ആരാധകർക്ക് നിരാശ; മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും

മുംബൈ: സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്ടമാകും. കഴിഞ്ഞ വർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു പേസർ മുഹമ്മദ് ഷമി. 7 ഇന്നിംഗ്സിൽ 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. എന്നാൽ ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് ഏറ്റ പരിക്കാണ് ഷമിയ്ക്ക് തിരിച്ചടിയായത്. പിന്നീട് അദ്ദേഹത്തിന് ക്രിക്കറ്റിൽ നിന്‌നും മാറിനിൽക്കേണ്ടി വന്നു. ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പരിക്കിൽ നിന്നും താരം ഇതുവരെ പൂർണ്ണമുക്തി നേടിയിട്ടില്ല.

ഐപിഎൽ കഴിഞ്ഞയുടൻ ആരംഭിക്കുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. 2024 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെയാവും ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുകയെന്നാണ് റിപ്പോർട്ട്. ‘മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് ജയ് ഷാ വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എൽ രാഹുലിന് ഇഞ്ചക്ഷൻ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രാഹുൽ നിലവിലുള്ളതെന്നും ജയ് ഷാ അറിയിച്ചു.