നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും ഇപ്പോള്‍ വളരെയധികം പ്രചാരം നേടുന്നുണ്ട്.എന്നാല്‍ ഈ ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടെന്നും ഇത് ഉപഭോക്താക്കളെ കെണിയിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇതിനോടകം തന്നെ സ്ക്വിഡ് ഗെയിം വാള്‍പേപ്പര്‍ എന്ന പേരിലുള്ള ആപ്പുകള്‍ മാല്‍വെയറുകള്‍ പരിശോധിക്കുന്ന ഒരു കമ്പനി ഫ്ളാഗ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയപ്പെടുന്നു.
ഈ ആപ്പിന്റെ പേര് സ്ക്വിഡ് ഗെയിം വാള്‍പേപ്പര്‍ 4 കെ എച്ച്ഡി എന്നാണ്. കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ ഈ ആപ്പ് വഴി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്ന ആരും കെണിയില്‍ വീഴാം. ഇതിലൂടെ ഉപഭോക്താവിന്റെ വ്യക്തഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതുവഴി ചോര്‍ത്താന്‍ പറ്റും. സ്ക്വിഡ് ഗെയിമിനെ ആധാരമാക്കി 200 ലധികം നിരവധി ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉളളത്. ‘Squid Games-The Game’, പ്രശസ്തമായ റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ഗെയിമും നിരവധി പേരാണ് ഡൌണ്‍ലോഡ് ചെയ്തത്.

