ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്. അശ്വിന് ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോള്‍ ബാറ്റര്‍മാരില്‍ വിരാട് കോലി 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മികച്ച പ്രകടനമാണ് റാങ്ക് നിലനിറുത്താന്‍ അശ്വിന് തുണയായത്. പരമ്ബരയിലാകെ 25 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനായിരുന്നു പ്ളെയര്‍ ഒഫ് ദ സിരീസ്.
ബൗളര്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. പരിക്കിന്റെ പിടിയിലായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജസ്പ്രീത് ബുംറ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലായി. രവീന്ദ്ര ജഡേജ ഒരു പടിയിറങ്ങി ഒന്‍പതാം സ്ഥാനത്തായി. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ എട്ടാം റാങ്കിലെത്തി.
ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാട് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 13-ാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ സെഞ്ച്വറിയാണ് താരത്തിന് തുണയായത്.ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്ത് ഒമ്ബതാം റാങ്കിലുണ്ട്. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷേയ്നാണ് ഒന്നാമത്. ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിറുത്തി. അശ്വിനാണ് രണ്ടാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അക്ഷര്‍ പട്ടേല്‍ നാലാമതെത്തി.

