Sports (Page 25)

പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാമത്തെ ദിനം മഴ കാരണം നിർത്തി വച്ചു. ഇതോടെ മാച്ച് സമനിലയിൽ അവസാനിച്ചു. വിജയം മുന്നിൽ കണ്ട് 365 റൺസിൽ തുടർന്ന വിൻഡീസ് നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായി. മഴ തുടരുന്നതിനാൽ ബാറ്റിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നതോടെ ഇന്ത്യയ്ക്ക് 1 – 0 എന്ന നിലയിൽ പരമ്പര സ്വന്തമായി.

മൂന്ന് മത്സരങ്ങളുള്ള ഏക ദിന പരമ്പര 27 നാണ് തുടങ്ങുന്നത്. നാലാം ദിനത്തെ മാച്ചിൽ അവസാന സെക്‌ഷനിൽ ക്രെയ്ഗ് ബ്രാത് വെയ്റ്റ് ( 28 ) കിർക്ക് മക്കൻസി ( 0 ) എന്നിവരുടെ വിക്കറ്റുകളാണ്‌ വിൻഡീസിന് നഷ്ടമായത്. സ്പിന്നർ രവി ചന്ദ്രൻ അശ്വിന്റെ 2 വിക്കറ്റാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

പാരീസ് : പി എസ് ജി താരങ്ങൾ ഏഷ്യൻ ഫ്രീ സീസൺ പര്യടനത്തിന് പുറപ്പെട്ടതോടെ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ഇത്തവണ പാരീസ് ക്ലബിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പായി. പി എസ് ജിയുമായുള കരാർ അവസാനിച്ചാൽ താൻ ക്ലബ് വിടുമെന്ന് എംബാപെ നേരത്തെ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ഫുട്ബോൾ ഇതിഹാസം മെസ്സിയും അടുത്തിടെയാണ് പി എസ് ജി വിട്ടത്. അതേ സമയം സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡുമായി താരം ധാരണയിൽ എത്തിചേർന്നെന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ കരാർ കാലാവധി തീർന്നാൽ ട്രാൻസ്ഫർ ഫീ കിട്ടില്ലെന്ന കാരണത്താൽ ഒന്നുകിൽ പുതിയ കരാർ ഒപ്പ് വയ്ക്കുക അല്ലെങ്കിൽ ഉടൻ ക്ലബ് വിടുക എന്ന ഓപ്‌ഷനാണ് എംബാപെയ്ക്ക് മുന്നിൽ ക്ലബ് വച്ചത്. പ്രീ സീസൺ സ്‌ക്വാഡിൽ എംബാപ്പെ ഇല്ലാത്തതിനാൽ താരത്തിന് പെട്ടെന്ന് തീരുമാനം എടുക്കേണ്ടതായുണ്ട്. സീസൺ മുഴുവൻ കളിക്കാതെയിരുന്ന് കരാർ കാലാവധി തീർക്കാൻ എംബാപ്പെ ശ്രെമിക്കുവോ എന്ന ആശങ്കയും ക്ലബ് അധികൃതർക്കുണ്ട്.

ചെന്നൈ : മണിപ്പൂരിലെ കായികതാരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം നൽകിയവരാണെന്നും അവരുടെ പരിശീലനം മുടങ്ങരുതെന്നും പ്രസ്താവിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് പേര് നൽകിയവരായ മേരി കോം, മീരാഭായി ചാനു തുടങ്ങിയ മികച്ച കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച സംസ്ഥാനമാണ് മണിപൂരെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ മണിപ്പൂരി താരങ്ങൾക്ക് പരിശീലനം നൽകാൻ സാഹചര്യമൊരുക്കുമെന്നും അതിനായി കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ‘എല്ലാ ഊരും നമ്മ ഊര്, എല്ലാ മക്കളും നമ്മ മക്കൾ ‘എന്നുപറഞ്ഞു കൊണ്ടാണ് മണിപ്പൂരി താരങ്ങൾക്ക് സ്റ്റാലിൻ ക്ഷണം നൽകിയത്.

ഏഷ്യൻ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയ മത്സരങ്ങൾ മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെയാണ് മണിപ്പൂരി കായികതാരങ്ങൾക്ക് ആശ്വാസമേകി തമിഴ്നാട് മുഖ്യമന്ത്രി വന്നത്. തമിഴ്നാട്ടിൽ പരിശീലനം ആഗ്രഹിക്കുന്ന മണിപ്പൂരി കായികതാരങ്ങൾക്ക് അവരുടെ വിവരം തമിഴ് നാട് സർക്കാരിന് മുൻപാകെ പങ്ക് വയ്ക്കുന്നതിന് ഫോൺ നമ്പരും മെയിൽ ഐഡിയും നൽകിയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

ഏഷ്യ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമി ഫൈനലിൽ എത്തിയിരിക്കുകയാണ്. കൊളംബോയിൽ വച്ചായിരുന്നു എമർജിങ് ഏഷ്യ കപ്പ് സെമി ഫൈനൽ നടന്നത്. ഇന്ത്യ 212 റൺസ് ഉയർത്തിയപ്പോൾ 160 റൺസിൽ ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. വിക്കറ്റ് പോകാതെ നോക്കിയിട്ടും 70 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് തകർന്നു വീണത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ 51 റൺസിനാണ് ഇന്ത്യ ജയിച്ചത്.

ഇതിനിടെ ഇന്ത്യൻ ബംഗ്ലാദേശ് താരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാറ്റിങ്ങിനിടയിലെ ഇരുപത്തിയാറാം ഓവറിൽ യുവരാജ് സിംഗ് ദോഡിയ എറിഞ്ഞ രണ്ടാം പന്തിൽ നിതിൻ ജോസ് ഡൈവിംഗ് ക്യാച്ച് എടുത്താണ് ബംഗ്ലാദേശ് താരം സൗമ്യ സർക്കാരിനെ പുറത്താക്കിയത്. എന്നാൽ താരം പുറത്തു പോകാതെ ക്രീസിൽ തന്നെ തുടർന്നതോടെ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ട് വിട്ടു പോകാൻ പറഞ്ഞതാണ് വാക്കേറ്റം ഉണ്ടാവാൻ കാരണം. പിന്നീട് ഇരു ടീമുകളും സംസാരിച്ച് പ്രശ്നം ഒത്തു തീർപ്പാക്കി.

പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാമത്തെ ക്രിക്കറ്റ് ദിനത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് വിരാട് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലിയുടെ അഞ്ഞൂറാമത്തെ മത്സരത്തിലാണ് സെഞ്ച്വറി ലഭിച്ചതെങ്കിലും ഇന്ത്യൻ നായകന് 121 റൺസ് എടുത്ത് പുറത്താകേണ്ടി വന്നു. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ മത്സരത്തിൽ 180 പന്തിൽ 10 ഫോറുകൾ എന്ന നിലയിലാണ് കോഹ്ലി നേട്ടം കൈവരിച്ചത്.രണ്ടാം ദിനത്തിൽ ഉച്ചയ്ക്ക് മത്സരം തീരുമ്പോൾ ഒന്നാം ഇന്നിങ്സിൽ 108 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലൂടെ 373 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ ടീം.

രവിചന്ദ്രൻ അശ്വിൻ 6 റൺസോടെയും ഇഷാൻ 18 റൺസോടെയും ക്രീസിലാണെങ്കിലും ഏഴാം വിക്കറ്റിൽ ഇരുവരും 13 റൺസ് കൂട്ടി ചേർത്തിട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ദിനത്തിൽ 87 റൺസോടെ കോഹ്‌ലിയും 36 റൺസോടെ ജഡേജയും ക്രീസിലുണ്ടായിരുന്നു. ക്രീസിലെ രണ്ട് കളിക്കാരുടെയും മികച്ച പ്രകടനം ഇരുവരും സെഞ്ച്വറിയും അർധ സെഞ്ച്വറിയും പൂർത്തിയാക്കാൻ സഹായകമായി.19 ഓവറിൽ 86 റൺസ് വഴങ്ങിയാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി കെമാർ റോച്ച് രണ്ട് വിക്കറ്റ് എടുത്തത്. ജോമൽ വാറികൻ, ഷാനൻ ഗബ്രിയേൽ, ജെയ്‌സൺ ഹോൾഡർ, എന്നിവർ വിക്കറ്റ് വീഴ്ത്തിയതോടെയാണ് കോഹ്ലി റൺ ഔട്ടായത്.

