Sports (Page 46)

ഐഎസ്എല്ലില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ പിച്ചിനുള്ള അവാര്‍ഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്. ഇത് രണ്ടാം തവണയാണ് ഐഎസ്എലിന്റെ ചരിത്രത്തില്‍ മികച്ച മൈതാനത്തിനുള്ള അവാര്‍ഡ് കൊച്ചി സ്റ്റേഡിയത്തിന് ലഭിക്കുന്നത്. 2018-19 സീസണിലും ഇന്ത്യ സൂപ്പര്‍ ലീഗില്‍ കൊച്ചി സ്റ്റേഡിയം മികച്ച മൈതാനത്തിനുളള പുരസ്‌കാരം നേടിയിരുന്നു.

കൊറോണ മഹാമാരിയില്‍ പ്രതിസന്ധിയിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് സീസണുകളും ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ആരാധകരുടെ ആരവങ്ങളും ഹോം അഡ്വാന്റേജും ഇല്ലാത്ത രണ്ട് വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാല്‍ ഈ വര്‍ഷം ഫുട്ബോള്‍ ആവേശം പൂര്‍വസ്ഥിതിയിലായ സീസണില്‍ ഏറ്റവും മികച്ച പിച്ചിനുള്ള അവാര്‍ഡ് കൊച്ചി സ്റ്റേഡിയത്തിനെ തേടിയെത്തുകയായിരുന്നു. പുരസ്‌കാര നിറവില്‍ ആരാധകര്‍ ആവേശത്തിലാണെങ്കിലും സൂപ്പര്‍ കപ്പിന് വേദിയാകാത്തതില്‍ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കൊച്ചി സ്റ്റേഡിയം മികച്ച പിച്ചിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയതോടെ പ്രതിരോധത്തിലാവുക കേരള ഫുട്ബോള്‍ അസോസിയേഷനും സൂപ്പര്‍ കപ്പിന്റെ സംഘാടകരുമാണ്. കേരളമാണ് ഇത്തവണത്തെ സൂപ്പര്‍ കപ്പ്് സീസണിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍, കൊച്ചി സ്റ്റേഡിയം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണത്തെ സൂപ്പര്‍ കപ്പ് നടക്കുക.

വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ നാണംകെട്ട തോല്‍വി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ 26 ഓവറില്‍ ഇന്ത്യ 117 റണ്‍സിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു ഭീഷണിയേ ആയില്ല. കേവലം 11 ഓവറില്‍ ഓപ്പണര്‍മാരായ മാര്‍ഷ് (36 പന്തില്‍ 66), ട്രാവിസ് ഹെഡ് (30 പന്തില്‍ 51) വിജയലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിനിംഗിനിറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കും സീന്‍ ആബട്ടും പൂട്ടുകയായിരുന്നു. സ്റ്റാര്‍ക്ക് അഞ്ചും സീന്‍ ആബട്ട് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 35 പന്തില്‍ 31 റണ്‍സെടുത്ത് വിരാട് കൊഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് റണ്‍സില്‍ നില്‍ക്കേയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ ആദ്യം പുറത്തായി. രണ്ട് പന്തുകള്‍ നേരിട്ട ഗില്‍ ഒരു റണ്‍സ് പോലും നേടാനാകാതെ പുറത്തായി. തുടര്‍ന്ന് രോഹിത് ശര്‍മയും വിരാടും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 15 പന്തില്‍ 13 റണ്‍സെടുത്തതിന് പിന്നാലെ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി രോഹിത് പുറത്താവുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് ആദ്യ ഏകദിനത്തിലേതുപോലെ കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെയെത്തിയ കെ എല്‍ രാഹുലിനും പത്ത് റണ്‍സ് തികയ്ക്കാനായില്ല. സീന്‍ ആബട്ടിന്റെ പന്തിലാണ് ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും പുറത്തായത്. അക്സര്‍ പട്ടേല്‍ 29 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നെങ്കിലും വാലറ്റക്കാര്‍ ഒന്നിനുപുറകേ ഒന്നായി മടങ്ങിയതോടെ ഇന്ത്യയ്ക്ക് 26ാം ഓവറില്‍ തന്നെ കളം വിടേണ്ടി വരികയായിരുന്നു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി യുപി വാരിയേഴ്സ്.

ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച് ജൈത്രയാത്ര തുടര്‍ന്ന് മുംബൈയെ യുപി ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ 127, യുപി വാരിയേഴ്സ്-19.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 129.

ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് വേണ്ടി ഹെയ്ലി മാത്യുസ് (30 പന്തില്‍ 35), ഇസി വോങ് (19 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 25) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണ്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. 28 പന്തില്‍ 39 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 25 പന്തില്‍ 38 റണ്‍സെടുത്ത തഹ്ലിയ മക്ഗ്രാത്ത് എന്നിവര്‍ യുപിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ തീയതി നിശ്ചയിച്ചു. ഫിഫ കൗണ്‍സില്‍ പുതിയ അന്താരാഷ്ട്ര മത്സര കലണ്ടറുകള്‍ അംഗീകരിച്ചതിനാലാണിത്.

പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സര കലണ്ടര്‍ 2025-2030 അനുസരിച്ച്, 2026 മുതല്‍ സെപ്തംബര്‍ അവസാനം/ഒക്ടോബര്‍ ആദ്യം 16-ദിവസവും നാല് മത്സര ജാലകവും മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഒമ്ബത്-ദിവസവും രണ്ട് മത്സര വിന്‍ഡോയും അവതരിപ്പിക്കും. നവംബര്‍. 2026 ഫിഫ ലോകകപ്പ് ഫൈനല്‍ 2026 ജൂലൈ 19 ന് നടക്കും. റുവാണ്ടയിലെ കിഗാലിയില്‍ നടക്കുന്ന 73-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ഫിഫ കൗണ്‍സില്‍ യോഗം ചേരുകയും നിരവധി സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു, പ്രത്യേകിച്ചും പുരുഷ-വനിതാ മത്സരങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട്, ഒരു സിന്‍ഹുവ റിപ്പോര്‍ട്ട് പറയുന്നു.

2026-ലെ ഫിഫ ലോകകപ്പിനുള്ള ഫോര്‍മാറ്റിലെ മാറ്റത്തിന് ഇത് ഏകകണ്ഠമായി അംഗീകാരം നല്‍കി, മൂന്ന് ഗ്രൂപ്പുകളുള്ള 16 ഗ്രൂപ്പുകളില്‍ നിന്ന് നാല് ഗ്രൂപ്പുകളുള്ള 12 ഗ്രൂപ്പുകളിലേക്കും മികച്ച രണ്ട്, എട്ട് മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളും 32 റൗണ്ടിലേക്ക് മുന്നേറുന്നു. 2024-2025 വനിതാ അന്താരാഷ്ട്ര മത്സര കലണ്ടറില്‍ പ്രതിവര്‍ഷം ആറ് അന്താരാഷ്ട്ര ജാലകങ്ങള്‍ അടങ്ങിയിരിക്കും. 2024 ലെ പാരീസ് ഒളിമ്ബിക് ഗെയിംസിന്റെ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കും.

മഡ്ഗാവ്: ബംഗളുരു എഫ്.സിയെ 4-3ന് പരാജയപ്പെടുത്തി എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി. ബ്രൂണോ റാമിറെസിന്റെ പെനാല്‍റ്റി കിക്ക് ഉജ്ജ്വലമായി സേവ് ചെയ്ത എ.ടി.കെ ഗോളി വിശാല്‍ ഖേയ്ത്താണ് മത്സരത്തിന് വിധിയെഴുതിയത്. പാബ്‌ളോ പെരസിന്റെ കിക്കും പാഴായത് ബംഗളുരുവിന് തിരിച്ചടിയായി.

