വാട്‌സ്ആപ്പ് പേ: ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കാന്‍ അനുമതി

വാട്‌സ്ആപ്പ് പേ ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് പേ പേയ്‌മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വാട്‌സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്‌മെന്റ് ഫീച്ചറാണ് വാട്ട്‌സ്ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യയില്‍ നിലവില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്ട്‌സ്ആപ്പ് പേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ എന്‍പിസിഐയുടെ അംഗീകാരം ലഭിച്ചതോടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാകും. എന്നാല്‍, ഈ ഫീച്ചര്‍ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് എങ്ങനെ വ്യാപിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കാരണം വാട്‌സ്ആപ്പിന് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. വാട്‌സ്ആപ്പ് പേ വിരലിലെണ്ണാവുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെ തടസപ്പെടുത്തിയേക്കാം.

ഇന്ത്യയില്‍ പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് എന്‍പിസിഐ-യില്‍ നിന്ന് വാട്‌സ്ആപ്പ് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. ഇന്ത്യന്‍ നിയന്ത്രണങ്ങളും ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങളും പാലിക്കാന്‍ കമ്പനി വര്‍ഷങ്ങളോളം ശ്രമിച്ചു. നേരത്തെ ഫീച്ചര്‍ പുറത്തിറക്കിയപ്പോള്‍, എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് ഉടനടി ലഭ്യമായിരുന്നില്ല.