ന്യൂഡൽഹി : ഏഷ്യകപ്പ് ക്രിക്കറ്റിന്റ മത്സര ക്രമങ്ങൾ പുറത്തുവന്നപ്പോൾ താരങ്ങൾക്ക് പരിക്കേൽക്കുമോ എന്ന ആശങ്കയിൽ ഇന്ത്യൻ ടീം. മൂന്നു വട്ടമാണ് 15 ദിവസത്തിനിടെ പാകിസ്താനുമായി ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടത്. 15 ദിവസത്തിൽ 6 ഏകദിന മത്സരങ്ങളും ഫൈനലിൽ എത്തിയാൽ ഇന്ത്യക്ക് കളിക്കേണ്ടി വരും. ഇത്തരത്തിൽ കളിക്കുന്നത് പരിക്കിനുള്ള സാധ്യത കൂട്ടുമോ എന്നതാണ് ടീം ഇന്ത്യയുടെ ആശങ്ക. ഒക്ടോബറിൽ ലോകകപ്പുള്ളതിനാൽ താരങ്ങൾക്ക് ഏഷ്യ കപ്പിൽ പരിക്കേറ്റാൽ ടീം സെലക്ഷൻ പ്രതിരോധത്തിലാകാൻ സാധ്യതയുണ്ട് .

ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, കെ എൽ രാഹുൽ,ശ്രേയസ് അയ്യർ എന്നീ മുൻനിര താരങ്ങൾ ഇപ്പോൾ തന്നെ പരിക്കേറ്റ് പുറത്താണ്. ബാറ്റിങ് പരിശീലനം തുടങ്ങിയ കെ എൽ രാഹുൽ ഏഷ്യ കപ്പിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ലോകകപ്പ് കൂടി മുന്നിൽ കണ്ടാകും ഏഷ്യ കപ്പിൽ ഇന്ത്യ ടീം സെലക്ഷൻ നടത്തുന്നത്. സെപ്റ്റംബർ 2 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 4 ന് നേപ്പാളിനെതിരെയും ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിൽ കളിയുണ്ട്. ഓഗസ്റ്റ് 30 ന് പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ഏഷ്യ കപ്പിലെ ആദ്യ മത്സരം. പാകിസ്താനിലെ മുൾട്ടാനിൽ ഉദ്ഘാടനം നടക്കുന്ന മത്സരത്തിന്റെ ഫൈനൽ സെപ്റ്റംബർ 17 നാണ്.

കൊളംബോ : ഏഷ്യാകപ്പിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയിലെ കാൻഡിയിൽ സെപ്റ്റംബർ 2 ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. 4 മത്സരം പാകിസ്താനിലും ബാക്കി 9 മത്സരം ശ്രീലങ്കയിലുമെന്ന ഹൈബ്രിഡ് രീതിയിലുള്ള മത്സരമാണ് നടത്തുന്നത്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലയെന്ന് പറഞ്ഞതോടെയാണ് കളികൾ രണ്ട് രാജ്യങ്ങളിലായി നടത്താൻ തീരുമാനിച്ചത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കും.

സെപ്തംബർ 17 ന് കൊളംബോ യിൽ നടക്കുന്ന ഫൈനലിൽ ടീമുകൾ രണ്ട് ഗ്രൂപ്പുകളായി ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലും മൂന്നു വീതം ടീമുകളുള്ളതിനാൽ ഗ്രൂപ്പിലെ ഓരോ ടീമുകളും പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപിലെയും മുമ്പിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ സ്റ്റേജിലേക്ക് കടക്കും.സൂപ്പർ ഫോറിൽ നടക്കുന്ന മത്സരങ്ങളിൽ മുന്നേറുന്ന ടീമുകളാവും ഫൈനലിൽ പ്രവേശിക്കുന്നത്

ബെംഗളൂരു : പരിക്കേറ്റ് വിശ്രമത്തിലുള്ള പേസ് ബൗളർ ജസ്പ്രീത് ബുമ്ര കളിയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്നതായി വാർത്തകൾ. ഇത് വ്യക്തമാകുന്ന രീതിയിലാണ് ബുമ്ര പരിശീലനത്തിലേർപ്പെടുന്നതിന്റെ ചിത്രങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏക ദിന ലോകകപ്പിന് പോകാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ആശ്വാസകരമായ ഒരു വാർത്തയാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലാണ് ബുമ്ര അവസാനമായി പങ്കെടുത്തത്.

