ആപ്പിളിന്റെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഉടൻ ഇന്ത്യയിലും അവതരിപ്പിച്ചേക്കും; ഫോൺപേയ്ക്കും ഗൂഗിൾ പേയ്ക്കും തിരിച്ചടി

ന്യൂഡൽഹി: ആപ്പിളിന്റെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഉടൻ ഇന്ത്യയിലും അവതരിപ്പിച്ചേക്കും. ഇക്കാര്യം സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് വിവരം. ആപ്പിൾ പേയുടെ പ്രവർത്തനം ഇന്ത്യയിലെ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉൾപ്പെടുത്തി ആയിരിക്കും എന്ന് സൂചനകളും പുറത്തുവരുന്നുണ്ട്.

ആപ്പിൾ പേ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാനും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പേയ്മെന്റുകൾ നടത്താനുമുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആപ്പിളിന്റെ നീക്കം ഫോൺപേയ്ക്കും ഗൂഗിൾ പേയ്ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ക്രെഡിറ്റ് സംവിധാനങ്ങളും ആപ്പിൾ അവതരിപ്പിച്ചേക്കാനിടയുണ്ട്. അതേസമയം, രാജ്യത്ത് ആപ്പിൾ ഉപകരണങ്ങളുടെ വിൽപ്പന കുത്തനെ ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ തന്നെ ഐഫോൺ നിർമ്മാണം ശക്തമായി തുടരാനാണ് ആപ്പിളിന്റെ തീരുമാനം.