ്ങളിലും വാഹനങ്ങളിലുമെല്ലാം അവശ്യഘടകമായി മാറിയ അര്‍ധചാലക ചിപ്പുകള്‍ നിര്‍മിക്കാന്‍ വന്‍ മൂലധനച്ചെലവും അതിസങ്കീര്‍ണമായ സാങ്കേതികവിദ്യയും ആവശ്യമാണ്.

ന്യൂഡൽഹി: ആപ്പിളിന്റെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഉടൻ ഇന്ത്യയിലും അവതരിപ്പിച്ചേക്കും. ഇക്കാര്യം സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് വിവരം. ആപ്പിൾ പേയുടെ പ്രവർത്തനം ഇന്ത്യയിലെ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉൾപ്പെടുത്തി ആയിരിക്കും എന്ന് സൂചനകളും പുറത്തുവരുന്നുണ്ട്.

ആപ്പിൾ പേ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാനും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പേയ്മെന്റുകൾ നടത്താനുമുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആപ്പിളിന്റെ നീക്കം ഫോൺപേയ്ക്കും ഗൂഗിൾ പേയ്ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ക്രെഡിറ്റ് സംവിധാനങ്ങളും ആപ്പിൾ അവതരിപ്പിച്ചേക്കാനിടയുണ്ട്. അതേസമയം, രാജ്യത്ത് ആപ്പിൾ ഉപകരണങ്ങളുടെ വിൽപ്പന കുത്തനെ ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ തന്നെ ഐഫോൺ നിർമ്മാണം ശക്തമായി തുടരാനാണ് ആപ്പിളിന്റെ തീരുമാനം.

ലിങ്കുകള്‍ മുഖാന്തരമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഇമെയില്‍, വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ മുഖാന്തരമാണ് ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകള്‍ ലഭിക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന വിധം വിവിധ ഓഫറുകള്‍ നല്‍കുന്നതിനാല്‍ മിക്ക ആളുകളും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും, കെണിയിലാകുകയും ചെയ്യുന്നു.

അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നതാണ്. അതിനാല്‍, സംശയാസ്പദമായ രീതിയില്‍ എത്തുന്ന ഒരു ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് ലിങ്കുകളോട് പ്രതികരിച്ച് വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണെന്നും, ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെടുകയും, ആത്മഹത്യയുടെ വക്കിലെത്തുകയും ചെയ്യുന്ന നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

ക്രിയേറ്റേഴ്‌സിന്റെ പേജില്‍ വരുന്ന പരസ്യങ്ങള്‍ക്ക് പണം നല്‍കുമെന്നും ഇതിനായി അഞ്ച് മില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്നും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് അറിയിച്ചു.

എന്നാല്‍, വെരിഫൈഡ് ക്രിയേറ്റേഴ്‌സിന് മാത്രമേ പണം ലഭിക്കുകയുള്ളു, വെരിഫൈഡ് അക്കൗണ്ടില്‍ വരുന്ന പരസ്യങ്ങള്‍ മാത്രമേ ട്വിറ്റര്‍ ഇതിനായി പരിഗണിക്കുകയുള്ളു. ക്രിയേറ്റേഴ്‌സ് നിര്‍ബന്ധമായും വെരിഫൈഡ് ആയിരിക്കണം, വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ പരസ്യം നല്‍കുകയുള്ളു’ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് യു.പി.ഐയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമായി നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇതിലൂടെ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് യു.പി.ഐ സേവനങ്ങളിലേക്ക് ലോഗ് ഇന്‍ ചെയ്യാം. ഇത്തരത്തില്‍ ചെയ്യുമ്‌ബോള്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.

