മികച്ച മൈതാനത്തിനുള്ള അവാര്‍ഡ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‌

ഐഎസ്എല്ലില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ പിച്ചിനുള്ള അവാര്‍ഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്. ഇത് രണ്ടാം തവണയാണ് ഐഎസ്എലിന്റെ ചരിത്രത്തില്‍ മികച്ച മൈതാനത്തിനുള്ള അവാര്‍ഡ് കൊച്ചി സ്റ്റേഡിയത്തിന് ലഭിക്കുന്നത്. 2018-19 സീസണിലും ഇന്ത്യ സൂപ്പര്‍ ലീഗില്‍ കൊച്ചി സ്റ്റേഡിയം മികച്ച മൈതാനത്തിനുളള പുരസ്‌കാരം നേടിയിരുന്നു.

കൊറോണ മഹാമാരിയില്‍ പ്രതിസന്ധിയിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് സീസണുകളും ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ആരാധകരുടെ ആരവങ്ങളും ഹോം അഡ്വാന്റേജും ഇല്ലാത്ത രണ്ട് വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാല്‍ ഈ വര്‍ഷം ഫുട്ബോള്‍ ആവേശം പൂര്‍വസ്ഥിതിയിലായ സീസണില്‍ ഏറ്റവും മികച്ച പിച്ചിനുള്ള അവാര്‍ഡ് കൊച്ചി സ്റ്റേഡിയത്തിനെ തേടിയെത്തുകയായിരുന്നു. പുരസ്‌കാര നിറവില്‍ ആരാധകര്‍ ആവേശത്തിലാണെങ്കിലും സൂപ്പര്‍ കപ്പിന് വേദിയാകാത്തതില്‍ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കൊച്ചി സ്റ്റേഡിയം മികച്ച പിച്ചിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയതോടെ പ്രതിരോധത്തിലാവുക കേരള ഫുട്ബോള്‍ അസോസിയേഷനും സൂപ്പര്‍ കപ്പിന്റെ സംഘാടകരുമാണ്. കേരളമാണ് ഇത്തവണത്തെ സൂപ്പര്‍ കപ്പ്് സീസണിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍, കൊച്ചി സ്റ്റേഡിയം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണത്തെ സൂപ്പര്‍ കപ്പ് നടക്കുക.