Technology (Page 109)

യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോം പ്രിമീയം പ്ലാറ്റ്‌ഫോം ആക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.അതിന്റെ ആദ്യചുവടുവെയ്പ്പാണ് യൂട്യൂബിന്റെ മ്യൂസിക്ക് പ്ലാറ്റ്‌ഫോമില്‍ വരുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പില്‍ പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് ഇനിമുതല്‍ വിഡിയോ കാണാന്‍ സാധിക്കില്ലെന്നും ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ കാണാന്‍ സാധിക്കുന്നത്. പണമടച്ച് യൂട്യൂബ് പ്രീമിയം എടുക്കണം അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യണം എന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, ഫ്രീയൂസര്‍മാര്‍ക്ക് മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും സാധിക്കില്ല. എന്നാല്‍, മൂഡ് മിക്സ് വിഭാഗവും മറ്റും ഫ്രീ യൂസേഴ്സിനായി തുറന്നിടുമെന്നും പറയുന്നു. കൂടാതെ, സ്വന്തമായി മ്യൂസിക് വിഡിയോ ഫ്രീ യൂസര്‍മാര്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.

നവംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കുന്നത് കാനഡയിലായിരിക്കും. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കും.

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിക്കുന്ന സമൂഹമാധ്യമം തുടക്കത്തിലെ ഹാക്കന്മാര്‍ കൈക്കലാക്കി. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ട്രംപ് തന്റെ സംരഭത്തിന് നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിനുള്ള ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് താന്‍ ട്രൂത്ത് സോഷ്യല്‍ ആരംഭിക്കുന്നതെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

മാധ്യമം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പുള്ള ബീറ്റാ പതിപ്പാണ് ഹാക്കര്‍മാര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് സമൂഹമാധ്യമം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. നിയന്ത്രിതമായ ഉപയോക്താക്കള്‍ക്ക് ആപ്പ് നല്‍കി നവംബറോടെ ടെസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ആരംഭിക്കുവാനാണ് ട്രംപ് ഉദ്ദേശിച്ചിരുന്നത്.

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന്റെ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. 50 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ വില വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് ആമസോണ്‍ ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

നിലവില്‍ ഒരു ഉപഭോക്താവ് 999 രൂപയാണ് പ്രൈം സബ്ക്രിപ്ഷനായി നല്‍കേണ്ടി വരുന്നത്. എന്നാല്‍ എന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് കാര്യം ഇതുവരെ ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

പ്രതിമാസ പ്ലാന്‍, ത്രൈമാസ പ്ലാന്‍, വാര്‍ഷിക പ്ലാന്‍ എന്നിങ്ങനെ ആമസോണ്‍ ഇന്ത്യയില്‍ മൂന്ന് പ്രൈം സബ്‌സ്‌ക്രിപ്ഷനുകളാണ് നല്‍കുന്നത്. ഒരു മാസത്തേക്കുള്ള പ്ലാനിന് നിലവില്‍ 129 രൂപ എന്നത് ഇനി മുതല്‍ 179 രൂപയായി ഉയരും. 329 രൂപയുടെ മൂന്ന് മാസത്തെ പ്ലാനിന് ഇനിമുതല്‍ 459 രൂപ അടയ്ക്കണം.999 രൂപയുള്ള വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്റെ വില കൂടി 1,499 രൂപയിലെത്തി.

google

മോസ്‌കോ: ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. റഷ്യയില്‍ നിന്നും
ഗൂഗിള്‍ ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ ആ രാജ്യത്ത് തന്നെ പിഴയായി അടക്കണമെന്ന് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ചാണ് ഇത്തരമൊരു പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തെ തുടര്‍ന്ന് നേരത്തെ വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു. ഈ പിഴയാണ് ഇപ്പോള്‍ ഗൂഗിളിന്റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ എന്നാക്കി വിധിച്ചത്. ഈ തുക ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും.

എന്നാല്‍ പിഴ കെട്ടുന്നത് സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുളള റഷ്യന്‍ ഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ ആപ്പിള്‍ എന്നും മുന്നില്‍ തന്നെയാണ്. ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പോളിഷിംഗ് ക്ലോത്തും വിലയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല.

ഈ തുണി ഐഫോണ്‍, ഐമാക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതാണ്. ആപ്പിളിന്റെ സിഗ്നേച്ചര്‍ ലോഗോ പതിപ്പിച്ചിരിക്കുന്ന ഇതിന് 1,900 രൂയാണ് ഈ തുണിയുടെ വില. ആപ്പിളിന്റെ ഉപകരണങ്ങള്‍ സുരക്ഷിതമായി വൃത്തിയാക്കാന്‍ ഈ തുണിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം, ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നത്തിന്റെ വിലയെ ട്രോളുകയാണ് ഉപഭോക്താക്കള്‍.ആപ്പിളിന്റെ മാക്ക് ബുക്കിന്റെ വില കേട്ട് കണ്ണ് നിറയുമ്പോള്‍ തുടയ്ക്കാനായി തുണിയും ആപ്പിള്‍ പുറത്തിറക്കിയെന്നാണ് ഒരു കമന്റ്.എന്നാല്‍ ഈ തുണി 1,900 രൂപയ്ക്ക് വില്‍ക്കാന്‍ മാത്രം ധൈര്യം ആപ്പിളിന് വന്നോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.ട്വിറ്ററിലാണ് ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നത്തിനെ ട്രോളുന്നത്.