ഇരു ടീമുകളും നിശ്ചിത സമയത്ത് 2-2ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി എക്‌സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടന്നത്. 14-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സുനില്‍ ഛെത്രി പെനാല്‍റ്റിയിലൂടെതന്നെ കളി സമനിലയിലാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ റോയ് കൃഷ്ണയിലൂടെ ബംഗളുരു മുന്നിലെത്തിയപ്പോള്‍ ഡിമിത്രിയോസിന്റെ അടുത്ത പെനാല്‍റ്റിയിലൂടെ എ.ടി.കെ കളി അധികസമയത്തേക്ക് നീട്ടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ത്തന്നെ ശിവശക്തി നാരായണന് പരിക്കേറ്റതിനാല്‍ ബംഗളുരു എഫ്.സിക്ക് സുനില്‍ ഛെത്രിയെ കളിക്കാന്‍ ഇറക്കേണ്ടിവന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ആക്രമിച്ചുകളിക്കാനാണ് ശ്രമിച്ചത്. ആദ്യ ഘട്ടത്തില്‍ എ.ടി.കെയ്ക്കായിരുന്നു മുന്‍തൂക്കം. ബംഗളുരുവിന്റെ ബോക്‌സിനുള്ളിലേക്ക് പല ശ്രമങ്ങളും അവര്‍ നടത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. എ.ടി.കെ എടുത്ത ഒരു കോര്‍ണര്‍ കിക്ക് ബോക്‌സിന് മുന്നില്‍ നിന്ന് ക്‌ളിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബംഗളുരു താരം റോയ് കൃഷ്ണയുടെ കയ്യില്‍തട്ടിപ്പോവുകയായിരുന്നു. ഹാന്‍ഡ്ബാള്‍ ഫൗളിന് ലഭിച്ച പെനാല്‍റ്റിയാണ് ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയുടെ ഗോളാക്കി മാറ്റിയത്. ഐ.എസ്.എല്‍ ഫൈനലില്‍ പെനാല്‍റ്റിയിലൂടെ പിറക്കുന്ന ആദ്യ ഗോളായിരുന്നു പെട്രാറ്റോസിന്റേത്. തുടര്‍ന്നും എ.ടികെയുടെ ഭാഗത്തുനിന്ന് ചില മുന്നേറ്റങ്ങള്‍ കണ്ടു. മലയാളിതാരം ആഷിഖ് കുരുണിയനും പെട്രാറ്റോസുമായിരുന്നു കൊല്‍ക്കത്ത ക്‌ളബിനായി ശ്രമങ്ങള്‍ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബാണ് പെനാല്‍റ്റിയിലൂടെതന്നെ തിരിച്ചടിക്കാന്‍ ബംഗളുരുവിന് അവസരം ലഭിച്ചു. പെനാല്‍റ്റി ബോക്‌സിനുള്ളിലെ ഒരുലേറ്റ് ഫൗളിനാണ് റഫറി സ്‌പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത സുനില്‍ ഛെത്രി ഈസിയായി പന്ത് വലയിലേക്ക് ഉരുട്ടിക്കയറ്റി. 1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം തിരിച്ചെത്തിയ ഇരുടീമുകളും രണ്ടാം പകുതിയില്‍ ആവേശത്തോടെ കളിച്ചു. രണ്ടാം പകുതിയില്‍ എ.ടി.കെ നിരയില്‍ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റണ്‍ കോളാസോ 60-ാം മിനിട്ടില്‍ മികച്ച ഒരു അവസരമൊരുക്കി. എന്നാല്‍ ആദ്യ ഷോട്ട് ഗോളി തടുത്തത് റീബൗണ്ട് ചെയ്തുവന്നതും ഗോളാക്കാന്‍ പെട്രാറ്റോസിന് കഴിഞ്ഞില്ല.

പനാജി: ഐ.എസ്.എല്ലിന്റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് തീപ്പാറും കലാശപ്പോരാട്ടത്തിന് കിക്കോഫ്.

