കാലിടറി ടീം ഇന്ത്യ; ഓസീസിന് വമ്പന്‍ ജയം

വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ നാണംകെട്ട തോല്‍വി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ 26 ഓവറില്‍ ഇന്ത്യ 117 റണ്‍സിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു ഭീഷണിയേ ആയില്ല. കേവലം 11 ഓവറില്‍ ഓപ്പണര്‍മാരായ മാര്‍ഷ് (36 പന്തില്‍ 66), ട്രാവിസ് ഹെഡ് (30 പന്തില്‍ 51) വിജയലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിനിംഗിനിറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കും സീന്‍ ആബട്ടും പൂട്ടുകയായിരുന്നു. സ്റ്റാര്‍ക്ക് അഞ്ചും സീന്‍ ആബട്ട് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 35 പന്തില്‍ 31 റണ്‍സെടുത്ത് വിരാട് കൊഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് റണ്‍സില്‍ നില്‍ക്കേയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ ആദ്യം പുറത്തായി. രണ്ട് പന്തുകള്‍ നേരിട്ട ഗില്‍ ഒരു റണ്‍സ് പോലും നേടാനാകാതെ പുറത്തായി. തുടര്‍ന്ന് രോഹിത് ശര്‍മയും വിരാടും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 15 പന്തില്‍ 13 റണ്‍സെടുത്തതിന് പിന്നാലെ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി രോഹിത് പുറത്താവുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് ആദ്യ ഏകദിനത്തിലേതുപോലെ കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെയെത്തിയ കെ എല്‍ രാഹുലിനും പത്ത് റണ്‍സ് തികയ്ക്കാനായില്ല. സീന്‍ ആബട്ടിന്റെ പന്തിലാണ് ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും പുറത്തായത്. അക്സര്‍ പട്ടേല്‍ 29 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നെങ്കിലും വാലറ്റക്കാര്‍ ഒന്നിനുപുറകേ ഒന്നായി മടങ്ങിയതോടെ ഇന്ത്യയ്ക്ക് 26ാം ഓവറില്‍ തന്നെ കളം വിടേണ്ടി വരികയായിരുന്നു.