പരുക്കിന്റെ പിടിയിലുള്ള താരം ഏഷ്യ കപ്പിൽ പങ്കെടുക്കാൻ സാധ്യത കുറവാണെങ്കിലും വേഗം സുഖം പ്രാപിച്ചാൽ ഓഗസ്റ്റിൽ അയർലന്റിനെതിരെ നടക്കുന്ന പരമ്പര യിൽ പങ്കെടുക്കുമെന്നാണ് ടീം മാനേജ്‌മന്റ് പറയുന്നത്. ജൂൺ മുതലാണ് ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ബുമ്ര വീണ്ടും പരിശീലനം ആരംഭിച്ചത്. എന്നാൽ ബുമ്രയെ പരിക്ക് പൂർണമായും മാറിയ ശേഷമെ ടീമിൽ ഉൾപ്പെടുത്താവൂവെന്ന് പറഞ്ഞിരിക്കുകയാണ് സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് കോച്ച് രാംജി ശ്രീനിവാസൻ.

ലണ്ടൻ : സ്പെയിനിന്റെ കാർലോസ് അൽക്കാറസ് ഒടുവിൽ ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.റെക്കോർഡ് നേട്ടം ഉന്നം വച്ച് നീങ്ങിയ ജോക്കോവിച്ചിനെ അപ്രതീക്ഷിതമായി തോൽപ്പിച്ചാണ് അൽക്കാറസ് വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടത്.രണ്ടിനെതിരെ 3 സെറ്റുകൾക്കാണ് അൽക്കാരസിന്റെ ജയം. 6 – 1 ന് ആയിരുന്നു ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ ജോക്കോവിച്ച് മുന്നേറിയത് അൽക്കാറസിനെ നിഷ്പ്രഭനാക്കാൻ പ്രാപ്തനാക്കി. ഇതോടെ രണ്ടാം സെറ്റിൽ കളി സ്പാനിഷ് താരത്തിന്റെ കയ്യിലായി. രണ്ടാം സെറ്റ് 6 -6 എന്ന നിലയിൽ ട്രൈബ്രേക്കറിലേക്ക് നീണ്ടു. ഇതിലും വാശിയേറി നടന്ന പോരാട്ടത്തിൽ 8 – 6 ന് ട്രൈബ്രേക്കറിൽ വിജയിച്ച് കാർലോസ് അൽക്കാറസ് മുന്നേറി. മൂന്നാമത്തെ സെറ്റിലും സ്പാനിഷ് താരം കരുത്തുമായി നീങ്ങിയപ്പോൾ ജോക്കോവിച്ചിന് 6 – 1 എന്ന നിലയിൽ കാലിടറി. എങ്കിലും തോറ്റ് കൊടുക്കാതെ അടുത്ത സെറ്റ് 6 – 3ന് തിരികെ പിടിച്ചു. കലാശപ്പോരോട് കൂടിയാണ് 6 – 4 എന്ന നിലയിൽ അൽക്കാറസ് വിജയത്തിന്റെ നെറുകയെ ചുംബിച്ചത്.

ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങി ക്രിക്കറ്റിലെ നിയമ നിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). 2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിർദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) യോഗത്തിലാണ് തീരുമാനം. ഓരോ ലോകകപ്പിനും തൊട്ടു മുൻപുള്ള വർഷങ്ങളിൽ ഒഴികെ ദ്വിരാഷ്ട്ര പരമ്പരകൾ ഒഴിവാക്കണമെന്ന് എംസിസി നിർദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകൾ വർധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിർദേശം. ‘‘ഐസിസി ലോകകപ്പിൽ അല്ലാതെ പുരുഷന്മാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി സമിതി ചോദ്യം ചെയ്തു, 2027 ഐസിസി പുരുഷ ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങൾ ഗണ്യമായി കുറയ്ക്കാൻ ശുപാർശ ചെയ്തു.’’– എംസിസി അതിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിക്കുകയും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുകയും െചയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്തുന്നതിനു കൂടുതൽ ധനസഹായം നൽകണമെന്നും നിർദേശമുണ്ട്.