മുംബൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ. കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഇന്ത്യ തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 50 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുന്‍ നിര ബാറ്റര്‍മാര്‍ കൂടാരം കയറി. മൂന്ന് വിക്കറ്റ് പിഴുത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍കസ് സ്റ്റോയ്നിസാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അഞ്ചാം ഓവറില്‍ വിരാട് കോഹ്ലിയേയും സൂര്യകുമാര്‍ യാദവിനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി സ്റ്റാര്‍ക്ക് ഇന്ത്യയെ ഞെട്ടിച്ച് കളഞ്ഞു. പിന്നീട് കെ.എല്‍ രാഹുലിനെ കൂട്ടു പിടിച്ച് സ്‌കോര്‍ പതിയെ ഉയര്‍ത്താനുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ശ്രമം. പത്താം ഓവറില്‍ ഗില്ലിനെ ലബൂഷെയിനിന്റെ കയ്യിലെത്തിച്ച് സ്റ്റാര്‍ക്ക് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടാണ് പാണ്ഡ്യയും രാഹുലും ക്രീസില്‍ ഒത്തു ചേര്‍ന്നത്. 25 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ അലക്ഷ്യമായൊരു ഷോട്ടിന് മുതിര്‍ന്ന് സ്റ്റോയിനിസിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീടാണ് രാഹുല്‍- ജഡേജ നിര്‍ണായ കൂട്ടുകെട്ട് പിറവിയെടുക്കുന്നത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 35 ഓവറില്‍ 188 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ ഓസീസ് ബാറ്റര്‍മാരും കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് മിച്ചല്‍ മാര്‍ഷ് വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 12ാം ഓവറില്‍ സ്മിത്തിനെ രാഹുലിന്റെ കയ്യിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴും മാര്‍ഷ് ടോപ് ഗിയറിലായിരുന്നു. ഒടുക്കം 19ാം ഓവറില്‍ ജഡേജക്ക് മുന്നില്‍ മാര്‍ഷ് വീണു. 65 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്‌സുമടക്കം 81 റണ്‍സെടുത്താണ് മാര്‍ഷിന്റെ മടക്കം. 26 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെയും 12 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഷമി കങ്കാരുക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഗ്ലെന്‍ മാക്സ്വെലിനെ ജഡേജ പുറത്താക്കിയപ്പോള്‍ മാര്‍കസ് സ്റ്റോയിനിസിനെ ഷമി കൂടാരത്തിലെത്തിച്ചു. ആദം സാംപയെയും സീന്‍ ആബോട്ടിനെയും പുറത്താക്കി സിറാജ് കങ്കാരു വധം പൂര്‍ത്തിയാക്കി.

