Sports (Page 45)

ഡല്‍ഹി: ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. നിലവിലെ ചാമ്ബ്യന്‍ നിഖാത് സരിന്‍, ഒളിമ്ബിക്‌സ് വെള്ളിമെഡല്‍ ജേതാവ് ലവ്ലിന ബോര്‍ഗൊഹെയ്ന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യന്‍ നീതു ഘന്‍ഘാസ്, ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള സവീതി ബൂറ എന്നിവരാണ് ഫൈനലിലെത്തിയത്.

50 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയക്കെതിരെ 5-0ത്തിന്റെ ഏകപക്ഷീയ ജയം നേടിയാണ് നിഖാത് ആധികാരികമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 75 കിലോ വിഭാഗത്തില്‍ ചൈനയുടെ ലി ക്വിയാനെ സെമിയില്‍ 4-1ന് വീഴ്ത്തിയാണ് ലവ്ലിന തന്റെ കരിയറിലെ ആദ്യ ലോകചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയത്. നേരത്തേ രണ്ട് തവണ ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ വെങ്കലം നേടിയിട്ടുണ്ട് ലവ്ലിന. 81 കിലോ വിഭാഗത്തില്‍ സവീതി വാശിയേറിയ സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ സ്യൂ എമ്മ ഗ്രീന്‍ട്രീയെ കീഴടക്കിയാണ് (4-3) ഫൈനലിലെത്തിയത്. കഴിഞ്ഞ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് സവീതി. 48 കിലോ ഗ്രാം വിഭാഗം സെമിയില്‍ കസഖ്സ്ഥാന്റെ അല്യുവ ബല്‍കിബിക്കോവയെ ഇടിച്ചു തകര്‍ത്താണ് നീതു ഫൈനലുറപ്പിച്ചത്. പിന്നില്‍ നിന്ന് പൊരുതിക്കയറിയായിരുന്നു നീതു 5-2ന്റെ വിജയവും ഫൈനല്‍ യോഗ്യതയും സ്വന്തമാക്കിയത്.

മുംബയ്: എലിമിനേറ്റര്‍ മത്സരത്തില്‍ യു.പി വാരിയേഴ്‌സിനെ 72 റണ്‍സിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് വനിതാ ഐ.പി.എല്‍ ഫൈനലില്‍. ഫൈനലില്‍ മുംബയ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത ശേഷം യു.പി വാരിയേഴ്‌സിനെ 17.4 ഓവറില്‍ 110 റണ്‍സില്‍ ആള്‍ഔട്ടാക്കുകയായിരുന്നു. പുറത്താവാതെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം നാറ്റ് ഷീവര്‍ ബ്രണ്ടിന്റെ (38 പന്തുകളില്‍ 72 റണ്‍സ്, 9 ഫോറുകള്‍, രണ്ട് സിക്‌സ്)മികവിലാണ് മുംബയ് മികച്ച സ്‌കോറിലെത്തിയത്. യഷ്തിക ഭാട്യ (21) ഹേയ്ലി മാത്യൂസ് (26),അമേലിയ ഖെര്‍ (29) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്യെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ യു.പി നിരയില്‍ കിരണ്‍ നവ്ഗിരെ (43) മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഇസി വോംഗാണ് മുംബയ് ബൗളിംഗില്‍ തിളങ്ങിയത്. സൈക്ക ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാറ്റ് ഷീവര്‍ ബ്രണ്ട്,ഹേയ്ലി മാത്യൂസ്,കാലിത എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.

മുംബയ്യുടെ ഓപ്പണിംഗില്‍ യഷ്തിക ഭാട്യയും (21) ഹേയ്ലി മാത്യൂസും (26) ചേര്‍ന്ന് 4.2ഓവറില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്.യഷ്തികയെ പുറത്താക്കി അഞ്ജലി സര്‍വാനിയാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് ബ്രണ്ടും ഹേയ്ലിയും ചേര്‍ന്ന് മുന്നോട്ടുനയിച്ചു.പത്താം ഓവറില്‍ പര്‍ശവി ചോപ്രയാണ് ഹേയ്‌ലിയെ മടക്കി അയച്ചത്. തുടര്‍ന്ന് ഹര്‍മന്‍ പ്രീത് കൗര്‍(14), അമേലിയ ഖെര്‍ (29)എന്നിവരും പുറത്തായെങ്കിലും ബ്രണ്ടിന്റെ മികച്ച ഇന്നിംഗ്‌സ് മുംബയ്യെ മാന്യമായ സ്‌കോറിലെത്തിച്ചു.

ബസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി.

