വാട്ട്‌സ് ആപ്പിൽ പുതിയ ഫീച്ചറെത്തുന്നു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുരക്ഷാ കവചം തീർക്കാനുള്ള പുതിയ ഫീച്ചറാണ് വാട്ട്‌സ് ആപ്പിൽ എത്തുന്നത്. ലോക്ക് ചെയ്ത സ്‌ക്രീനിൽ പോലും, ആപ്പ് തുറക്കാതെ തന്നെ നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചർ. നോട്ടിഫിക്കേഷനിൽ നിന്നുതന്നെ അപരിചിതമായ അക്കൗണ്ടുകൾ ഉടനടി ബ്ലോക്ക് ചെയ്യാൻ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് കഴിയും. വാട്ട്‌സ്ആപ്പ് വഴിയുള്ള പല തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നത്.
പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ കഴിയും. പുതിയ ഫീച്ചർ അനുസരിച്ച്, നോട്ടിഫിക്കേഷനിലെ ആക്ഷൻസ് മെനുവിലെ റിപ്ലെ ബട്ടന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷൻ ടാപ്പ് ചെയ്യാവുന്നതാണ്. ലോക്ക് സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ ദൃശ്യമാകാൻ ഉപഭോക്താവ് അനുവദിക്കുകയാണെങ്കിൽ, ഫോൺ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനിൽ നിന്ന് നേരിട്ട് കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും. പരിചിതമല്ലാത്ത നമ്പറുകളോട് പ്രതികരിക്കരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

