Sports (Page 26)

ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ആറ് വര്‍ഷമായി ക്ലബ്ബിന്‍റെ മധ്യനിരയിലെ നിറസാന്നിധ്യമായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിലേക്ക് ചേക്കേറുന്ന സഹലിന് ഒരായിരും നന്ദിയെന്നാണ് ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബ്ലാസ്റ്റേഴ്സ് നടത്തി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ പ്രീതം കോടാലിനെ ബ്ലാസ്റ്റേഴ്സിന്‍രെ മഞ്ഞക്കുപ്പായത്തില്‍ എത്തിച്ചു.

കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്സ് കോടാലിന്‍റെ വരവിനെ വിശേഷിപ്പിക്കുന്നത്.
സഹലിനെ കൊടുത്ത് പ്രീതം കോടാലിനെ സ്വന്തമാക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ തുക എത്രയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. അത്യന്തം ഹൃദയഭാരത്തോടെയാണ് സഹലിന് യാത്രയയപ്പ് നല്‍കുന്നതെന്നും താരത്തിലെ എല്ലാ നന്‍മകളും നേരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് ട്വീറ്റില്‍ വ്യക്തമാക്കി.

രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യം തുടരുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 150 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യ ബാറ്റിങ്ങിലും കസറുകയാണ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

162 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ട്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ കൂറ്റന്‍ ലീഡ് ഇന്ത്യ നേടുമെന്നുറപ്പാണ്. ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിന് ഒരു തരത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല.യശ്വസി ജയ്‌സ്വാള്‍ (143) രോഹിത് ശര്‍മ (103) എന്നിവര്‍ സെഞ്ച്വറിയോടെ മിന്നിച്ചതാണ് ഇന്ത്യക്ക് കരുത്തായത്.

എന്നാല്‍ മൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങിയ ശുബ്മാന്‍ ഗില്ലിന് പിഴച്ചു. 11 പന്ത് നേരിട്ട് വെറും 6 റണ്‍സുമായാണ് ഗില്‍ പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹം നേടിയത്. ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായെത്തിയ ഗില്ലിന് മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അതേ സമയം ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍ മിന്നിക്കുകയും ചെയ്തു

2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ചാംപ്യൻഷിപ് ബാങ്കോക്കിലാണ് നടക്കുന്നത്. തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്. ‘ ഭഗവാന്‍ ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്‍ തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു.

ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു.

ഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം നിരവധി റെക്കോർഡുകളാണ് ഇന്ത്യൻ സ്റ്റാർ ഓഫ് സ്പിന്നർ ആർ അശ്വിൻ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റുമായി അദ്ദേഹം വിൻഡീസിന്റെ അന്തകനായി മാറിയിരിക്കുന്നു. അശ്വിൻന്റെ ചിറകിലേറി വിൻഡീസിനെ ആദ്യ ദിനം തന്നെ 150 റൺസിന് ഓൾ ഔട്ട് ആകുകയും ചെയ്തു. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ഡബ്ള്യു ടി സി ഫൈനലിൽ തഴയപ്പെട്ടതിന് കളിക്കളത്തിൽ ഫൈഫറുമായി അശ്വിൻ ടീം മാനേജ്മെന്റിന്റെ മറുപടി നൽകുകയായിരുന്നു.

24.3 ഓവറിൽ ആറു മെയ്ഡ്നുകളുൾപ്പെടെ 60 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിൻ 5 പേരെ പുറത്താക്കിയത്. വിൻഡീസ് നായകൻ ക്രെയ്ഗ്,ചന്ദർപോൾ,അത്താൻസേ,അൾസറി, ജോമേൽ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകൾ. ടെസ്റ്റ് ക്രിക്കറ്റിൽ 9 മത്സരങ്ങളിൽ നിന്ന് ഇത് അഞ്ചാമത്തെ തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.

ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡും ഇതോടെ അശ്വിൻ തകർത്തിരിക്കുകയാണ്.ആൻഡേഴ്സൺ 181 ടെസ്റ്റുകളാണ് ഇത്രയും ഫൈഫറുകൾക്കായി എടുത്തതെങ്കിൽ അശ്വിൻ വെറും 93 ടെസ്റ്റുകളിലൂടെ ഈ നേട്ടം കൈവരിച്ചു.ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അദ്ദേഹം. 132 ടെസ്റ്റുകളിൽ നിന്ന് 35 ഫൈഫറുകളുമായി മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ പേരിലാണ് ഓൾ ടൈം റെക്കോർഡ്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ഓപ്പണറായി യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി അരങ്ങേറുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓപ്പണർ ശുഭമാൻ ഗിൽ മൂന്നാം സ്ഥാനത്താകും ഇറങ്ങുക. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി,അജിങ്ക്യ രഹാനെ ഇഷാൻ കിഷൻ,രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ് തുടങ്ങിയവരാകും ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവൻ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറാകട്ടെയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. ‘‘ മധ്യനിരയിൽ ഇപ്പോൾ സൂര്യകുമാർ യാദവുണ്ട്. സഞ്ജുവും സൂര്യയും തമ്മിൽ ഒരു മത്സരം ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.