ന്യൂയോര്‍ക്ക്: പ്രമുഖ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് തന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സോഷ്യല്‍ മീഡിയ കമ്പനിയില്‍ ഒരുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരുമാറ്റല്‍ നടപടിയെന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.

യുഎസ് ടെക്നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഈ വാര്‍ത്ത് പുറത്ത് വിട്ടിരിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 28-നാണ് നടക്കുന്നത്. അന്ന് മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.

പേരുമാറ്റുന്നത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായിട്ടാണ് പേര് മാറ്റുന്നതിലൂടെ അധികൃതര്‍ ലക്ഷ്യം വെയ്ക്കുന്നത്.

പേരില്‍ മാറ്റം വരുന്നതോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴില്‍ വരും.ഇതിന് പുറമെ വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും മാതൃകമ്പനിക്ക് കീഴില്‍ വരും. എന്നാല്‍ ഇത് സംബന്ധിച്ച് ഫേയ്സ്ബുക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ നോക്കിയ പ്രേമികള്‍ക്കായി XR 20 ആയി കമ്പനി. മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ് 810H സര്‍ട്ടിഫിക്കേഷനുള്ള ബില്‍ട്ട് ക്വാളിറ്റിയും ഐപി 68 സര്‍ട്ടിഫിക്കേഷനുമായാണ് നോക്കിയ പുതിയ ഫോണില്‍ നല്‍കുന്നത്.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് പുതിയ ഫോണില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
46,999 രൂപയാണ് നോക്കിയ തഞ20ന്റെ വില. ഗ്രാനൈറ്റ്, അള്‍ട്രാ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്. XR20യുടെ പ്രീ-ബുക്കിങ് ഈ മാസം 20 മുതല്‍ ആരംഭിക്കും.

ആന്‍ഡ്രോയിഡ് 11ല്‍ ആണ് ഡ്യുവല്‍ സിം ഓപ്ഷന്‍ ഉള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോയുയുള്ള പുതിയ ഫോണില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവുമുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 SoC ആണ് പ്രോസസ്സര്‍.

ഫോണിന് നല്‍കിയിരിക്കുന്നത് 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ഇരട്ട പിന്‍ ക്യാമറയാണ്. ZEISS ഒപ്റ്റിക്‌സ് ആണ് രണ്ട് ക്യാമറ സെന്‍സറുകളും ക്രമീകരിച്ചിരിക്കുന്നത്. 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്.

ഫോണില്‍ വയര്‍, വയര്‍ലെസ് (ക്യു സ്റ്റാന്‍ഡേര്‍ഡ്) ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,630 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത് . മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ ഫോണിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

കാലിഫോര്‍ണിയ: ആപ്പിള്‍ടൂവിന്റെ നേതാക്കളില്‍ ഒരാളെ ആപ്പിള്‍ പുറത്താക്കി.
കമ്പനിയിലെ വിവേചനം, വംശീയത, ലിംഗവിവേചനം എന്നിവയ്‌ക്കെതിരെ സംഘടിക്കുന്ന ജീവനക്കാരുടെ പ്രസ്ഥാനമാണ് ആപ്പിള്‍ടൂവ്.

കമ്പനിയുടെ ഉപകരണങ്ങളിലെ മെറ്റീരിയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന് ആരോപണത്തെ തുടര്‍ന്നാണ് തന്നെ പുറത്താക്കിയതെന്ന് ആപ്പിള്‍ പ്രോഗ്രാം മാനേജര്‍ ജന്നെകെ പാരിഷ് വ്യക്തമാക്കി. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം കമ്പനി നിഷേധിച്ചു.

തന്റെ ഉപകരണങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ആപ്പിളിന് കൈമാറുന്നതിനുമുമ്പ് തന്റെ വ്യക്തിപരമായ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അടങ്ങിയ ആപ്പുകള്‍ മാത്രമെ ഡിലീറ്റ് ചെയ്തിട്ടുള്ളൂവെന്നും ജോലിസ്ഥലത്തെ ആക്ടിവിസത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അവര്‍ വ്യക്തമാക്കി.

കാലിഫോര്‍ണിയ: അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വാട്ട്‌സാപ്പ്. താലിബാന്‍ അമേരിക്ക നിരോധനമേര്‍പ്പെടുത്തിയ തീവ്രവാദ സംഘടനയായതിനാല്‍ വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.

താലിബാന്‍ അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് തീരുമാനമെന്നും, ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന്‍ സ്ഥാപിച്ച ഒരുവാട്ട്‌സാപ്പ് ഹോട്ട്ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്ട്‌സാപ്പ് നിരോധിക്കുമെന്നും വാട്ട്‌സാപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കി.

മാത്രമല്ല, താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകള്‍ ഇതില്‍ പെടും. അഫ്ഗാനിസ്ഥാനിലെ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് താലിബാന്‍ രാജ്യത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്ക് മേല്‍ ആഗോള തലത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫേസ്ബുക്ക് പറഞ്ഞു.

അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് എന്ന് താലിബാന്‍ വക്താവ് വിമര്‍ശിച്ചു. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതിനിധി ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

തിരുവനന്തപുരം: സ്മാര്‍ട്ട് ഫോണില്‍ ആപ്പ്ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് കേരളാ പോലീസ്. പ്രധാനമായി 7 നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.

1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

2)ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകള്‍ വഴിയും ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന

3)വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

4) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

5) മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനു ശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

6) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

7)മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്വയര്‍ എന്നിവ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.