Technology (Page 108)

കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. ഇനിമുതല്‍ മെറ്റ (Meta) എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുക. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ല.എന്നാല്‍ ഈ ആപ്പുകളുടെ ഉടമസ്ഥാവകാശമുള്ള മാതൃക കമ്പനി ഇനി അറിയപ്പെടുക മെറ്റ എന്ന പേരിലായിരിക്കുമെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

പേര് മാറ്റിയതിന് പിന്നാലെ പുതിയ ലോഗോയും കമ്പനി പുറത്തുവിട്ടു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്താണ് കമ്പനി പുതിയ ലോഗോം അനാച്ഛാദനം ചെയ്തത്. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.

പേര്‌ മാറ്റുന്നതിലൂടെ കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

സ്ഥാപനം വെറുമൊരു സോഷ്യല്‍ മീഡിയ കമ്പനി എന്ന തരത്തില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരു മാറ്റമെന്ന് കമ്പനിയുടെ വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സ് ലൈവ് സ്ട്രീമിങ്ങിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു. ഈ മാറ്റത്തോടെ ഒരു പുതിയ ബ്രാന്‍ഡിന് കീഴില്‍ തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒത്ത് ചേരും. എന്നാല്‍ അതിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തില്ലെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ വന്‍ വര്‍ധനവ്. 53.1 ബില്യണ്‍ ഡോളറാണ് മൂന്നാം പാദത്തില്‍ ഗൂഗിളിന്റെ പരസ്യ വരുമാനമായി ലഭിച്ചത്. ഇത്തവണ മറ്റ് എല്ലാം ടെക് കമ്പനികളേക്കാളുമധികം കടത്തിവെട്ടി ഏറ്റവും കൂടുതല്‍ പരസ്യ വരുമാനമുണ്ടാക്കിയത് ഗൂഗിളാണ്.

ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, യുട്യൂബ് വീഡിയോ സര്‍വീസ്, മറ്റ് വെബ് പാര്‍ട്ട്‌നര്‍ഷിപ്പുകള്‍ എന്നിവ വഴിയാണ് കമ്പനി ലാഭമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ സേവനങ്ങളുടെ ഡിമാന്റ് വന്‍തോതില്‍ വര്‍ധിച്ചത്. 63.336 ബില്യണ്‍ എന്ന ശരാശരി വരുമാനത്തില്‍ നിന്നും 65.1 ബില്യണ്‍ എന്ന നിലയിലേയ്ക്കാണ് ആല്‍ഫബെറ്റ് കമ്പനിയുടെ മൊത്തം വരുമാനവും ഉയര്‍ന്നത്.

പരസ്യ ബിസിനസിലൂടെ മൊബൈല്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിലും ബ്രൗസിങ് നിരീക്ഷിക്കുന്നതിലും വന്ന നിയന്ത്രണങ്ങള്‍ ഗൂഗിള്‍ മറികടന്നു എന്നാണ് വരുമാന വര്‍ധനവ് തെളിയിക്കുന്നത്.

നെറ്റ്ഫ്ലിക്സിലെ സ്‌ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്‌ക്വിഡ് ഗെയിം ആപ്പുകളും ഇപ്പോള്‍ വളരെയധികം പ്രചാരം നേടുന്നുണ്ട്.എന്നാല്‍ ഈ ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടെന്നും ഇത് ഉപഭോക്താക്കളെ കെണിയിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതിനോടകം തന്നെ സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ എന്ന പേരിലുള്ള ആപ്പുകള്‍ മാല്‍വെയറുകള്‍ പരിശോധിക്കുന്ന ഒരു കമ്പനി ഫ്ളാഗ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയപ്പെടുന്നു.

ഈ ആപ്പിന്റെ പേര് സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ 4 കെ എച്ച്ഡി എന്നാണ്. കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ ഈ ആപ്പ് വഴി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്ന ആരും കെണിയില്‍ വീഴാം. ഇതിലൂടെ ഉപഭോക്താവിന്റെ വ്യക്തഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതുവഴി ചോര്‍ത്താന്‍ പറ്റും. സ്‌ക്വിഡ് ഗെയിമിനെ ആധാരമാക്കി 200 ലധികം നിരവധി ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉളളത്. ‘Squid Games-The Game’, പ്രശസ്തമായ റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ഗെയിമും നിരവധി പേരാണ് ഡൌണ്‍ലോഡ് ചെയ്തത്.

