Sports (Page 68)

തിരുവനന്തപുരം: ഈ സീസണിലെ ആദ്യ രണ്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ക്യാപ്ടന്‍. സിജോമോന്‍ ജോസഫ് വൈസ് ക്യാപ്ടന്‍.

സീനിയര്‍ താരങ്ങളായ സഞ്ജു, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ബേസില്‍ തമ്ബി, ജലജ് സക്‌സേന എന്നിവരാണ് ടീമിന്റെ കരുത്ത്. യുവരക്തങ്ങളായി ഷോണ്‍ റോജറും വത്സല്‍ ഗോവിന്ദും എന്‍.പി. ബേസിലും കൃഷ്ണപ്രസാദും അക്ഷയ് ചന്ദ്രനും ഫാനൂസുമുണ്ട്. ടിനുയോഹന്നാനാണ് മുഖ്യ പരിശീലകന്‍.ഈ മാസം 12 ന് ജാര്‍ഖണ്ഡിനും 20 ന് രാജസ്ഥാനുമെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരങ്ങള്‍.

കേരള ടീം: സഞ്ജു(ക്യാപ്ടന്‍),സിജോമോന്‍ ജോസഫ് ,രോഹന്‍ എസ്, കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, വത്സല്‍ ഗോവിന്ദ്, രോഹന്‍ പ്രേം, സച്ചി ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്ബി, നിതീഷ് എം.ഡി, ഫാനൂസ്, ബേസില്‍ എന്‍.പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്.

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്ബരയിലെ അവസാന മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും .ജനുവരി മൂന്നിന് ടി20 പരമ്ബരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗുവാഹത്തിയാണ് ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും.

ഇതിന് പിന്നാലെ ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ഏകദിന, ട്വന്റി-20 പരമ്ബരകള്‍ കളിക്കും. ഹൈദാരാബാദില്‍ ജനുവരി 18ന് തുടങ്ങുന്ന പരമ്ബരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20യുമാണുള്ളത്.

ധാക്ക: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 5 റണ്‍സ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ 271 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 266 റണ്‍സ് മാത്രമാണ് നേടാനായത്.

ബംഗ്ലാദേശിന് വേണ്ടി 100 റണ്‍സും 2 വിക്കറ്റുകളും സ്വന്തമാക്കിയ മെഹിദി ഹസ്സനാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

കൊളംബിയ: കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മീരാബായി ചാനുവിന് വെള്ളി നേട്ടം. 200 കിലോ ഭാരമുയര്‍ത്തിയാണ് ഇന്ത്യയ്ക്കായി മീരാബായി വെള്ളി കരസ്ഥമാക്കിയത്. 49 കിലോ വിഭാഗത്തിലായിരുന്നു മത്സരം. സ്നാച്ചില്‍ 87 കിലോഗ്രാം ഉയര്‍ത്താനും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 113 കിലോയും ഉയര്‍ത്താനായി. മൊത്തം 206 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടിയ ചൈനയുടെ ജിയാങ് ഹുയ്ഹുവെ പിന്നിലാക്കിയാണ് താരം ഫിനിഷ് ചെയ്തത്.

താരത്തിന് പരിക്കുള്ളതിനാല്‍ പ്രത്യേകമായി പരിശീലനം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ലോക ചാമ്ബ്യന്‍ഷിപ്പിലെ പ്രകടനം മീരാബായി സ്ഥിരമായി ഉയര്‍ത്തുന്ന ഭാരമാണെന്നും പരിശീലകന്‍ വിജയ് ശര്‍മ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് പിന്നാലെ ഉയര്‍ത്തുന്ന ഭാരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനത്തിനിടയിലാണ് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഒക്ടോബറില്‍ ദേശീയ ഗെയിംസിലും താരം പങ്കെടുത്തിരുന്നു.

2024 ലെ പാരീസ് ഒളിമ്ബിക്സിനുള്ള ആദ്യ യോഗ്യതാ മത്സരമാണ് 2022 ലോക ചാമ്ബ്യന്‍ഷിപ്പ്. 2024 ഒളിമ്ബിക് യോഗ്യത നിയമമനുസരിച്ച് ലിഫ്റ്റര്‍ നിര്‍ബന്ധമായും 2023 ലോക ചാമ്ബ്യന്‍ഷിപ്പിലും 2024 ലോകകപ്പിലും മത്സരിക്കണം. 2022-ലെ ലോക ചാമ്ബ്യന്‍ഷിപ്പുകള്‍, 2023 കോണ്ടിനെന്റല്‍ ചാമ്ബ്യന്‍ഷിപ്പുകള്‍, 2023 ഗ്രാന്‍ഡ് പ്രിക്സ് 1, 2023 ഗ്രാന്‍ഡ് പ്രിക്സ് 2, 2024 കോണ്ടിനെന്റല്‍ ചാമ്ബ്യന്‍ഷിപ്പുകളിലും പങ്കെടുക്കണം. 2017-ല്‍ ലോക ചാമ്ബ്യന്‍ഷിപ്പില്‍ ചാനു സ്വര്‍ണം നേടിയിരുന്നു. ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്റെ സ്വര്‍ണ നേട്ടം. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗോമും അടക്കം ആകെ 194 കിലോഗ്രാം ഉയര്‍ത്തിയായിരുന്നു സ്വര്‍ണനേട്ടം.

ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് പറങ്കിപ്പട ഇറങ്ങിയത്. എന്നാല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. റൊണാള്‍ഡോയ്ക്ക് പകരം കളത്തിലിറക്കിയ ഗോണ്‍സാലോ റൊമോസ് വക ഹാട്രിക്.

മത്സരം തുടങ്ങി 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ റാമോസ് വക. പിന്നീട് മത്സരത്തിലുടനീളം പറങ്കികളുടെ തേരോട്ടമായിരുന്നു. 32-ാം മിനുട്ടിലായിരുന്നു പറങ്കികളുടെ അടുത്ത ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് പ്രതിരോധ താരം പെപെയും. കോര്‍ണറില്‍ നിന്നെത്തിയ പന്ത് തന്റെ തലവെച്ച് പെപെ സ്വിസ് ഗോള്‍മുഖത്തേയ്ക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ പറങ്കികള്‍ രണ്ട് ഗോള്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായ പോര്‍ച്ചുഗലിനെയാണ് കണ്ടത്. 51-ാം മിനുട്ടില്‍ റാമോസ് വക മൂന്നാമത്തെ ഗോള്‍. മൂന്നാം ഗോള്‍ കയറി നാല് മിനുട്ട് പിന്നിടുമ്‌ബോള്‍ പറങ്കികള്‍ക്കായി റാഫേല്‍ ഗുരേര വക നാലാമത്തെ ഗോള്‍. ഇത്തവണ പന്ത് എത്തിച്ച് നല്‍കിയത് റാമോസും. പോര്‍ച്ചുഗല്‍ നാല് ഗോളിന് മുന്നില്‍. 58-ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി പ്രതിരോധ താരം മാനുവല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

എന്നാല്‍, 67-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ അഞ്ചിലെത്തിച്ച റാമോസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഹാട്രിക്കും കണ്ടെത്തി. ജാവോ ഫെലിക്സ് ബോക്സിനുള്ളിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ച റാമോസിന് തെറ്റിയില്ല. സ്വിസ് ഗോളി സോമറെ മറികടന്ന് പന്ത് വലയിലേയ്ക്ക്. 73-ാം മിനുട്ടില്‍ ഫെലിക്സിനെ പിന്‍വലിച്ച് റൊണാള്‍ഡോയെ കളത്തിലിറക്കി. 84-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമം ഓഫ്സൈഡില്‍ കലാശിക്കുകയായിരുന്നു. അഞ്ച് ഗോളിന് ശേഷവും പറങ്കികള്‍ നിര്‍ത്തിയില്ല. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വക ആറാമത്തെ ഗോളോടെ സ്വിസ് പതനം പൂര്‍ണം.

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന്റെ പേരില്‍ കനത്ത പിഴ. മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ അടക്കേണ്ടത്.

നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ട ഓവറുകള്‍ക്ക് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞത് വീഴ്ചയായി സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിഴയടക്കാമെന്ന് വ്യക്തമാക്കി. കുറ്റം സമ്മതിച്ചതിനാല്‍ ഹിയറിങിന് രോഹിത് ഹാജരാവേണ്ട.

ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ മുന്നിലാണ്. ഇന്ത്യ ഉയര്‍ത്തിയ 187 എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ കൈവരിക്കുകയായിരുന്നു. അവസാന വിക്കറ്റിലെ അസാമാന്യ പ്രകടനമാണ് ബംഗ്ലാദേശിന് ജയം നേടിക്കൊടുത്തത്. അടുത്ത മത്സരം ബുധനാഴ്ച ധാക്കയിലാണ്. രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്ബരയിലൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഇന്ന് അവസാനിക്കും. അവസാന ദിവസമായ ഇന്ന് 24 ഫൈനലുകളാണുള്ളത്. 4* 400 മീറ്റര്‍ റിലേ,200 മീറ്റര്‍ ഓട്ടം,ട്രിപ്പിള്‍ ജംപ് തുടങ്ങിയവയുടെ ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