നിലവിലെ ചാമ്ബ്യനായിരുന്ന സിന്ധുവിനെ ഇന്‍ഡോനേഷ്യയുടെ പുത്രി കുസുമവര്‍ദാനിയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 15-21 21-12 18-21 ന് കീഴടക്കിയത്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയ്യ്ക്കും പ്രീ ക്വാര്‍ട്ടറില്‍ മടങ്ങേണ്ടിവന്നു. 8-21 8-21 എന്ന സ്‌കോറിന് ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപ്പോവാണ് പ്രണോയ്യെ കീഴടക്കിയത്.

ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രീകിക്ക് ഗോളുമായി തിളങ്ങിയ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പനാമയെ തോല്‍പ്പിച്ചത്.

ആദ്യപകുതി ഗോള്‍രഹിതമായി പനാമ സംരക്ഷിച്ചെങ്കിലും മെസിയുടെ സെറ്റ്പീസ് മികവില്‍ ആതിഥേയര്‍ വിജയം തുറന്നെടുക്കുകയായിരുന്നു. തിയാഗോ അല്‍മാഡ, മെസി എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മെസിയുടേത് കരിയറിലെ 800 -ാം ഗോളായിരുന്നു. ആദ്യ മത്സരത്തിനിറങ്ങിയ അര്‍ജന്റീന, ഖത്തര്‍ ലോകകപ്പില്‍ കളിച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. പന്തിനുമേല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും സ്വന്തം ഗോള്‍മുഖം അടച്ചുപ്രതിരോധിച്ച പാനമ, ലയണല്‍ സ്‌കലോനിയുടെ സംഘത്തെ ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ അനുവദിച്ചില്ല.

രണ്ടാം പകുതിയില്‍ കടുപ്പമേറിയ പ്രതിരോധം പാനമ തുടര്‍ന്നെങ്കിലും കളിയുടെ അവസാന ഘട്ടത്തില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ ആതിഥേയര്‍ എപ്പോള്‍ വേണമെങ്കിലും ഗോളടിക്കാം എന്നു തോന്നി. പൗളോ ഡിബാലയുടെ ഒരു പെനാല്‍ട്ടി അപ്പീല്‍ നിരസിക്കപ്പെട്ടതിനു പിന്നാലെ 25 മീറ്റര്‍ അകലെ വെച്ചു ലഭിച്ച ഫ്രീകിക്ക് ആണ് അര്‍ജന്റീനയുടെ ആദ്യഗോളിന് വഴിതുറന്നത്. കിക്കെടുത്ത മെസി ഗോള്‍കീപ്പറെ പൂര്‍ണമായി കീഴടക്കിയെങ്കിലും പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍ ഇടിച്ചുമടങ്ങി. റീബൗണ്ടില്‍ റോഡ്രിഗോ ഡിപോളിന്റെ ശ്രമം വിഫലമായെങ്കിലും ഒപ്പമെത്തിയ അല്‍മാഡയ്ക്കു പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് തടയാന്‍, അതുവരെ മികച്ച സേവുകളുമായി കളംനിറഞ്ഞ പാനമ കീപ്പര്‍ ഹോസ ഗെറ പൊസിഷനിലുണ്ടായിരുന്നില്ല. 89-ാം മിനുട്ടില്‍, തന്റെ 800-ാം കരിയര്‍ ഗോള്‍ കണ്ടെത്തിയ മെസി ലോകചാമ്ബ്യന്മാരുടെ വിജയമുറപ്പിച്ചു. ഇത്തവണ 22 മീറ്റര്‍ അകലെ നിന്ന് സൂപ്പര്‍ താരം ഉയര്‍ത്തിവിട്ട പന്ത് വായുവില്‍ വളഞ്ഞ് ഗോള്‍കീപ്പറുടെ ഇടതുവശത്തുകൂടിയാണ് പോസ്റ്റിലേക്ക് താണിറങ്ങിയത്. ഹോസെ ഗെറയുടെ മുഴുനീളന്‍ ഡൈവ് വിഫലമാക്കിയായിരുന്നു മെസിയുടെ ഗോള്‍. അര്‍ജന്റീനയ്ക്കു വേണ്ടി മെസിയുടെ 99-ാം ഗോള്‍ കൂടിയായിരുന്നു ഇത്.

വിമന്‍സ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍, ലോകത്തിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതോടെ, യോഗ്യത നേടിയ ടീമുകള്‍ പ്ലേഓഫില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഒടുവില്‍ മത്സരത്തിന്റെ ഉച്ചകോടിയിലെത്താനും താല്‍പ്പര്യപ്പെടും. അഞ്ച് ടീമുകളില്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വുമണ്‍, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് ഉദ്ഘാടന ഡബ്ല്യുപിഎല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായ രണ്ട് ടീമുകള്‍.

അതേസമയം, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയോഴ്സ് എന്നീ ടീമുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിന് ശേഷം പ്ലേ ഓഫിലെത്തി. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാര്‍ച്ച് 26 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍, മത്സരത്തിന്റെ ഉച്ചകോടി ഏറ്റുമുട്ടല്‍ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കും, ദി ബ്രിഡ്ജ് അനുസരിച്ച്, ഫൈനലിനുള്ള ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു.

മാര്‍ച്ച് 22, ചൊവ്വാഴ്ച ടിക്കറുകള്‍ വിറ്റുതീര്‍ന്നതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡബ്ല്യുപിഎല്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഫൈനല്‍ മത്സരത്തിന് അങ്ങനെയല്ല. ടൂര്‍ണമെന്റ് ഫൈനല്‍ ടിക്കറ്റുകള്‍ക്ക് 250 രൂപയാണ് ബിസിസിഐ ഈടാക്കിയിരുന്നത്.

ഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍. 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

46 ദിവസങ്ങളിലായി 48 മത്സരങ്ങളാണ് ആകെയുള്ളത്.അഹമ്മദാബാദ് കൂടാതെ ബംഗളുരു, ചെന്നൈ, ഡല്‍ഹി. ധര്‍മ്മശാല, ഗോഹട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബയ് തുടങ്ങിയ സ്റ്റേഡിയങ്ങളാണ് വേദികളായി പരിഗണിക്കുന്നത്. ഏഴുവര്‍ഷത്തിനുശേഷമാണ് ഐ.സി.സിയുടെ ഒരു വലിയ ടൂര്‍ണമെന്റ് ഇന്ത്യയിലേക്ക് വരുന്നത്.

ചെന്നൈ: ഇന്ത്യക്കെതിരായ പരമ്ബര 2-1ന് സ്വന്തമാക്കി ഓസ്‌ട്രേലിയ. 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 49.1ഓവറില്‍ 248 റണ്‍സില്‍ ഒതുക്കിയാണ് ഓസീസ് പരമ്ബര നേട്ടം ആഘോഷിച്ചത്.

മികച്ച സ്‌കോര്‍ ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരെ വരച്ച വരയില്‍ നിറുത്താന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് കളിയുടെ വിധിയെഴുതിയത്. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ ആഗറും ചേര്‍ന്നാണ് ഇന്ത്യയെ തളച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയും(54),ഹാര്‍ദിക് പാണ്ഡ്യയും (40),ശുഭ്മാന്‍ ഗില്ലും (37),കെ.എല്‍ രാഹുലും (32), രോഹിത് ശര്‍മ്മ(30)യുമാെക്കെ ചേസിംഗിനിടെ ഇടറിവീണപ്പോള്‍ ഇന്ത്യയ്ക്ക് വിജയവും അന്യമായി. ആദം സാംപ മാന്‍ ഒഫ് ദ മാച്ചായപ്പോള്‍ മിച്ചല്‍ മാര്‍ഷ് മാന്‍ ഒഫ് ദ സിരീസായി. ചെന്നൈയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.ട്രാവിസ് ഹെഡും (33),മിച്ചല്‍ മാര്‍ഷും (47) ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവരെ കൂടുതല്‍ നേരം വിളയാടാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരാണ് സ്‌കോര്‍ 269ലൊതുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ബൗളിംഗില്‍ തിളങ്ങി.

ഓസീസിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും ഹാര്‍ദിക്കാണ് വീഴ്ത്തിയത്. 10.5-ാം ഓവറില്‍ ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവേ ട്രാവിസ് ഹെഡിനെ കുല്‍ദീപിന്റെ കയ്യിലെത്തിച്ചാണ് ഹാര്‍ദിക് തുടങ്ങിയത്. തുടര്‍ന്നിറങ്ങിയ സ്മിത്തിനെ(0) അക്കൗണ്ട് തുടങ്ങാനാവും മുന്നേ 13-ാം ഓവറില്‍ കീപ്പര്‍ രാഹുലിന്റെ കയ്യിലെത്തിച്ചു. 15-ാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് ബൗള്‍ഡാവുകകൂടി ചെയ്തതോടെ ഓസീസ് 85/3 എന്ന നിലയിലായി. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും (23) മാര്‍നസ് ലാബുഷേയ്‌നും (28) പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും വിലങ്ങുതടിയായി കുല്‍ദീപ് എത്തി. 25-ാം ഓവറില്‍ വാര്‍ണറെ ഹാര്‍ദിക്കിന്റെ കയ്യിലെത്തിച്ച കുല്‍ദീപ് 29-ാം ഓവറില്‍ ലാബുഷേയ്‌നെ ഗില്ലിന്റെ കയ്യിലുമെത്തിച്ച് ഓസീസിനെ 138/5 എന്ന നിലയിലാക്കി. ആറാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത അലക്‌സ് കാരേയും (38),മാര്‍ക്കസ് സ്റ്റോയ്‌നിസും(25) ഓസീസിന് ഊര്‍ജം പകര്‍ന്നു.37-ാം ഓവറില്‍ സ്റ്റോയ്‌നിസിനെ ഗില്ലിന്റെ കയ്യിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 39-ാം ഓവറില്‍ കുല്‍ദീപ് കാരേയെ ബൗള്‍ഡാക്കിയതോടെ ഓസീസ് 203/7 എന്ന സ്‌കോറിലെത്തി. അവസാന ഓവറുകളില്‍ സീന്‍ അബ്ബോട്ട് (26),ആഗര്‍(17),സ്റ്റാര്‍ക്ക് (10),സാംപ (10) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് 269വരെയെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും(30) ശുഭ്മാന്‍ ഗില്ലും (37)ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പത്താം ഓവറില്‍ അബ്ബോട്ടിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 13-ാം ഓവറില്‍ ഡി.ആര്‍.എസിലൂടെ ആദം സാംപ ഗില്ലിനെ എല്‍.ബിയില്‍ കുരുക്കി. തുടര്‍ന്ന് ക്രീസിലൊരുമിച്ച വിരാടും കെ.എല്‍ രാഹുലും (32)ചേര്‍ന്ന് 27.5 ഓവറില്‍ 146ലെത്തിച്ചു. അവിടെവച്ച് രാഹുലിനെ സാംപ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സ്മിത്തിന്റെ സൂപ്പര്‍ ഫീല്‍ഡിംഗില്‍ അക്ഷര്‍ പട്ടേല്‍ (2)റണ്‍ഔട്ടായി.തുടര്‍ന്ന് ഹാര്‍ദിക്കും വിരാടും ചേര്‍ന്ന് മുന്നോട്ടു നയിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാടിനെ ആഗര്‍ മടക്കി അയച്ചു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ ബൗള്‍ഡായത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ഇത് തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലാണ് സൂര്യ നേരിട്ട ആദ്യ പന്തില്‍ പുറത്താവുന്നത്. ഇതോടെ ഇന്ത്യ 185/6 എന്ന നിലയിലായി.തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ (40),രവീന്ദ്ര ജഡേജ (18) എന്നിവര്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. തുടര്‍ന്ന് 48-ാം ഓവറില്‍ ഷമി ഒരോ ഫോറും സിക്‌സുമടിച്ചെങ്കിലും അടുത്ത പന്തില്‍ പുറത്തായി.

കാസര്‍കോട്: കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.

കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്. 20 വര്‍ഷമായി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന് സ്ഥാപനം നടത്തുകയും അവിടുത്തെ കായിക താരങ്ങളിലൂടെ രാജ്യാന്തര മെഡലുകളം ഇന്ത്യക്ക് നേടിത്തന്നു.

രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍വെല്‍സ്: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ അര്യാന സബലേങ്കയോട് പക വീട്ടി എലേന റൈബാക്കിന ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ വനിതാ ടെന്നിസ് കിരീടം നേടി.

ഇന്ത്യന്‍വെല്‍സ് ഫൈനലില്‍ സബലേങ്കയെ 7-6(11),6-4 എന്ന സ്‌കോറിനാണ് റൈബാക്കിന തോല്‍പ്പിച്ചത്. ഇവിടെ സെമിയില്‍ ഇഗ ഷ്വാംടെക്കിനെയും റൈബാക്കിന തോല്‍പ്പിച്ചിരുന്നു. കസാഖിസ്ഥാന്‍കാരിയായ റൈബാക്കിനയുടെ ആദ്യ ഡബ്‌ളിയു.ടി.എ 1000 കിരീടമാണിത്.

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിലക്ക് നേരിടാന്‍ സാധ്യത. കളിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു വുകോമനോവിച്ചിന്റെ നടപടി എന്നാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംഭവത്തില്‍ വുകോമനോവിച്ചിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എന്ത് ശിക്ഷ നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

പ്ലേഓഫ് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍, ബെംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലിയായിരുന്നു താരങ്ങളെ കോച്ച് പിന്‍വലിച്ചത്.