Sports (Page 2)

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ ബിസിസിഐ കൂടുതൽ നടപടി സ്വീകരിക്കാൻ സാധ്യത. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. താരങ്ങൾക്കെതിരെ ഇനിയും കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

ഇരുവുരെയും കൂടുതൽ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ പോലും താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ വരുന്ന ടി20 ലോകകപ്പിൽ രണ്ട് പേർക്കും സ്ഥാനം നേടാൻ കഴിയില്ല.

രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. തുടർന്നാണ് ബിസിസിഐ ഇരുവരെയും വാർഷിക കരാറിൽ നിന്നും ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്‌മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.

അതേസമയം, ഇഷാനെ പരിഗണിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകൾ വർധിക്കും. സഞ്ജുവിന് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രം മതിയാകും.

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ബിസിസിഐ നിർദേശം അവഗണിച്ചതിനാണ് നടപടിയെന്നാണ് വിവരം. വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ആരാധകർ നടത്തുന്നത്. ഇതിനിടെ വിഷയത്തിൽ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്.

നിയമം എന്തുകൊണ്ടാണ് എല്ലാ ക്രിക്കറ്റർമാർക്കും ഒരുപോലെ അല്ലാത്തത് എന്ന് പത്താൻ ചോദിക്കുന്നു. ഹാർദിക് പാണ്ഡ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു പത്താന്റെ ട്വീറ്റ്. പരിക്കിന് ശേഷം ഐപിഎൽ 2024 സീസൺ മുൻനിർത്തി പരിശീലനം തുടങ്ങിയ ഹാർദിക് മുംബൈയിലെ പ്രാദേശിക ടൂർണമെൻറിൽ അടുത്തിടെ കളിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു പത്താന്റെ ട്വീറ്റ്. ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ കരാർ നീട്ടി നൽകിയിരുന്നു.

ഇഷാൻ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക് പാണ്ഡ്യയെ പോലെ റെഡ് ബോൾ ക്രിക്കറ്റ് കളിക്കാത്ത താരങ്ങൾ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാറുണ്ടോ. ഇത്തരത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെങ്കിൽ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്ന് പത്താൻ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.

മുംബൈ: യുവതാരങ്ങൾക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യം കൂട്ടാനായി ബിസിസിഐ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് യുവതാരങ്ങൾ ഐപിഎല്ലിന് പിന്നാലെ പോവുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ നടപടികളെ കുറിച്ച് ചിന്തിക്കാൻ ആരംഭിച്ചത്. ടെസ്റ്റ് താരങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

കലണ്ടർ വർഷത്തിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നൽകുന്ന രീതിയിൽ പ്രതിഫലഘടന പരിഷ്‌ക്കരിക്കാനും ബിസിസിഐ പദ്ധതിയിടുന്നു. നിലവിൽ വാർഷിക കരാറിൽ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്.

ഏകദിനത്തിൽ ഇത് ആറ് ലക്ഷവും ടി20യിൽ മൂന്ന് ലക്ഷവുമാണ്. മാച്ച് ഫീസ് ഇനത്തിൽ വർധന വരുത്തിയില്ലെങ്കിലും കൂടുതൽ ടെസ്റ്റ് കളിക്കുന്നവർക്ക് വാർഷിക ബോണസ് എന്ന രീതിയിൽ കൂടുതൽ തുക നൽകണമെന്ന് ബിസിസിഐ പദ്ധതിയിടുന്നു. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ബിസിസിഐ ഇതുവരെ സ്വീകരിച്ചിട്ടില്ല. താരങ്ങളുടെ പ്രതിഫലം ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ വാർഷിക കരാർ പ്രകാരം എ+ കാറ്റഗറി താരങ്ങൾക്ക് ഏഴ് കോടിയാണ് പ്രതിഫലം. എ ഗ്രേഡിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി. ബി ഗ്രേഡിലുള്ളവർക്ക് മൂന്ന് കോടിയും സി ഗ്രേഡുകാർക്ക് ഒരു കോടിയും ലഭിക്കും.