74 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 സ്വര്‍ണവുമായി 206 പോയിന്റോടെ ഒന്നാമതുള്ള പാലക്കാട്, വെല്ലുവിളികളില്ലാതെ ചാമ്ബ്യന്‍പട്ടം നേടുമെന്നാണ് പ്രതീക്ഷ. ഇന്നലെ രണ്ടാം സ്ഥാനത്തേക്കെത്തിയ മലപ്പുറം 10 സ്വര്‍ണവുമായി 110 പോയിന്റോടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ദിനങ്ങളില്‍ രണ്ടാമതായിരുന്ന എറണാകുളം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് 53 പോയിന്റോടെ ഒന്നാമതാണ്. രാവിലെ ആറരയ്ക്ക് ക്രോസ് കണ്‍ട്രി ഓട്ടത്തോടെയാണ് ഇന്നത്തെ മല്‍സരങ്ങള്‍ തുടങ്ങിയത്. ഇന്നലെയും ട്രാക്ക് ഇനങ്ങളില്‍ റെക്കോര്‍ഡുകള്‍ ഒന്നും പിറന്നില്ല. ഇതുവരെ ആറ് മീറ്റ് റെക്ക!!ോര്‍ഡുകളുണ്ടായതില്‍ അഞ്ചും ത്രോ ഇനങ്ങളിലായിരുന്നു. സ്പ്രിന്റ് ഇനങ്ങളിലടക്കം പുതിയ റെക്കോര്‍ഡുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് ഇന്നലെയും നിരാശയായിരുന്നു ഫലം. ട്രാക് ഇനങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരില്‍ പലര്‍ക്കും മികച്ച വ്യക്തിഗത പ്രകടനംപോലും പുറത്തെടുക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ട് വര്‍ഷം കായികോത്സവം ഇല്ലാതിരുന്നതും കോവിഡ് മൂലം പരിശീലനം മുടങ്ങിയതും തിരിച്ചടിയായി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചടിയായി.

അതേസമയം, ഫീല്‍ഡ് ഇനങ്ങളില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കാസര്‍കോടിന്റെ നാല് താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അഖിലയും ജൂനിയര്‍ ഷോട്ട്പുട്ടില്‍ അനുപ്രിയയും സബ്ജൂനിയര്‍ വിഭാഗത്തില്‍ പാര്‍വണ ജിതേഷും മീറ്റ് റെക്കോര്‍ഡ് തിരുത്തി. ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ കെ സി സെര്‍വനും റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തു. സീനിയര്‍ ഗേള്‍സ് വിഭാഗം ജാവലിനില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷിന്റെതാണ് ത്രോ ഇനങ്ങളില്‍ ഇന്നലെ പിറന്ന റെക്കോര്‍ഡ്. പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ശിവദേവ് രാജീവും മീറ്റ് റെക്കോര്‍ഡ് നേടി.

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബ്രസീലും. ദക്ഷിണ കൊറിയയെ തകര്‍ത്താണ് ബ്രസീലിന്റെ കുതിപ്പ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.

കൊറിയയെ അടിമുടി തകര്‍ത്തുകളഞ്ഞ ആദ്യ പകുതിയിലാണ് ബ്രസീല്‍ നാല് ഗോളും നേടിയത്. ഏഴാം മിനിറ്റില്‍ വിനിഷ്യസാണ് ആദ്യ ഗോള്‍ നേടിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം തകര്‍പ്പനൊരു പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന്റെ ലീഡുയര്‍ത്തി. 29-ാം മിനിറ്റില്‍ കിടിലന്‍ ടീം വര്‍ക്കിലൂടെ റിച്ചാര്‍ലിസന്‍ ബ്രസീലിന്റെ ലീഡ് മൂന്ന് ഗോളാക്കി ഉയര്‍ത്തി. ഏഴ് മിനിറ്റിന് ശേഷം ലൂക്കാസ് പക്വേറ്റ, ബ്രസീലിന്റെ വിജയം ഉറപ്പിച്ച ഗോളും നേടി.

വിജയമുറപ്പാക്കിയ ശരീരഭാഷയുമായാണ് ബ്രസീല്‍ രണ്ടാം പകുതി കളിച്ചത്. അതിനാല്‍ തന്നെ തിടുക്കെപ്പെട്ടുള്ള ആക്രമണ നീക്കങ്ങളൊന്നും അധികമുണ്ടായില്ല. എങ്കിലും ദക്ഷിണകൊറിയന്‍ ഗോളിയുടെ മികച്ച പ്രകടനം ബ്രസീലിന്റെ ചില മികച്ച നീക്കങ്ങള്‍ നിര്‍വീര്യമാക്കി. മറുവശത്ത് കൊറിയ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ക്ക് മുന്നില്‍ ബ്രസീലിന്റെ ഗോളി അലിസന്‍ ബക്കറും വന്മതില്‍ തീര്‍ത്തി. ഇതിനിടെ 76-ാം മിനിറ്റില്‍ സുങ് ഹോ പൈക്ക് നേടിയ കിടിലന്‍ ഗോള്‍ കൊറിയക്ക് ആശ്വസിക്കാന്‍ വക നല്‍കി.

