ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കുക ധോണി ഒറ്റയ്ക്കായിരിക്കില്ല; മറ്റൊരാള്‍ കൂടിയുണ്ടാകുമെന്ന് മുൻ താരം

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച രസകരമായ നിരീക്ഷണങ്ങൾ നടത്തി മുൻ താരം അബാട്ടി റായുഡു. ഇത്തവണ ധോണി ഒറ്റക്കായിരിക്കില്ല ചെന്നൈയെ നയിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. ധോണിയെ സഹായിക്കാനായി മറ്റൊരു ക്യാപ്റ്റൻ കൂടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ അദ്ദേഹം ചെന്നൈ നായകനായി തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ഒരുപക്ഷെ ഈ സീസണോടെ ധോണി ഐപിