ന്യൂഡൽഹി: വൺപ്ലസ് 12 ആർ വാങ്ങിയവർക്ക് മോഡൽ ഇഷ്ടമായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്ന് റിപ്പോർട്ട്. കമ്പനിയ്ക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിലാണ് പുതിയ തീരുമാനമെന്നാണ് വിവരം. ലോഞ്ചിങ് സമയത്ത് കമ്പനി അവകാശപ്പെട്ടിരുന്ന ഒരു ഫീച്ചർ ഫോണിൽ ഇല്ലാത്ത സാഹചര്യത്തിലാണ് കമ്പനി ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 12R വേരിയന്റ് 4.0 സ്റ്റാൻഡ് ഫ്‌ളാഷ് സ്റ്റോറേജുള്ളതാണെന്നായിരുന്നു കമ്പിയുടെ അവകാശ വാദം.
എന്നാൽ, യുഎഫ്എസ് 3.1 സ്റ്റോറേജ് കപ്പാസിറ്റിയാണ് ഫോണിനുള്ളതെന്നാണ് ഈ മോഡൽ വാങ്ങി ഉപയോഗിച്ചവർ വ്യക്തമാക്കുന്നത്. വൺപ്ലസ് 12ആർ സ്റ്റോറേജ് സാങ്കേതികവിദ്യയെക്കുറിച്ച് വൺപ്ലസ് സിഒഒയും പ്രസിഡന്റുമായ കിൻഡർ ലിയു തന്നെയാണ് ആദ്യ അവകാശ വാദം ഉന്നയിച്ചത്. ലോഞ്ച് സമയത്ത് മാത്രമല്ല വെബ്സൈറ്റിലും കമ്പനി ഈ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീടാണ് കമ്പനി പിഴവ് സംഭവിച്ചുവെന്ന് അംഗീകരിച്ചതും തുക തിരികെ നൽകുമെന്ന് ഉപഭോക്താക്കളെ അറിയിച്ചതും.
കമ്പനി റീഫണ്ട് തുക നൽകുന്നത് സ്റ്റോറേജിലെ ഈ വ്യത്യാസം മൂലം ഫോൺ തിരികെ നൽകാൻ ആഗ്രഹിക്കുന്നവർക്കായിരിക്കും. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നുന്നവർക്ക് കസ്റ്റമർ സർവീസ് ടീമുമായി ബന്ധപ്പെടാം. മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് കമ്പനി വ്യക്തമാക്കി. കസ്റ്റമർ കെയർ വിഭാഗത്തെയാണ് ഇതിനായി സമീപിക്കേണ്ടത്. വൺ പ്ലസ് 12ആറിന്റെ 256ജിബി വേരിയന്റ് വാങ്ങിയവർക്ക് മാത്രമേ വൺപ്ലസ് ഈ ആനുകൂല്യം ലഭിക്കൂ. 2024 മാർച്ച് 16 വരെ മാത്രമായിരിക്കും തുക തിരികെ ലഭിക്കുക. ഇത് കഴിഞ്ഞ് എത്തുന്നവർക്ക് തുക തിരികെ ലഭിക്കില്ല.

