ന്യൂഡൽഹി: ചന്ദ്രയാൻ 3ൽ നിന്നുള്ള ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഐഎസ്ആർഒയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇന്നലെ രാത്രി ഏഴുമണിക്കാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത്.
ബാംഗ്ലൂരിലെ ഓപ്പറേഷൻ മിഷൻ കോംപ്ളക്സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് താഴ്ത്തിയത്. ആഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകർഷണവലയത്തിൽ നിന്ന് പുറത്തുചാടിയ ചന്ദ്രയാൻ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തിയിരുന്നില്ല. ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് അടുക്കുന്ന പ്രക്രിയ തുടങ്ങൂ. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17ന് പേടകത്തിൽ നിന്ന് ലാൻഡർ മൊഡ്യൂളിനെ പുറത്തിറക്കും. പിന്നീടുള്ള ദിവസങ്ങളിൽ ചന്ദ്രനിൽ പതിയെ ഇറങ്ങാൻ പറ്റിയ സ്ഥലം ലാൻഡർ മൊഡ്യൂൾ പരിശോധിക്കും. സ്ഥലം കണ്ടെത്തിയാൽ ഇറങ്ങാനുള്ള വട്ടം കൂട്ടും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47ഓടെ ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പതിയെ ഇറങ്ങും.
പിന്നീട് ലാൻഡറിലെ വാതിൽ തുറന്ന് റോവർ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും.ജൂലായ് 14നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ പറന്നുയർന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണിത്.