2020 ജനുവരിയിലാണ് മോഹന്‍ബഗാനുമായി എ.ടി.കെ ലയിക്കുന്നത്. ഇതിനുമുന്‍പ് മൂന്നുതവണ ഐ.എസ്.എല്‍ ജേതാക്കളായിരുന്നു എ.ടി.കെ. അതേസമയം, 2018-19 സീസണിലെ ചാംപ്യന്മാരായിരുന്നു ബംഗളൂരു എഫ്.സി. സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും എ.ടി.കെ ബെംഗളൂരുവിനെ തോല്‍പിച്ചിരുന്നു. ഇതിനുമുന്‍പ് ആറുതവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോഴും ഒരൊറ്റ മത്സരം മാത്രമാണ് ബംഗളൂരുവിന് ജയിക്കാനായത്. അതിനാല്‍, ഫൈനലില്‍ മാനസികമായ മേധാവിത്വം എ.ടി.കെയ്ക്കായിരിക്കും.

സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് എ.ടി.കെ ഫൈനലിലേക്ക് കുതിച്ചത്. അസാമാന്യ പോരാട്ടവീര്യവുമാണ് എ.ടി.കെ ഗോവയിലേക്ക് വരുന്നത്. ആകെ 17 ഗോളാണ് സീസണില്‍ ടീം വഴങ്ങിയത്. നായകന്‍ പ്രീതം കോട്ടാലും ബ്രെന്‍ഡന്‍ ഹാമിലും ഒരുക്കുന്ന പ്രതിരോധം തന്നെയാണ് ടീമിന്റെ ഈ വിജയക്കുതിപ്പിനു പിന്നില്‍. അവസാന നാല് മത്സരങ്ങളില്‍ ഹാമിലിനു പകരക്കാരനായി ഇറങ്ങിയ സ്ലാവ്കോ ദാമനോവിച്ച് തന്നെയായിരിക്കും പ്രീതത്തിനൊപ്പം ഫൈനലിലും പ്രതിരോധം കാക്കുക.

മുംബയ്: വനിതാ പ്രിമിയര്‍ ലീഗില്‍ ഗുജറാത്ത് ജയ്ന്റ്‌സ് 11 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഡല്‍ഹി 18.4 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാം ജയം നേടിയ നാലാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. പുറത്താകാതെ 33 പന്തില്‍ 51 റണ്‍സ് നേടുകയും ബൗളിംഗില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഗുജറാത്തിന്റെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് കളിയിലെ താരം.

മുംബൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ. കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഇന്ത്യ തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 50 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുന്‍ നിര ബാറ്റര്‍മാര്‍ കൂടാരം കയറി. മൂന്ന് വിക്കറ്റ് പിഴുത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍കസ് സ്റ്റോയ്നിസാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അഞ്ചാം ഓവറില്‍ വിരാട് കോഹ്ലിയേയും സൂര്യകുമാര്‍ യാദവിനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി സ്റ്റാര്‍ക്ക് ഇന്ത്യയെ ഞെട്ടിച്ച് കളഞ്ഞു. പിന്നീട് കെ.എല്‍ രാഹുലിനെ കൂട്ടു പിടിച്ച് സ്‌കോര്‍ പതിയെ ഉയര്‍ത്താനുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ശ്രമം. പത്താം ഓവറില്‍ ഗില്ലിനെ ലബൂഷെയിനിന്റെ കയ്യിലെത്തിച്ച് സ്റ്റാര്‍ക്ക് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടാണ് പാണ്ഡ്യയും രാഹുലും ക്രീസില്‍ ഒത്തു ചേര്‍ന്നത്. 25 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ അലക്ഷ്യമായൊരു ഷോട്ടിന് മുതിര്‍ന്ന് സ്റ്റോയിനിസിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീടാണ് രാഹുല്‍- ജഡേജ നിര്‍ണായ കൂട്ടുകെട്ട് പിറവിയെടുക്കുന്നത്.

