Technology (Page 104)

വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ജാക്ക് ഡോർസെ. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളാകും പുതിയ സിഇഒ. അതേസമയം 2022 വരെ ജാക്ക് ഡോർസെ സിഇഒ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ സഹ സ്ഥാപകൻ കൂടിയാമ് ജോക്ക് ഡോർസെ.

സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് ഡോർസെയുടെ പ്രതികരണം. ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ താൻ അത്യധികം വിശ്വസിക്കുന്നുവെന്നും ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞുവെന്നും അദ്ദേഹം വിശദമാക്കി.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ നടപ്പാക്കിയിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നാണ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

വാട്‌സ്ആപ്പ് പേ ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് പേ പേയ്‌മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വാട്‌സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്‌മെന്റ് ഫീച്ചറാണ് വാട്ട്‌സ്ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യയില്‍ നിലവില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്ട്‌സ്ആപ്പ് പേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ എന്‍പിസിഐയുടെ അംഗീകാരം ലഭിച്ചതോടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാകും. എന്നാല്‍, ഈ ഫീച്ചര്‍ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് എങ്ങനെ വ്യാപിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കാരണം വാട്‌സ്ആപ്പിന് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. വാട്‌സ്ആപ്പ് പേ വിരലിലെണ്ണാവുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെ തടസപ്പെടുത്തിയേക്കാം.

ഇന്ത്യയില്‍ പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് എന്‍പിസിഐ-യില്‍ നിന്ന് വാട്‌സ്ആപ്പ് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. ഇന്ത്യന്‍ നിയന്ത്രണങ്ങളും ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങളും പാലിക്കാന്‍ കമ്പനി വര്‍ഷങ്ങളോളം ശ്രമിച്ചു. നേരത്തെ ഫീച്ചര്‍ പുറത്തിറക്കിയപ്പോള്‍, എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് ഉടനടി ലഭ്യമായിരുന്നില്ല.

ന്യൂഡൽഹി: എയർടെലിനും വോഡാഫോൺ ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. പ്രീപെയ്ഡ് താരിഫുകൾക്ക് 21 ശതമാനം വരെ വർധനവാമ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

91 രൂപയ്ക്ക് അടിസ്ഥാന പ്ലാനുകൾ ആരംഭിക്കും. ടെലികോം വ്യവസായത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് നിരക്കിൽ മാറ്റം വരുത്തുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധയുടെ ഭാഗമായാണ് നിരക്ക് വർധനവെന്നും ജിയോ പറഞ്ഞു. അതേസമയം കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുമെന്ന വാഗ്ദാനം തുടരുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നു.

75 രൂപയായിരുന്ന അടിസ്ഥാന പ്ലാനിൽ 16 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. 129 രൂപയുടെ പ്ലാൻ 26 രൂപ വർദ്ധിച്ച് 155 രൂപയായി. 149 രൂപയുടെ പ്ലാൻ 30 രൂപ വർദ്ധിച്ച് 179 രൂപയായി. 199 രൂപയുടെ പ്ലാൻ 40 രൂപ വർധിച്ച് 239 രൂപയായി ഉയർന്നു. 249 രൂപയുടെ പ്ലാൻ 50 രൂപ വർദ്ധിച്ച് 299 രൂപയായും 399 രൂപയുടെ പ്ലാൻ 80 രൂപ വർദ്ധിച്ച് 479 രൂപയായും ഉയർന്നു. 444 രൂപയുടെ പ്ലാൻ 533 ആയെന്നും കമ്പനി വ്യക്തമാക്കി.

നമ്മളില്‍ പലരും ട്രൂ കോളര്‍ ഉപയോഗിക്കുന്നവരാണ്. ഇപ്പോഴിതാ ആപ്പ് അതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ധാരാളം ഫീച്ചറുകള്‍ ലഭിക്കുന്നു. പുതിയ ട്രൂകോളര്‍ ഫീച്ചറുകള്‍ ട്രൂകോളറിന്റെ വീഡിയോ കോളര്‍ ഐഡി ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഷോര്‍ട്ട് വീഡിയോ മെസേജ് റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ സഹായിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ബുക്ക് കോണ്‍ടാക്റ്റുകളിലേക്ക് വീഡിയോ കോളുകള്‍ ചെയ്യുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും. ഒറിജിനല്‍ വീഡിയോകളുടെ രൂപത്തിലോ പ്രീലോഡ് ചെയ്ത ടെംപ്ലേറ്റുകളായോ ഉള്ള സെല്‍ഫി വീഡിയോകളാണിത്.

ട്രൂ കോളര്‍ പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത കോള്‍ റെക്കോര്‍ഡിങ് സംവിധാനമാണ്. ഇത് നേരത്തെ ഉണ്ടായിരുന്ന ഫീച്ചറാണ്. പിന്നീട് ട്രൂകോളര്‍ ഇത് ഒഴിവാക്കി. ഇപ്പോള്‍ വീണ്ടും ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഇത് തിരികെ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

ട്രൂകോളര്‍ വഴി കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം…

• നിങ്ങളുടെ ഫോണിലെ ട്രൂകോളര്‍ ആപ്പിലെ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക

• സെറ്റിങ്‌സിലെ ആക്‌സസബിലിറ്റി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

• ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

• ‘യൂസ് ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിങ്’ എന്ന ഓപ്ഷന് അടുത്തുള്ള ടോഗിള്‍ ഓണാക്കുക.

മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ട്രൂകോളര്‍ ആക്ടീവ് ആകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.

വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്, ഫ്‌ലാഷ് കോളുകള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

വാട്‌സാപ്പില്‍ ഇഷ്ടപ്പെടാത്ത മെസ്സേജുകള്‍ ഫ്‌ലാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്. ഇങ്ങനെ മെസേജ് ഫ്‌ലാഗ് ചെയ്ത് മറ്റൊരു അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും. ആരെങ്കിലും നിങ്ങള്‍ക്ക് അപകീര്‍ത്തികരമോ, അശ്ലീലമോ അല്ലെങ്കില്‍ മോശപ്പെട്ടതോ ആയ മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചു എന്നിരിക്കട്ടെ, അയാളെ നിങ്ങള്‍ക്ക് വളരെ എളുപ്പം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അയാള്‍ അയച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത മെസേജില്‍ ലോങ് പ്രസ് ചെയ്യുക. തുറന്ന് വരുന്ന ഓപ്ഷന്‍ വഴി മെസേജ് ഫ്‌ലാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.

ഒരു പുതിയ ഫോണില്‍ വാട്‌സ്ആപ്പ് സജ്ജീകരിക്കുമ്പോഴോ ഹാന്‍ഡ്സെറ്റില്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ആണ് പുതിയ ഫ്‌ലാഷ് കോള്‍ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ആകുന്നത്. അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എസ്എംസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോണ്‍ നമ്പര്‍ പരിശോധിക്കാനുള്ള ഓപ്ഷന്‍ പുതിയ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്‌സ്ആപ്പിന് നമ്മുടെ ഫോണിലേക്ക് വിളിക്കാനും സ്വയം നമ്പര്‍ സ്ഥിരീകരിക്കാനും ഉള്ള അനുവാദം പുതിയ ഫീച്ചര്‍ നല്‍കുന്നു. ഇത് എസ്എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആരുമായി എന്താണ് പങ്കിടേണ്ടതെന്ന് നിയന്ത്രിക്കുക, ഡിസ്സപ്പിയറിങ്ങ് മെസേജുകള്‍, ടച്ച് ഐഡി അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യുക തുടങ്ങിയ പല പല സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ന്യൂയോര്‍ക്ക്: വീഡിയോകള്‍ക്കുള്ള ഡിസ്ലൈക്കുകള്‍ മറച്ചു വെക്കാനൊരുങ്ങി യൂട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്ലൈക്കുകള്‍ വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ഇനി കാണാനാവൂ. മറ്റുള്ളവര്‍ക്ക് ഡിസ്ലൈക്ക് നല്‍കാന്‍ പറ്റുമെങ്കിലും ആകെ എത്ര ഡിസ്ലൈക്കുകള്‍ ഉണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ കാണാന്‍ കഴിയില്ല.

യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പരിഷ്‌കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. വീഡിയോകള്‍ ഇടുന്നവര്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് പ്രധാനലക്ഷ്യമെന്ന് യൂട്യൂബ് അറിയിച്ചു.

വീഡിയോകള്‍ക്കെതിരെ ഡിസ്ലൈക്കുകള്‍ നല്‍കുന്ന ക്യാംപയിനുകള്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റര്‍മാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തല്‍. അതേസമയം, തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നല്‍കുന്നത് തിരിച്ചറിയാന്‍ ഡിസ്ലൈക്കുകള്‍ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്. ഇതിന് സമാനമായി ഫേസ്ബുക്കും ഡിസ്ലൈക്ക് ബട്ടന്‍ പരീക്ഷിച്ചിരുന്നെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തി അത് നീക്കം ചെയ്തിരുന്നു.

വാട്‌സ്ആപ്പ് ഓപ്ഷനായ ‘ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയ പരിധി നീട്ടാന്‍ വാട്സ്ആപ്പ്. ഇനി അയച്ച സന്ദേശം ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. സന്ദേശങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള് ഓപ്ഷനുമായാണ് വാട്‌സ്ആപ്പിന്റെ വരവ്.

നിലവില്‍ ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, പതിനാറ് സെക്കന്‍ഡ് എന്നിവക്ക് ശേഷം അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ മാത്രമേ ഉള്ളൂ . എന്നാല്‍, പുതിയ ഓപ്ഷന്‍ ലഭിക്കുന്നതിനാല്‍ കാര്യങ്ങള്‍ ഉടന്‍ തന്നെ മറ്റൊരു വഴിത്തിരിവാകും. മറ്റൊരാള്‍ക്ക് തെറ്റായി അയച്ച സന്ദേശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഉപയോഗപ്രദമായ ടൂളാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍. എന്നിരുന്നാലും, ഒരു സന്ദേശം അയച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയൂ എന്നതിനാല്‍ ഇതിന് പരിധികളുണ്ട്. സമയപരിധി നഷ്ടമായാല്‍ സന്ദേശം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന്, വാട്ട്സ്ആപ്പ് ഇപ്പോള്‍ സമയപരിധി നീട്ടാനുള്ള ശ്രമത്തിലാണ്. രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ പരീക്ഷിക്കുന്നത് സന്ദേശമയക്കല്‍ ആപ്പ് കണ്ടെത്തി.

ഫീച്ചര്‍ ഇപ്പോഴും വികസന ഘട്ടത്തിലാണെന്ന് വാട്ട്സ്ആപ്പ് ടിപ്സ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, അതിനാല്‍ വാട്ട്സ്ആപ്പ് അതിന്റെ പ്ലാനുകള്‍ പരിഷ്‌കരിക്കുകയോ പുതിയ സമയപരിധി അവതരിപ്പിക്കുകയോ ചെയ്‌തേക്കാം. വാട്ട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി നീക്കം ചെയ്യുമോ അതോ പരിഷ്‌കരിക്കുമോ എന്ന് അന്തിമ റോള്‍ഔട്ടിന് മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ.

instagram

ഇന്‍സ്റ്റഗ്രാം ഉപോയോഗിക്കാത്തവര്‍ ഇന്ന് വളരെ വിരളമാണ്. യുവാക്കള്‍ ഏറ്റവും സജീവമായി ഇടപഴകുന്നതും ഇന്‍സ്റ്റഗ്രാമിലാണ്. ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ റീല്‍സ് എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ ഫീച്ചറും ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിരുന്നു. ഫോട്ടോകള്‍, ലോങ്ങ് വീഡിയോകള്‍, സ്റ്റോറികള്‍, ചെറിയ വീഡിയോകള്‍ എന്നിവ ഇന്‍സ്റ്റാഗ്രാമിലെ ഐജിടിവിയില്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഫോണില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വീഡിയോസ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. ‘വീഡിയോ ഡൗണ്‍ലോഡര്‍ ഫോര്‍ ഇന്‍സ്റ്റാഗ്രാം’ ഇത്തരത്തില്‍ ഉള്ള ആപ്പുകളില്‍ ഒന്നാണ്. ഈ ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആഗ്രഹമുള്ള വീഡിയോകള്‍ വളരെ എളുപ്പത്തില്‍ സേവ് ചെയ്യാന്‍ കഴിയും.

ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോകുക

വീഡിയോ ഡൗണ്‍ലോഡര്‍ ഫോര്‍ ഇന്‍സ്റ്റഗ്രാം’ അല്ലെങ്കില്‍ അത് പോലെയുള്ള മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ശേഷം ഇന്‍സ്റ്റഗ്രാം തുറന്ന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയിലേക്ക് പോകുക

സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക

‘കോപ്പി ലിങ്ക്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക

ഇപ്പോള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത വീഡിയോ ഡൗണ്‍ലോഡര്‍ ആപ്പ് തുറക്കുക

നേരത്തെ കോപ്പി ചെയ്ത വീഡിയോയുടെ ലിങ്ക് ആപ്പില്‍ ഓട്ടോമാറ്റിക്കായി പേസ്റ്റ് ചെയ്യപ്പെടും

വീഡിയോ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിക്കും.

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി 6 ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2023 അവസാനമോ, 2024 ആദ്യമോ രാജ്യത്ത് 6 ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്വെയറും നിർമിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങൾക്കും നൽകാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വന്തം 5ജി യുടെയും ജോലികളും നടക്കുന്നുണ്ട്. ഇതിന്റെ കേന്ദ്ര സോഫ്റ്റ്‌വെയറുകളിലൊന്ന് 2022 മൂന്നാം പാദത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ 5 ജി സ്പെക്ട്രം ലേലം 2022 രണ്ടാം പാദത്തിൽ നടന്നേക്കും. ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറൻസ് നൽകി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകൾ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോൾ. ഈ പ്രക്രിയ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിൽ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കും. നേരത്തെ ഇത് 49 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടിൽ വിശദമാക്കുന്നു. ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ചു ശേഖരിക്കുന്ന വിവരത്തെക്കുറിച്ചും ആർബിഐ ആശങ്ക രേഖപ്പെടുത്തി. ലോൺ അടച്ചു തീർത്താൽ പോലും തങ്ങളുടെ ഡേറ്റ നീക്കംചെയ്യാൻ ഉപയോക്താക്കൾക്കു സാധിക്കുന്നില്ലെന്നും ആർബിഐ വിശദീകരിച്ചു.

whatsapp

നമ്മുടെ ഫോണില്‍ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഒരു ശരാശരി മൊബൈല്‍ യൂസര്‍ തന്റെ ഫോണില്‍ ചിലവഴിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും വാട്‌സ്ആപ്പില്‍ തന്നെയാണ്. അതേ ആപ്പില്‍ തന്നെ പേയ്‌മെന്റ് സംവിധാനവും എത്തുമ്പോള്‍ പണമിടപാട് കൂടുതല്‍ എളുപ്പമാകുന്നു. ചാറ്റ് ചെയ്ത് കൊണ്ട് തന്നെ പണമിടപാടും നടത്താനാകും. റുപ്പീ ചിഹ്നവും ക്യാമറയും ഉപയോഗിച്ചുള്ള പണമിടപാട് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണെന്നതും ഇതിന് സഹായിക്കുന്നു.

വാട്‌സ്ആപ്പ് കോണ്‍ടാക്ടിലേക്ക് പണം അയക്കുന്നതിന് യൂസര്‍ പേയ്‌മെന്റ് ഓപ്ഷനില്‍ സൈന്‍ ഇന്‍ ചെയ്യുകയും യുപിഐയുമായി ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യിക്കുകയും വേണം. ഹോം സ്‌ക്രീനിന്റെ മുകളില്‍ വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക. ശേഷം തുറന്ന് വരുന്ന മെനുവില്‍ നിന്നും ഇതെല്ലാം പൂര്‍ത്തിയാക്കാം. ഇവയെല്ലാം സെറ്റ് ചെയ്ത ശേഷം മറ്റൊരാള്‍ക്ക് പണം അയക്കുമ്പോള്‍ നന്ദി സൂചകമായി ടെക്സ്റ്റ് മെസേജ് അയക്കുന്നതിന് പകരം പേയ്‌മെന്റ് സ്റ്റിക്കറുകള്‍ അയക്കാനാകും.

എങ്ങനെയാണ് വാട്‌സ്ആപ്പ് പേയ്‌മെന്റ് സ്റ്റിക്കറുകള്‍ ഉപയോഗിക്കുക എന്ന് നോക്കാം…

ആദ്യം വാട്‌സ്ആപ്പ് തുറന്ന് ആര്‍ക്കാണോ പണം അയക്കേണ്ടത് അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക.
ടെക്സ്റ്റ് ബാറിലെ റുപ്പീ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക
നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക ചോദിക്കുന്ന ഒരു പുതിയ പേജ് തുറക്കും. എത്ര രൂപയാണോ അയക്കേണ്ടത് അത് എന്റര്‍ ചെയ്യുക.
ശേഷം ഒരു കുറിപ്പ് ചേര്‍ക്കുക എന്ന ഓപ്ഷന്‍ ദൃശ്യമാകും. അവിടെ കാണുന്ന സ്‌മൈലി ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് സ്റ്റിക്കര്‍ ബട്ടണ്‍ സെലക്ട് ചെയ്യുക.
വിന്‍ഡോയുടെ മുകളില്‍ വലത് കോണിലുള്ള + ഐക്കണില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്റ്റിക്കറുകള്‍ ചേര്‍ക്കാനാകും. സ്റ്റിക്കര്‍ പായ്ക്ക് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, അത് സ്റ്റിക്കര്‍ സെക്ഷനില്‍ കാണിക്കും.
പണത്തോടൊപ്പം അയക്കേണ്ട സ്റ്റിക്കര്‍ സെലക്ട് ചെയ്യുക. ശേഷം നെക്സ്റ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
പേയ്‌മെന്റ് ആയക്കാനുള്ള ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. യുപിഐ കോഡ് എന്റര്‍ ചെയ്ത് പണം അയക്കുക.
നിങ്ങള്‍ തിരഞ്ഞെടുത്ത സ്റ്റിക്കറിനൊപ്പം പണം ലഭിച്ചെന്ന അറിയിപ്പ് ഉപഭോക്താവിന് ലഭിക്കും.