സഞ്ജു തീർച്ചയായും ഒരു ടോപ് ഓർഡർ‌ ബാറ്ററാണ്. സൂര്യ നാലോ, അഞ്ചോ ആയൊക്കെയാണു കളിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററായും നിങ്ങൾക്കു സഞ്ജു സാംസണെ കാണാന്‍ സാധിക്കും.’’ എന്നാണ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ല എന്ന പാക്ക് കായികമന്ത്രി ഇഹ്സാൻ മസാരിയുടെ പ്രഖ്യാപനം വലിയ രീതിയിൽ തന്നെ ചർച്ചയായിരിക്കുകയാണ്. ‘ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരില്ലെങ്കിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ഇന്ത്യയിലേക്കുമില്ല’ എന്നാണ് മസാരി പറഞ്ഞത്.

ഏഷ്യാ കപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും മത്സരക്രമം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ രണ്ടു ടൂർണമെന്റുകളിലും പാക്കിസ്ഥാൻ പങ്കെടുക്കുന്നതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. മന്ത്രിയുടെ പ്രസ്താവനയിൽ ബിസിസിഐയോ ഐസിസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ രാജ്യാന്തര ക്രിക്കറ്റിലും ഇന്ത്യ–പാക്കിസ്ഥാൻ ബന്ധത്തിലും അതുണ്ടാക്കാൻ പോകുന്ന ചലനങ്ങൾ ചെറുതാവില്ല.

ഫുട്ബോളിനെ അത്രയേറെ സ്നേഹിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് മലപ്പുറംകാർ. മഴ എത്തിയാൽ മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്ക് പിന്നെ ആഘോഷമാണ്. ഫുട്ബോൾ ക്ലബ്ബുകൾ ചേർന്ന് മഡ് ഫുട്ബോൾ നടത്താറുണ്ട്. പാടത്ത് കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ ബൂട്ട് ഇടാതെയാണ് മത്സരം സംഘടിപ്പിക്കാറുള്ളത്. കണ്ടം കളി എന്ന് എന്ന് പലപ്പോഴും പരിഹസിക്കാറുള്ള ഈ ടൂർണമെന്റ് ടൂറിസം വകുപ്പ് പോലും ഏറ്റെടുത്തിട്ടുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം വകുപ്പ് സംഘടിപ്പിച്ച കണ്ടം കളിയാണ് ആവേശമായിരിക്കുന്നത്. ഒരു ടീമിൽ അഞ്ചുപേരാണ് കളത്തിലിറങ്ങിയത്. ടൂർണമെന്റിൽ സിൻസിയർ കവല ജേതാക്കളായി. ജാങ്കോസ് എഫ് സി കാരാടിനെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് കവല ജേതാക്കളായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

പാക് സർക്കാരിനെതിരെ മുൻ പിസിബി ചെയര്‍മാൻ ഖാലിദ് മഹ്മൂദ്. ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പാക് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ് പാക് സർക്കാരിനെതിരെ ഖാലിദ് രംഗത്തിറങ്ങിയത്. പാക്കിസ്ഥാൻ സർക്കാരിന്റേത് യുക്തിക്കു നിരക്കാത്ത തീരുമാനമാണെന്ന് ഖാലിദ് പറഞ്ഞത്.

‘‘പാക്കിസ്ഥാനില്‍ ഇന്ത്യ കളിക്കാൻ വരില്ലെന്നതു യാതൊരു തരത്തിലും ന്യായീകരിക്കാനാകില്ല. പക്ഷേ രാജ്യാന്തര തലത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇതല്ല. ലോകകപ്പ് കളിക്കുന്ന കാര്യം തീരുമാനിക്കാൻ പാക്കിസ്ഥാൻ മന്ത്രിമാരുടെ സമിതിയെ വച്ചത്, രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴയ്ക്കരുതെന്ന സർക്കാർ നയത്തിനു വിരുദ്ധമാണ്. ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നതിനു മുൻപ് സുരക്ഷാ സംഘം പരിശോധിക്കുമെന്നു പറയുന്നതിൽ തെറ്റില്ല.’’- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ മിന്നി തിളങ്ങി മലയാളി താരം മിന്നു മണി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിലെ ഓൾ റൗണ്ടറായ മിന്നു തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. ബംഗ്ളാദേശിന്റെ ഓപ്പണർ ഷമീമ സുല്‍ത്താനയെയാണ് മിന്നു ഔട്ട് ആക്കിയത്.

തന്‍റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് മിന്നു വിക്കറ്റ് സ്വന്തമാക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു.