ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍. സൂപ്പര്‍താരം ലയണല്‍ മെസ്സി (35-ാം മിനിറ്റ്), യുവതാരം ജൂലിയന്‍ അല്‍വാരസ് (57-ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പാത തുറന്നത്. ഓസ്‌ട്രേലിയയുടെ ആശ്വാസഗോള്‍ 77-ാം മിനിറ്റില്‍ പകരക്കാരന്‍ താരം ക്രെയ്ഗ് അലക്‌സാണ്ടര്‍ ഗുഡ്വിന്‍ നേടി.
പന്തടക്കത്തിലും പാസിങ്ങിലും അര്‍ജന്റീന ബഹുദൂരം മുന്നില്‍നിന്ന ആദ്യപകുതിയില്‍, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ അര്‍ജന്റീന ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്തു. ആസ്ത്രേലിയന്‍ ബോക്സിനുള്ളില്‍ അര്‍ജന്റീന കളിയുടെ തുടക്കത്തില്‍ തന്നെ ഭീതി സൃഷ്ടിച്ചിരുന്നു. മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട പൊളിക്കാന്‍ അര്‍ജന്റീനയ്ക്കായിരുന്നില്ല. കൂടുതല് സമയത്തും അര്‍ജന്റീന താരങ്ങളുടെ കാലില് തന്നെയിരുന്നു ബോള്‍. ആദ്യ പകുതിയില്‍ 35-ാം മിനിറ്റില്‍ മെസി ഗോള്‍വലകുലുക്കിയതോടെയാണ് കളി അതിന്റെ മുറുക്കത്തിലേക്ക് എത്തിയത്. ഒട്ടാമെന്‍ഡി നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച മെസ്സി ആസ്ത്രേലിയന്‍ ബോക്സിന്റെ 15 വാര അകലെ നിന്ന് ബുള്ളറ്റ് കണക്കെ തൊടുത്തുവിട്ടു. ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പറെ മറികടന്ന് വലയിലേക്ക്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.
ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58 ാം മിനിറ്റില്‍ ആല്‍വാരേസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാര്‍ പന്ത് ഗോളിക്ക് നല്‍കി. ഗോളി അത് ക്ലിയര്‍ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആല്‍വരെസ് അത് നേരെ വലയിലേക്ക് തൊടുത്തു. അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ഓസ്‌ട്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആസ്‌ത്രേലിയ. ഒരു ഗോള്‍ മടക്കിയത്. അര്‍ജന്റീന ഗോള്‍മുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്വിന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയില്‍ കയറുകയായിരുന്നു. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ. കളിയുടെ 65 -ാം മിനിറ്റില്‍ മനോഹരമായ ഡ്രിബ്ലിങ്ങുകളുമായി മെസ്സി കങ്കാരുപ്പടയുടെ ഗോള്‍വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും തൊടുത്ത ഷോട്ട് പിഴച്ചു. ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ലൗട്ടാറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ.

