Sports (Page 3)

ന്യൂഡൽഹി: ഐപിഎൽ ലേലത്തിൽ ഉൾപ്പെടാൻ പുതിയ മാനദണ്ഡം ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ. ഐപിഎൽ. കളിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഏർപ്പെടുത്തുന്നത്.

ഇഷാൻ കിഷനടക്കം രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നാണ് വിവരം.

പല താരങ്ങളും രഞ്ജി ട്രോഫി കളിക്കാതെ ഐപിഎൽ മാത്രം കളിക്കുന്ന പ്രവണത പുലർത്തുന്നുണ്ട്. ഇത് തടയാൻ കൂടിയാണ് ബിസിസിഐയുടെ നീക്കം. ദേശീയ ടീമിൽ നിറംമങ്ങി പുറത്തായാൽ, മുഷ്താഖ് അലി ട്രോഫിയിൽ മികച്ച കളി കളിക്കുന്നവരുണ്ട്. അവർ റെഡ്ബോൾ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാൻ മൂന്നോ നാലോ രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നതെന്നും അതിൽ പങ്കെടുക്കാത്ത പക്ഷം, അവർക്ക് ഐപിഎലിൽ കളിക്കാനോ ലേലത്തിൽ ഉൾപ്പെടാനോ പോലും പറ്റില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.

മത്സരത്തിന്റെ 39-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളിൽ മഞ്ഞപ്പടയാണ് മുന്നിലെത്തിയത്. എന്നാൽ ഈ ആഹ്ലാദത്തിന് വെറും മൂന്ന് മിനിറ്റ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. വിൽമർ ജോർദാൻ ഗില്ലിന്റെ ഗോളിലൂടെ പഞ്ചാബ് ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് 42-ാം മിനിറ്റിൽ സമനില ഗോൾ നേടി.62-ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ പഞ്ചാബിന് വേണ്ടി ഗോൾ നേടി. സ്‌കോർ (2-1).

മത്സരത്തിന്റെ 88-ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ലൂക്കാ മാസൻ ഗോൾ നേടി. ഇതോടെ സ്‌കോർ 3-1 ആയി. തുടർച്ചയായ രണ്ടാം തോൽവി നേരിട്ട കേരളം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. എട്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് കേരളം നേടിയിരിക്കുന്നത്.

ബാലി: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും നിയമിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ജയ് ഷാ ഈ പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നത്. ഇൻഡൊനേഷ്യയിലെ ബാലിയിൽ നടന്ന എസിസി വാർഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. മറ്റംഗങ്ങൾ ഏകകണ്ഠമായി തീരുമാനം അംഗീകരിച്ചു. ജയ് ഷാ ആദ്യമായി എസിസിയുടെ തലപ്പത്ത് എത്തിയത് 2021 ജനുവരിയിലാണ്. ജയ് ഷായുടെ നേതൃത്വത്തിലായിരുന്നു 2022ലും 2023ലും ഏഷ്യാകപ്പ് ടൂർണമെന്റുകൾ സംഘടിപ്പിച്ചത്. 2022ൽ ട്വന്റി20 ഫോർമാറ്റിലും 2023ൽ ഏകദിന ഫോർമാറ്റിലുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

അതേസമയം, എസിസി അംഗങ്ങൾക്ക് ജയ് ഷാ നന്ദി അറിയിച്ചു. ക്രിക്കറ്റിനെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ജയ് ഷാ വ്യക്തമാക്കി.

ലയണൽ മെസി അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ, അടുത്ത വർഷം മെസി എത്തുമെന്ന് മന്ത്രി പറഞ്ഞു.ഉദ്ഘാടന മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. അർജന്റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര 2025 ഒക്ടോബറിലാണ് കേരളത്തിലെത്തുക. നേരത്തെ തന്നെ ഈ വർഷം ജൂണിൽ എത്താൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ചർച്ചയായി.

കേരളത്തിൽ അർജന്റീന ടീം എത്തുന്നത് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ പ്രതികരിച്ചിരുന്നു.5000 കുട്ടികളെ പരിശീലിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും അർജൻ്റീനയുടെ സന്നദ്ധത അറിയിച്ചു.

മലയാളി താരം സഞ്ജു സാംസണിനെ അഫ്​ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നതിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആവേശത്തോടെ കളിയ്ക്കാൻ ഇറങ്ങിയെങ്കിലും താരത്തിന് ഒരു റൺസും എടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു. താരത്തിന് പുൾ ഷോട്ട് ശ്രമിക്കവേ പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറിൽ മൂന്നിന് 21 എന്ന നിലയിൽ നിൽക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. സൂപ്പർ ഓവറിൽ പിന്നീട് ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല.

എന്നാൽ സഞ്ജുവിന് വിക്കറ്റ് എടുക്കാൻ സാധിച്ചിരിന്നു.സ്റ്റംപിങിലൂടെ അഫ്​ഗാന്റെ മൂന്നു വിക്കറ്റുകളാണ് സഞ്ജു ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സഞ്ജുവിന്റെ ഒരു സ്റ്റംപിങ് വാഷിങ്ടൺ സുന്ദർ എറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്ത് സഞ്ജു കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു. പിന്നീട് 18ാം ഓവറിൽ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി.

കരീം ജന്നത്തിനെ മുകേഷ് കുമാർ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളിലാണ് സഞ്ജു റണ്ണൗട്ടാക്കിയത്. അതിനു ശേഷം ആദ്യത്തെ സൂപ്പർ ഓവറിൽ സഞ്ജു മറ്റൊരു കിടിലൻ റണ്ണൗട്ട് കൂടി നടത്തി. ഇത് ഗിൽബദിൻ നയ്ബിനെയായിരുന്നു. നിശ്ചിത ഓവറിൽ ഇരു ടീമുകളും 212 റൺസാണ് നേടിയത്. പിന്നീടാണ് ഇത് ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പർ ഓവറുകൾ നടന്നു. ഒടുവിൽ ജയം സ്വന്തമാക്കി ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് തൂത്തുവാരി.

ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. സമൂഹമാധ്യമങ്ങളിൽ യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയിരിക്കുകയാണ്. നാടകീയ രംഗങ്ങൾ അരങ്ങേറിയത് ഇൻഡോറിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ്. ആരാധകൻ ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചു.

തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ടുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് യുവാവിനെ കൊണ്ടുപോയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് പൊലീസ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിട്ടയച്ചു. പൂമാല അണിയിച്ചാണ് പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ കുടുംബവും സുഹൃത്തുക്കളും സ്വീകരിച്ചത്. ഈ സ്വീകരണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മികച്ച ഫുട്ബോൾ താരത്തിനുള്ള 2023ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡി എന്നിവരെ പിന്നലാക്കിയാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്ബോളർ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ്. മികച്ച പരിശീലകൻ, മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ്.

മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത് ഇത് നാലാം തവണയാണ്. നാല് തവണ ഫിഫ ബാലൺ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു വർഷക്കാലയളവിലെ 2022 ഡിസംബർ 19 മുതൽ ഉള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം വർഷവും മികച്ച വനിതാ പരിശീലകനായി സറീന വെയ്ഗ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഗോൾകീപ്പർ മേരി ഇയർപ്സാണ്. മാർട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.

ശേഷിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. താരം അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കളിക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്. മൂന്നാഴ്ച്ചകൾ മാത്രം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷിക്കെ, സൂപ്പർ താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. ടിം സീഫെർട്ട് വില്യംസണിന് പകരംഎത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെവൺ കോൺവെയ്‌ക്ക് പരമ്പരയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിക്കറ്റ് കീപ്പറായി പകരക്കാരനായി സീഫെർട്ടിനെ ഇറക്കുമെന്ന് സ്റ്റെഡ് സൂചന നൽകിയിരുന്നു. ന്യൂസിലൻഡ്, പരമ്പരയിൽ 2-0 മുന്നിലാണ്. ഹാംസ്ട്രിംഗിനെ തുടർന്നാണ് രണ്ടാം മത്സരത്തിൽ വില്യംസൺ പിൻവാങ്ങിയത്. മത്സരത്തിൽ 21 റൺസിനായിരുന്നു ന്യൂസിലൻഡ്.

കാലിന് പരിക്കേറ്റ എർലിംഗ് ഹാലൻഡ് ജനുവരി അവസാനം വരെ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള. പരിശീലനം പുനരാരംഭിക്കാൻ ഉടൻ കഴിയുന്നില്ലെന്നും സ്‌ട്രൈക്കറുടെ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലിന് ഡിസംബർ ആദ്യം പരിക്കേറ്റ ഹാലൻഡിന് സിറ്റിയുടെ അവസാന എട്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല.

നോർവീജിയൻ താരം ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലും ഉണ്ടാകില്ലെന്ന് പെപ് സ്ഥിരീകരിച്ചു. താരത്തിന് കുറഞ്ഞത് മൂന്ന് മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് സൂചന. ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളുമായിസിറ്റിയുടെ ടോപ് സ്കോററാണ് ഹാലൻഡ്. ഹാലൻഡ്, അബുദാബിയിലേക്ക് പോകുന്ന മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേരും. താരം അവിടെ വെച്ച് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്.

‘ഈ മാസം അവസാനത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ പരിക്ക് പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലായിരുന്നു. പരിക്ക് വലുതല്ലെങ്കിലും സമയമാണ് ഇവിടെ പ്രശ്നം’-പെപ് ഗാർഡിയോള പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.

ടീമിൽ വിരാട് കോലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെ കൂടാതെ കെ.എസ് ഭരത്, ആവേശ് ഖാൻ, പുതുമുഖമായി ധ്രുവ് ജുറെൽ എന്നിവരും ഉണ്ട്. ജുറെലിനെ പരി​ഗണിച്ചത് ഇഷാൻ കിഷന് പകരമായാണ്. ടെസ്റ്റ് പരമ്പര ജനുവരി 25-നാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഹൈദരാബാദിലാണ്. വിശാഖപട്ടണത്ത് ഫെബരുവരി രണ്ടിന് രണ്ടാം മത്സരം.

ടീം ഇന്ത്യ: രോഹിത് ശർമ്മ (C), എസ് ഗിൽ, വൈ ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, എസ് അയ്യർ, കെ എൽ രാഹുൽ (WK), കെ എസ് ഭരത് (WK), ധ്രുവ് ജൂറൽ (ഡബ്ല്യുകെ), ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (VC), അവേഷ് ഖാൻ.