മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള ‘മോജോ സ്റ്റോറി’ എന്ന യൂട്യൂബ് ചാനലില്‍ നിന്നും നഷ്ടമായ വീഡോയകള്‍ തിരിച്ചെടുത്തു. ട്വിറ്ററിലൂടെ ബര്‍ഖ ദത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം മുഴുവന്‍ ഡിലീറ്റ് ചെയ്തതായി ബര്‍ഖ ദത്ത് പറഞ്ഞിരുന്നു. പ്രൊഫൈല്‍ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു. ഇപ്പോള്‍ വീഡിയോകളടക്കമുള്ള ഡാറ്റകള്‍ തിരിച്ചെടുത്തതായി ബര്‍ഖ ദത്ത് പറഞ്ഞു.
ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാന്‍ യു ട്യൂബിനോട് പലതവണ അഭ്യര്‍ഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബര്‍ഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു.
കോവിഡ് കാലത്തെ മൂന്ന് വര്‍ഷത്തെ വിഡിയോ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നാല് വര്‍ഷത്തെ 11,000 വിഡിയോകള്‍ ചാനലില്‍ ഉണ്ടായിരുന്നു. ‘നാല് വര്‍ഷത്തെ രക്തവും അധ്വാനവും വിയര്‍പ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്’, യു ട്യൂബ് സി.ഇ.ഒ നീല്‍ മോഹനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ ബര്‍ഖ ദത്ത് കുറിച്ചു. ആരോ എന്റെ ഹൃദയത്തിലൂടെ കത്തി കുത്തിയിറക്കിയതായി എനിക്ക് തോന്നുന്നെന്നും എനിക്ക് പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണെന്നും അവര്‍ പ്രതികരിച്ചു.