നിലവില്‍ ചില ബാങ്കുകള്‍ മാത്രമാണ് ഈ സേവനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ പുതിയ സേവനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം, ഇതിനോടൊപ്പം ബാങ്കിലും ആധാര്‍ സൈറ്റിലും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ ഒന്നായിരിക്കുകയും വേണം. പുതിയ സേവനം ലഭിക്കുന്നതിനായി ആദ്യം ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത് യു.പി.ഐ ഓണ്‍ബോര്‍ഡിങ് ഓപ്ഷനില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഓണ്‍ബോര്‍ഡിംഗ് തെരഞ്ഞെടുക്കുക. ശേഷം ആധാര്‍ നമ്ബറിന്റെ ആദ്യ ആറ് അക്കങ്ങള്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന് ശേഷം യു.പി.ഐ പിന്‍ സെറ്റ് ചെയ്യാനും സാധിക്കും.

യുപിഐ ആക്ടിവേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി ഇടപാടുകള്‍ നടത്താനും ബാലന്‍സ് പരിശോധിക്കാനും കഴിയും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) കണക്കുകള്‍ പ്രകാരം രാജ്യത്ത് 99.9% പേര്‍ക്കും ആധാര്‍ നമ്ബര്‍ ഉണ്ട്, മാസത്തില്‍ ഒരിക്കലെങ്കിലും അത് ഉപയോഗിക്കുന്നുമുണ്ട്. ഭൂരിഭാഗം പേര്‍ക്കും ആധാര്‍ കാര്‍ഡുള്ളതിനാല്‍, കൂടുതല്‍ ഉപേഭോക്താക്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷ.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ സൊമാറ്റോ.

ഉല്‍പ്പന്നങ്ങളുടെ ഫോട്ടോഗ്രാഫി, ഉപഭോക്തൃ പിന്തുണ തുടങ്ങിയവയ്ക്ക് പുറമേ, സെര്‍ച്ച്, നോട്ടിഫിക്കേഷന്‍ തുടങ്ങിയ മറ്റ് നിരവധി ഫീച്ചറുകളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിക്കാനാണ് സൊമാറ്റോയുടെ നീക്കം.

ഇന്ന് ഭൂരിഭാഗം കമ്ബനികളും സേവനം മെച്ചപ്പെടുത്തുന്നതിനായി എഐ ടൂളുകളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും, ഡാറ്റാ സയന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് ജോലികള്‍ക്കായി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ സൊമാറ്റോ പദ്ധതിയിടുന്നുണ്ട്. ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ആരംഭിച്ചത് മുതല്‍ പല കമ്ബനികളും എഐ ടൂളുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് പിന്നാലെയാണ്.

വാട്‌സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് ഇനി എച്ച്ഡി ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.

വാബീറ്റഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസിലെയും ആന്‍ഡ്രോയിഡിലെയും വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ മറ്റുള്ളവര്‍ക്ക് ഫോട്ടോകള്‍ അയയ്ക്കുമ്‌ബോള്‍ ഒരു പുതിയ എച്ച്ഡി ഫോട്ടോ ഗുണനിലവാര ഓപ്ഷന്‍ അവതരിപ്പിച്ചു. സാധാരണയായി ഉപയോക്താക്കള്‍ ചിത്രങ്ങള്‍ അയക്കുമ്‌ബോള്‍ വാട്ട്‌സ്ആപ്പ് അവ കംപ്രസ്സുചെയ്യുന്നു, എന്നാല്‍ പുതിയ സവിശേഷതയോടെ ഉയര്‍ന്ന റെസല്യൂഷനില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ കഴിയും.

പുതിയ ഫീച്ചര്‍ ഇമേജ് ഡയമെന്‍ഷന്‍ സംരക്ഷിക്കുമ്‌ബോള്‍ ലൈറ്റ് കംപ്രഷന്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഫോട്ടോകള്‍ യഥാര്‍ത്ഥ റെസല്യൂഷനില്‍ അയയ്ക്കില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങള്‍ ഒരു ഫോട്ടോ പങ്കിടുമ്‌ബോള്‍, ഡിഫോള്‍ട്ട് ഓപ്ഷന്‍ എല്ലായ്‌പ്പോഴും ‘സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി’ ആയി സജ്ജീകരിക്കും, ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രം അയയ്ക്കാന്‍ നിങ്ങള്‍ എച്ച്ഡി ബട്ടണില്‍ ക്ലിക്കുചെയ്യേണ്ടിവരും. വാട്ട്‌സ്ആപ്പ് മെസേജ് ബബിളിലേക്ക് ഒരു പുതിയ ടാഗും ചേര്‍ക്കുന്നു, ഈ ഫീച്ചര്‍ ഉപയോഗിച്ച് ഒരു ഫോട്ടോ എപ്പോള്‍ അയയ്ക്കുന്നുവെന്ന് സ്വീകര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കുന്നു. എച്ച്ഡി ഫോട്ടോകള്‍ അയയ്ക്കാനുള്ള കഴിവ് സംഭാഷണങ്ങള്‍ക്കിടെ പങ്കിടുന്ന ചിത്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് ആപ്പിനെ തന്നെ തകരാറിലാക്കുന്ന പുതിയ ബഗ്ഗുകള്‍ വാട്‌സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്നതായി കണ്ടെത്തല്‍. ഉപഭോക്താക്കള്‍ ഗ്രൂപ്പ് ചാറ്റ്, വ്യക്തിഗത ചാറ്റ് എന്നിവ ഉപയോഗിക്കുമ്‌ബോഴാണ് ബഗ്ഗ് ട്രിഗര്‍ ചെയ്യുന്നത്.

പ്രധാനമായും wa.me/settings എന്ന ലിങ്ക് ഉപഭോക്താക്കള്‍ തുറക്കുമ്‌ബോഴാണ് ബഗ്ഗ് ട്രിഗര്‍ ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ ബഗ്ഗുകള്‍ ഫോണില്‍ പ്രവേശിക്കുന്നതോടെ, ആപ്പ് തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിക്കുന്നതുമാണ്. ആന്‍ഡ്രോയ്ഡിലെ വാട്‌സ്ആപ്പിന്റെ 2.23.10.77 പതിപ്പിനെയാണ് ബഗ്ഗ് ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മറ്റ് വേര്‍ഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നിലവില്‍, വാട്‌സ്ആപ്പിന്റെ ബ്രൗസര്‍ പതിപ്പായ വാട്‌സ്ആപ്പ് വെബ്ബിനെ ഈ ബഗ്ഗ് ബാധിച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള ‘മോജോ സ്റ്റോറി’ എന്ന യൂട്യൂബ് ചാനലില്‍ നിന്നും നഷ്ടമായ വീഡോയകള്‍ തിരിച്ചെടുത്തു. ട്വിറ്ററിലൂടെ ബര്‍ഖ ദത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം മുഴുവന്‍ ഡിലീറ്റ് ചെയ്തതായി ബര്‍ഖ ദത്ത് പറഞ്ഞിരുന്നു. പ്രൊഫൈല്‍ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു. ഇപ്പോള്‍ വീഡിയോകളടക്കമുള്ള ഡാറ്റകള്‍ തിരിച്ചെടുത്തതായി ബര്‍ഖ ദത്ത് പറഞ്ഞു.

ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാന്‍ യു ട്യൂബിനോട് പലതവണ അഭ്യര്‍ഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബര്‍ഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു.

കോവിഡ് കാലത്തെ മൂന്ന് വര്‍ഷത്തെ വിഡിയോ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നാല് വര്‍ഷത്തെ 11,000 വിഡിയോകള്‍ ചാനലില്‍ ഉണ്ടായിരുന്നു. ‘നാല് വര്‍ഷത്തെ രക്തവും അധ്വാനവും വിയര്‍പ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്’, യു ട്യൂബ് സി.ഇ.ഒ നീല്‍ മോഹനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ ബര്‍ഖ ദത്ത് കുറിച്ചു. ആരോ എന്റെ ഹൃദയത്തിലൂടെ കത്തി കുത്തിയിറക്കിയതായി എനിക്ക് തോന്നുന്നെന്നും എനിക്ക് പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണെന്നും അവര്‍ പ്രതികരിച്ചു.