ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്; യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ട് വ്യാഴാഴ്ച്ച

റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയിന്റൊന്നുമില്ല.

യോഗ്യത റൗണ്ടിന്റെ ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി.