ടി-20 ലോകകപ്പ്; ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ – വിരാട് കോലി സഖ്യം ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി സീനിയർ താരങ്ങളായ രോഹിത് ശർമ – വിരാട് കോലി സഖ്യം ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറും പ്രധാന കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. ഈ ചർച്ചയിൽ കാര്യങ്ങൾക്ക് തീരുമാനമായെന്നാണ് വിവരം.

ഐപിഎല്ലിൽ യുവതാരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്ത സഹാചര്യത്തിലാണ് മത്സരം രോഹിത് ശർമ-വിരാട് കോലി സഖ്യം ഓപ്പൺ ചെയ്യുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്ക് വേണ്ടി കളിക്കുന്ന കോലിക്ക് നൂറിൽ നൂറ് മാർക്കാണ് ബിസിസിഐ നൽകുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 361 റൺസാണ് കോലി ഇതുവരെ നേടിയത്.

കോലിയുടെ സ്ട്രൈക്ക് റേറ്റും മെച്ചപ്പെട്ടതാണ്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ എന്ന വനേട്ടവും കോലിയ്ക്കാണ്. ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉൾപ്പടെ 4037 റൺസാണ് കോലി ഇതുവരെ നേടിയത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ ഒമ്പത് മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ള കോലി ഒരു സെഞ്ചുറി ഉൾപ്പെടെ 400ലധികം റൺസ് നേടിയിട്ടുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എൽ രാഹുൽ, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്.