യുട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെതിരെ വലിയൊരു ഫിഷിംഗ് ക്യാമ്പയിന്‍ നടക്കുന്നതായി ഗൂഗിളിന്റെ മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹൈജാക്ക് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഹാക്കര്‍മാര്‍ ചാനലുകള്‍ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്നും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു

അതേസമയം, ഹൈജാക്ക് ചെയ്യപ്പെട്ട നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തട്ടിപ്പ് നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് ഗൂഗിള്‍.

ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ക്യാമ്പയിന്‍ നടക്കുന്നത് റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ്. അതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ തട്ടിപ്പ് നടക്കുന്നത് കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.

മുംബൈ: സര്‍ക്കാരിന് മൊബൈല്‍ ടെലികോം കമ്പനികള്‍ നല്‍കാനുള്ള വിവിധ ഫീസുകള്‍ക്ക് നാല് വര്‍ഷം സാവകാശം നല്‍കാമെന്ന വാഗ്ദാനം എയര്‍ടെലും സ്വീകരിച്ചു. വോഡഫോണ്‍ ഐഡിയയ്ക്കു പിന്നാലെയാണ് എയര്‍ടെലും ഈ വാഗ്ദാനം സ്വീകരിച്ചത്.

ഇതില്‍ ഉള്‍പ്പെടുന്നത് മൊത്തവരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസും സ്പെക്ട്രം ഫീസുമാണ്.
ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, ഈ ആനുകൂല്യങ്ങള്‍ വേണമോയെന്ന് അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ 29 വരെയാണു സമയം അനുവദിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി രേഖകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്‌. ഈ വിവാദങ്ങള്‍ക്കിടയിലും തങ്ങളുടെ ഉപഭോക്താക്കള്‍ കുറയുന്നില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും കഴിഞ്ഞ സാമ്പത്തികപാദത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി കമ്പനി അറിയിച്ചു.

അതേസമയം, ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത് സാമ്പത്തിക നേട്ടത്തിനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം മുന്‍ ജീവനക്കാരി ഫെയ്‌സ്ബുക്കിനെതിരെ നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലും ഫെസ്ബുക്ക് സാമ്പത്തികമായി മുന്നേറുകയായിരുന്നു.

17 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ അറ്റാദായത്തില്‍ ജൂലൈ-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ അറ്റാദായം എന്ന് പറയുന്നത് 919 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 785 കോടിയുടെ വര്‍ധനവാണ് ഫെസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം 2.5 ശതമാനത്തിന്റെ വര്‍ധനവ് കമ്പനിയുടെ ഓഹരി മൂല്യത്തിലും ഉണ്ടായതായി കമ്പനി അധികൃതര്‍ അറിയിച്ചു.

വരുന്ന നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ഫോണുകളില്‍ വാട്സാപ്പ് ലഭിക്കില്ല.
ആന്‍ഡ്രോയിഡ് 4.1 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലാണ് വാട്ട്‌സാപ്പ് ലഭിക്കില്ലാത്തത്. ഈ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ വാട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.

ആപ്പിള്‍ ഫോണുകളില്‍ ഐഓഎസ് 10 അല്ലെങ്കില്‍ അതിന് ശേഷം വന്ന പുതിയ ഓഎസ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമാണ് ഇനിമുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.

കായ് ഓഎസ് 2.5.0 ഓഎസില്‍ മാത്രമേ നവംബര്‍ ഒന്നിന് ശേഷം വാട്സാപ്പ് ലഭിക്കൂ. പഴയ സ്മാര്‍ട്ഫോണുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വാട്സാപ്പിലെ സുരക്ഷാ മുന്‍കരുതലെന്നോണമാണ്.വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുക കുറച്ച് നാളുകളായി വാട്‌സാപ്പ് ചെയ്യുന്നത്.

പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ നവംബര്‍ ഒന്ന് മുതല്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ആ ഫോണില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. തങ്ങളുടെ ഫോണിലെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഏതെന്ന് അറിയാന്‍ സെറ്റിങ്സ് ആപ്പ് തുറന്ന് ജനറല്‍-എബൗട്ട്-സോഫ്റ്റ് വെയര്‍ ഓപ്ഷന്‍ തുറന്നാല്‍ ഐഓഎസ് വേര്‍ഷന്‍ അറിയാന്‍ സാധിക്കുന്നതാണ്.

ബെയ്ജിങ്: ബഹിരാകാശത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചൈന.ഇതിനായി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഗ്രഹം വിക്ഷേപിച്ചിരിക്കുകയാണ് ചൈന. സിചാവുന്‍ പ്രവിശ്യയിലുള്ള ഷിചാങ് ലോഞ്ച് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം.