ന്യൂഡൽഹി: ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. അമ്പയറെ അസഭ്യം പറഞ്ഞതിനാണ് നടപടി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നുവെന്ന് ഐസിസി വ്യക്തമാക്കി.

ശ്രീലങ്ക – അഫ്ഗാനിസ്താൻ ടി20 മത്സരത്തിനിെയാണ് സ്‌ക്വയർ ലെഗ് അമ്പയറായ ലിൻഡൻ ഹാനിബലിനെതിരേ അസഭ്യം വനിന്ദു അസഭ്യം പറഞ്ഞത്. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. ഈ ഘട്ടത്തിൽ അഫ്ഗാൻ താരം വഫാദർ മോമന്ദ് ഫുൾടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെൻഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെയാണ് താരം അമ്പയറിനെ അസഭ്യം പറഞ്ഞത്.

ഈ മത്സരത്തിൽ ശ്രീലങ്ക മൂന്ന് റൺസിന് പരാജയപ്പെടുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേർന്നാണെങ്കിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കിൽ അത് ബാറ്ററുടെ തലയിൽ പതിക്കുമായിരുന്നു. അമ്പയർ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലതെന്നും ഹസരങ്ക അറിയിച്ചിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുകയാണ് തിരമിപ്പോൾ. ഷമിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. യുകെയിൽ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക് ഭേദമാക്കാനാകുവെന്ന് വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയത്. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാണ് ഷമിയുടെ തീരുമാനം.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഷമി. കാലിലെ പരിക്കു കാരണം ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി മത്സരിച്ചത്. ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തിയ ഷമി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. ഈ കുത്തിവെപ്പ് ഫലം ചെയ്യാതെ വന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ താരം തീരുമാനിച്ചത്.

ശസ്ത്രക്രിയ നടത്താൻ വേണ്ടി താരം ഉടൻ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ ആണ് തീയതി പുറത്തു വിട്ടത്. മാർച്ച് 22-ാം തീയതി ചെന്നൈയിൽ വെച്ച് ഐപിഎല്ലിന്റെ 17-ാം എഡിഷന് തുടക്കും കുറിക്കും.

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണേഴ്‌സ് അപ്പുകളായ ഗുജറാത്ത് ടൈറ്റൻസുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം വരാൻ സാധ്യതയുള്ളതെന്നാണ് വിവരം.

ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്റെ പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിടാൻ സാധ്യത. ഇക്കുറി ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുക എന്ന് അരുൺ ധമാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിലെ പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളാണ് മത്സര രംഗത്തുള്ളത്.

വിശാഖപട്ടണം: രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശ് – കേരളം മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സിൽ 272 റൺസാണ് ആന്ധ്ര നേടിയത്. ബേസിൽ തമ്പി നാല് വിക്കറ്റ് നേടി.

കേരളം മറുപടി ബാറ്റിംഗിൽ ഏഴിന് 514 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 242 റൺസിന്റെ ലീഡാണ് കേരളം നേടിയിരുന്നത്. കേരളത്തിന്റെ സ്‌കോർ ഉയർത്തിയത് അക്ഷയ് ചന്ദ്രൻ (184), സച്ചിൻ ബേബി (113) എന്നിവരുടെ ഇന്നിംഗ്സാണ്.

പിന്നീട് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്ര ഒമ്പതിന് 189 എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ബേസിൽ തമ്പി, ബേസിൽ എൻ പി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ജയമാണ് കേരളം നേടിയത്. കേരളം നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തു. ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി.

വെല്ലിംഗ്ടൺ: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആധികാരിക ജയവുമായി ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര 2-0ന് വിജയിച്ചപ്പോൾ ശ്രദ്ധ നേടിയത് മുൻ നായകൻ കെയ്ൻ വില്യംസണായിരുന്നു. അദ്ദേഹമായിരുന്നു ടീമിനെ മുന്നിൽ നിന്നും നയിച്ചത്. 92 വർഷത്തിനിടെ കളിച്ച 18 ടെസ്റ്റ് പരമ്പരകളിൽ ആദ്യമായാണ് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടുന്നത്.

