ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ

മഡ്ഗാവ്: ബംഗളുരു എഫ്.സിയെ 4-3ന് പരാജയപ്പെടുത്തി എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി. ബ്രൂണോ റാമിറെസിന്റെ പെനാല്‍റ്റി കിക്ക് ഉജ്ജ്വലമായി സേവ് ചെയ്ത എ.ടി.കെ ഗോളി വിശാല്‍ ഖേയ്ത്താണ് മത്സരത്തിന് വിധിയെഴുതിയത്. പാബ്‌ളോ പെരസിന്റെ കിക്കും പാഴായത് ബംഗളുരുവിന് തിരിച്ചടിയായി.

ഇരു ടീമുകളും നിശ്ചിത സമയത്ത് 2-2ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി എക്‌സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടന്നത്. 14-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സുനില്‍ ഛെത്രി പെനാല്‍റ്റിയിലൂടെതന്നെ കളി സമനിലയിലാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ റോയ് കൃഷ്ണയിലൂടെ ബംഗളുരു മുന്നിലെത്തിയപ്പോള്‍ ഡിമിത്രിയോസിന്റെ അടുത്ത പെനാല്‍റ്റിയിലൂടെ എ.ടി.കെ കളി അധികസമയത്തേക്ക് നീട്ടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ത്തന്നെ ശിവശക്തി നാരായണന് പരിക്കേറ്റതിനാല്‍ ബംഗളുരു എഫ്.സിക്ക് സുനില്‍ ഛെത്രിയെ കളിക്കാന്‍ ഇറക്കേണ്ടിവന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ആക്രമിച്ചുകളിക്കാനാണ് ശ്രമിച്ചത്. ആദ്യ ഘട്ടത്തില്‍ എ.ടി.കെയ്ക്കായിരുന്നു മുന്‍തൂക്കം. ബംഗളുരുവിന്റെ ബോക്‌സിനുള്ളിലേക്ക് പല ശ്രമങ്ങളും അവര്‍ നടത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. എ.ടി.കെ എടുത്ത ഒരു കോര്‍ണര്‍ കിക്ക് ബോക്‌സിന് മുന്നില്‍ നിന്ന് ക്‌ളിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബംഗളുരു താരം റോയ് കൃഷ്ണയുടെ കയ്യില്‍തട്ടിപ്പോവുകയായിരുന്നു. ഹാന്‍ഡ്ബാള്‍ ഫൗളിന് ലഭിച്ച പെനാല്‍റ്റിയാണ് ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയുടെ ഗോളാക്കി മാറ്റിയത്. ഐ.എസ്.എല്‍ ഫൈനലില്‍ പെനാല്‍റ്റിയിലൂടെ പിറക്കുന്ന ആദ്യ ഗോളായിരുന്നു പെട്രാറ്റോസിന്റേത്. തുടര്‍ന്നും എ.ടികെയുടെ ഭാഗത്തുനിന്ന് ചില മുന്നേറ്റങ്ങള്‍ കണ്ടു. മലയാളിതാരം ആഷിഖ് കുരുണിയനും പെട്രാറ്റോസുമായിരുന്നു കൊല്‍ക്കത്ത ക്‌ളബിനായി ശ്രമങ്ങള്‍ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബാണ് പെനാല്‍റ്റിയിലൂടെതന്നെ തിരിച്ചടിക്കാന്‍ ബംഗളുരുവിന് അവസരം ലഭിച്ചു. പെനാല്‍റ്റി ബോക്‌സിനുള്ളിലെ ഒരുലേറ്റ് ഫൗളിനാണ് റഫറി സ്‌പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത സുനില്‍ ഛെത്രി ഈസിയായി പന്ത് വലയിലേക്ക് ഉരുട്ടിക്കയറ്റി. 1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം തിരിച്ചെത്തിയ ഇരുടീമുകളും രണ്ടാം പകുതിയില്‍ ആവേശത്തോടെ കളിച്ചു. രണ്ടാം പകുതിയില്‍ എ.ടി.കെ നിരയില്‍ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റണ്‍ കോളാസോ 60-ാം മിനിട്ടില്‍ മികച്ച ഒരു അവസരമൊരുക്കി. എന്നാല്‍ ആദ്യ ഷോട്ട് ഗോളി തടുത്തത് റീബൗണ്ട് ചെയ്തുവന്നതും ഗോളാക്കാന്‍ പെട്രാറ്റോസിന് കഴിഞ്ഞില്ല.