ഷിജിയാന്‍-21 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ചത് ലോങ് മാര്‍ച്ച് 3ബി റോക്കറ്റാണ്. പുതിയതായി ഉയര്‍ന്നുവന്ന ഒന്നാണ് ബഹിരാകാശ മാലിന്യങ്ങളും അവശിഷ്ടങ്ങളും. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിസാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.

നിരന്തരമായി വിക്ഷേപണങ്ങള്‍ നടത്തി ചൈന ബഹിരാകാശത്ത് മാലിന്യം വര്‍ധിപ്പിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു.ഇതിനിടയിലാണ് ചൈനയുടെ പുതിയ പദ്ധതി. ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം മടങ്ങിവരവില്‍ കത്തിത്തകരുന്ന റോക്കറ്റ് അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച് ഉപേക്ഷിക്കേണ്ടിവരുന്ന ഉപഗ്രഹങ്ങളുമാണ് ബഹിരാകാശ മാലിന്യമാകുന്നത്. ഇത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉയര്‍ത്തിയിരുന്നു.

ന്യൂഡല്‍ഹി: സമൂഹമാധ്യമമായ വാട്സാപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. വാട്സാപ്പ് തര്‍ക്കപരിഹാര അവകാശങ്ങള്‍ ലംഘിക്കുന്നതിലൂടെ ഇതിനകം തന്നെ ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.പുതിയ ഐടി നിയമം ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നാരോപിച്ച് വാട്സാപ്പ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനെതിരെ തിരിഞ്ഞത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഈ പ്ലാറ്റ്ഫോമുകള്‍ തങ്ങള്‍

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും അത് ഫെയ്സ്ബുക്കിനും മറ്റ് തേഡ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കായി പങ്കുവെക്കുന്ന വാട്സാപ്പ് സ്വകാര്യതയുടെ സംരക്ഷകരാണെന്ന് പറയാന്‍ നിയമപരമായി യോഗ്യരല്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സേവനങ്ങളിലും ഫെയ്സ്ബുക്കിന് ഉത്തരവാദിത്വം ഉറപ്പുവരുത്തണം.

സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് രേഖപ്പെടുത്തണമെന്നുള്ള നിര്‍ദേശത്തിനെതിരെയാണ് വാട്സാപ്പ് കോടതിയെ സമീപിച്ചത്. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് ധാര്‍മികവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് വാട്സാപ്പ് പറയുന്നു.

എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കണം എന്നല്ലെന്നും ഉള്ളടക്കങ്ങളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വാട്ട്‌സപ്പ് തയ്യാറാകണമെന്നും സര്‍ക്കാര്‍ പറഞ്ഞു. അല്ലെങ്കില്‍ അതിനുള്ള സംവിധാനമൊരുക്കണം.

ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശം ലഘിക്കുന്നതുമാണ് സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിലെ ചട്ടങ്ങള്‍ എന്ന് കാണിച്ച് വാട്സാപ്പ് നല്‍കിയ ഹര്‍ജിയില്‍ ഓഗസ്റ്റിലാണ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞത്. ഫെയ്സ്ബുക്കും ഇതേ ഹര്‍ജി നല്‍കിയിരുന്നു.

ലണ്ടന്‍: ഇ-കൊമേഴ്‌സ് ശൃംഖലയായ ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിശ്വാസഹത്യ നടത്തിയെന്ന ആരോപിച്ച് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ആഗോള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ യൂണിയന്‍ നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍. ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി ആഗോള ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ തിരയുമ്പോള്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുംവിധം സാങ്കേതികത്തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ആമസോണിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ ഉപവിഭാഗമായ ആമസോണ്‍ ബേസികിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അനര്‍ഹമായ മുന്‍ഗണന ലഭിക്കും വിധത്തില്‍ തട്ടിപ്പ് നടന്നതായി കഴിഞ്ഞയാഴ്ച വാര്‍ത്ത വന്നിരുന്നു. തെളിവ് സഹതിം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ഐ ആവശ്യപ്പെടുന്നത് ഇയു രാജ്യങ്ങളുടെ പരിധിയിലെ ആമസോണ്‍ തട്ടിപ്പ് അന്വേഷിക്കണമെന്നാണ്.

യുഎന്‍ഐ, നൂറ്റമ്പതിലേറെ രാജ്യങ്ങളിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മയാണ്. ഇതേ കേസില്‍ ആമസോണിന് ഇയു 88.6 കോടി ഡോളറും ഫ്രാന്‍സ് 3.5 കോടി യൂറോയും പിഴയിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന തിരിക്കിലാണ്ആമസോണ്‍.