രണ്ടാം ഇന്നിംഗ്‌സിൽ 269 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് ഏഴ് വിക്കറ്റിന് ജയിച്ചു കയറിയപ്പോൾ 133 റൺസുമായി വില്യംസൺ പുറത്താകാതെ നിന്നു. 32-ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറിൽ വില്യംസൺ സെഞ്ചുറി നേട്ടത്തിൽ സ്റ്റീവ് സ്മിത്തിനൊപ്പം(32) എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിംഗ്‌സുകളിൽ 32 സെഞ്ചുറി തികക്കുന്ന താരമെന്ന റെക്കോർഡും വില്യംസൺ നേടി.

72 ഇന്നിംഗ്‌സുകളിൽ നിന്നാണ് വില്യംസൺ 32-ാം സെഞ്ചുറിയിലെത്തിയത്. വിരാട് കോലി 191 ഇന്നിംഗ്‌സുകളിൽ നിന്നാണ് 29 സെഞ്ചുറികൾ നേടിയിട്ടുള്ളത്. സച്ചിൻ ടെൻഡുൽക്കർ സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് 179 ഇന്നിംഗ്‌സുകളായിരുന്നു.

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിനായി കേരള ടീം തയാർ. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചത്. അരുണാചൽപ്രദേശിലെ യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

തിരുവനന്തപുരം പൂവാർ സ്വദേശി നിജോ ഗിൽബർട്ട് ആണ് ടീം ക്യാപ്റ്റൻ. കേരള പൊലീസ് ടീം അംഗവും ആലുവ അശോകപുരം സ്വദേശിയുമായ ജി സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ. സന്തോഷ് ട്രോഫിയിൽ പുതുമുഖങ്ങളാണ് ടീമിലെ 10 പേർ. സതീവൻ ബാലനാണ് മുഖ്യപരിശീലകൻ. കെ പി അസീസാണ് സഹ പരിശീലകൻ. ഗോൾ കീപ്പിങ് കോച്ച് ഹർഷൽ റഹ്മാനാണ്. ടീം മാനേജർ മലപ്പുറം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ പി എം സുധീർ കുമാർ ആണ്.

എ ഗ്രൂപ്പിലാണ് കേരളം. അരുണാചൽപ്രദേശ്, ഗോവ, മേഘാലയ, സർവീസസ്, അസം ടീമുകളും എ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 21ന് ഉച്ചകഴിഞ്ഞ് 2.30 ന് അസമിനെതിരെ കേരളം ആദ്യ മത്സരത്തിനിറങ്ങും. 17ന് രാത്രി കേരള ടീം അരുണാചൽ പ്രദേശിലേക്കു യാത്രതിരിക്കും. പ്രാഥമിക റൗണ്ടിലിറങ്ങിയ ടീമിൽ 7 പ്രതിരോധ താരങ്ങളാണ് ഉണ്ടായിരുന്നത്. ഫൈനൽ സ്‌ക്വാഡിൽ 8 പ്രതിരോധ താരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: ഐപിഎൽ ലേലത്തിൽ ഉൾപ്പെടാൻ പുതിയ മാനദണ്ഡം ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ. ഐപിഎൽ. കളിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഏർപ്പെടുത്തുന്നത്.

ഇഷാൻ കിഷനടക്കം രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നാണ് വിവരം.

പല താരങ്ങളും രഞ്ജി ട്രോഫി കളിക്കാതെ ഐപിഎൽ മാത്രം കളിക്കുന്ന പ്രവണത പുലർത്തുന്നുണ്ട്. ഇത് തടയാൻ കൂടിയാണ് ബിസിസിഐയുടെ നീക്കം. ദേശീയ ടീമിൽ നിറംമങ്ങി പുറത്തായാൽ, മുഷ്താഖ് അലി ട്രോഫിയിൽ മികച്ച കളി കളിക്കുന്നവരുണ്ട്. അവർ റെഡ്ബോൾ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാൻ മൂന്നോ നാലോ രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നതെന്നും അതിൽ പങ്കെടുക്കാത്ത പക്ഷം, അവർക്ക് ഐപിഎലിൽ കളിക്കാനോ ലേലത്തിൽ ഉൾപ്പെടാനോ പോലും പറ്റില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.