ദോഹ: ഗോള്‍ഡന്‍ ബൂട്ടിനല്ല ലോകകപ്പ് നേടാനുള്ള ലക്ഷ്യവുമായാണ് ഖത്തറിലെത്തിയതെന്ന് ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.

‘ഗോള്‍ഡന്‍ ബൂട്ടിനായല്ല, ഈ ലോകകപ്പ് നേടാനാണ് ഞാന്‍ ഇവിടെ വന്നത്. അതില്‍ വിജയിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ സന്തോഷവാനായിരിക്കും’- എംബാപ്പെ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കുന്നില്ലെന്ന വിമര്‍ശനം എംബാപ്പെക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണവും താരത്തില്‍ നിന്നുണ്ടായി. ‘എന്തുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തതെന്ന് ചോദിക്കുന്നുണ്ട്, അതില്‍ വ്യക്തിപരമായി ഒന്നുമില്ല, മാധ്യമപ്രവര്‍ത്തകരോട് ദേഷ്യവുമില്ല, പക്ഷേ ടൂര്‍ണമെന്റിലും എന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്- എംബാപ്പെ വ്യക്തമാക്കി.

പോളണ്ടിനെതിരെ ഇരട്ടഗോളുകള്‍ കൂടി നേടിയതോടെ എംബാപ്പെ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലാണ്. നാല് കളികളില്‍ നിന്നാണ് എംബപ്പെ അഞ്ച് ഗോളുകള്‍ അടിച്ചുകയറ്റിത്. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തിരുന്നത്. രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെയ്ക്കാണ്. താരത്തിന്റെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഫ്രാന്‍സും. കരുത്തരായ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി. പോളണ്ടുമായുള്ള മത്സരത്തിന് പിന്നാലെയാണ് എംബാപ്പെ തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. ടീമിന്റെ മുന്നേറ്റത്തില്‍ ഏറ്റവുമധികം കയ്യടി നേടുന്ന താരവും എംബാപ്പെയാണ്.

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 186 റണ്‍സിന് ഇന്ത്യയെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. പത്താം വിക്കറ്റില്‍ മെഹ്ദി ഹസന്‍ – മുസ്തഫിസുര്‍ റഹ്മാന്‍ സഖ്യത്തിന്റ 51 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. മെഹ്ദി ഹസന്‍ 38 റണ്‍സാണെടുത്തത്. 73 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നജ്മുല്‍ ഹുസൈന്‍ (പൂജ്യം), അനാമുല്‍ ഹഖ് (14), ഷാകിബ് അല്‍ ഹസന്‍ (29), മുഷ്ഫിഖു റഹീം (18) മഹ്മൂദുല്ല (14), അഫിഫ് ഹുസൈന്‍ (ആറ്), ഇബാദത്ത് ഹുസൈന്‍ (പൂജ്യം), ഹസന്‍ മഹ്മൂദ് (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബംഗ്ലാദേശ് ബാറ്റര്‍മാരുടെ സകോര്‍ നില.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് 31 പന്തില്‍ 27 റണ്‍സും ശിഖര്‍ ധവാന്‍ 17 പന്തില്‍ ഏഴ് റണ്‍സുമെടുത്ത് പുറത്തായി. രോഹിതിനെ ശാകിബുല്‍ ഹസനും ധവാനെ മെഹ്ദി ഹസനും ബൗള്‍ഡാക്കുകയായിരുന്നു. വണ്‍ഡൗണായെത്തിയ കോഹ്ലി 15 പന്തില്‍ ഒമ്ബത് റണ്‍സ് മാത്രം നേടി മടങ്ങി. ശാകിബിന്റെ തന്നെ പന്തില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.

നാലാമതിറങ്ങിയ ശ്രേയസ് അയ്യര്‍ 39 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി. സുന്ദര്‍ 43 പന്തില്‍ 19 റണ്‍സാണ് നേടിയത്. ശാകിബിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ പിടിച്ചതോടെയാണ് താരം മടങ്ങിയത്. ഷഹബാസ് അഹമദിനെ ഇബാദത്ത് ഹൊസൈന്റെ പന്തില്‍ ശാകിബ് പിടികൂടി. 33ാം ഓവറില്‍ 152ന് നാല് എന്ന നിലയില്‍ നിന്ന് 35ാം ഓവറില്‍ 156ന് എട്ട് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.