നേരത്തേ ടോസ് നേടിയ ഇന്ത്യ ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 35 ഓവറില്‍ 188 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ ഓസീസ് ബാറ്റര്‍മാരും കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് മിച്ചല്‍ മാര്‍ഷ് വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 12ാം ഓവറില്‍ സ്മിത്തിനെ രാഹുലിന്റെ കയ്യിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴും മാര്‍ഷ് ടോപ് ഗിയറിലായിരുന്നു. ഒടുക്കം 19ാം ഓവറില്‍ ജഡേജക്ക് മുന്നില്‍ മാര്‍ഷ് വീണു. 65 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്‌സുമടക്കം 81 റണ്‍സെടുത്താണ് മാര്‍ഷിന്റെ മടക്കം. 26 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെയും 12 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഷമി കങ്കാരുക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഗ്ലെന്‍ മാക്സ്വെലിനെ ജഡേജ പുറത്താക്കിയപ്പോള്‍ മാര്‍കസ് സ്റ്റോയിനിസിനെ ഷമി കൂടാരത്തിലെത്തിച്ചു. ആദം സാംപയെയും സീന്‍ ആബോട്ടിനെയും പുറത്താക്കി സിറാജ് കങ്കാരു വധം പൂര്‍ത്തിയാക്കി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്ബര ഇന്ന് മുതല്‍ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ ആദ്യ മത്സരം ആരംഭിക്കുന്നത്. മാര്‍ച്ച് 19-ന് വിശാഖപട്ടണത്തും 22-ന് ചെന്നൈയിലുമായിരിക്കും പരമ്ബരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍ കളിക്കില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ശ്രേയാസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്ബറിലും കെഎല്‍ രാഹുല്‍ അഞ്ചാം നമ്ബറിലും കളിക്കും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ശാര്‍ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരില്‍ ഒരാളാവും മൂന്നാം പേസര്‍. ബാറ്റിംഗ് കൂടി പരിഗണിച്ച് ഠാക്കൂറിനാണ് സാധ്യത കൂടുതല്‍. രവീന്ദ്ര ജഡേജയ്ക്കൊപ്പം യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്കും അവസരം ലഭിക്കും.

ഓസ്ട്രേലിയന്‍ ടീമില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് നയിക്കുക. ഷോണ്‍ ആബട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സ്പെഷ്യലിസ്റ്റ് പേസര്‍മാരാകും, കാമറൂണ്‍ ഗ്രീനൊപ്പം മിച്ചല്‍ മാര്‍ഷോ മാര്‍ക്കസ് സ്റ്റോയിനിസോ ഓള്‍റൗണ്ടറായി കളിക്കും. ആദം സാമ്ബയാവും സ്പെഷ്യലിസ്റ്റ് ടീമിലെ സ്പിന്നര്‍.

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍. അശ്വിന്‍ ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോള്‍ ബാറ്റര്‍മാരില്‍ വിരാട് കോലി 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മികച്ച പ്രകടനമാണ് റാങ്ക് നിലനിറുത്താന്‍ അശ്വിന് തുണയായത്. പരമ്ബരയിലാകെ 25 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനായിരുന്നു പ്‌ളെയര്‍ ഒഫ് ദ സിരീസ്.

ബൗളര്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. പരിക്കിന്റെ പിടിയിലായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജസ്പ്രീത് ബുംറ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലായി. രവീന്ദ്ര ജഡേജ ഒരു പടിയിറങ്ങി ഒന്‍പതാം സ്ഥാനത്തായി. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ എട്ടാം റാങ്കിലെത്തി.

ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാട് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 13-ാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ സെഞ്ച്വറിയാണ് താരത്തിന് തുണയായത്.ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്ത് ഒമ്ബതാം റാങ്കിലുണ്ട്. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷേയ്നാണ് ഒന്നാമത്. ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിറുത്തി. അശ്വിനാണ് രണ്ടാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അക്ഷര്‍ പട്ടേല്‍ നാലാമതെത്തി.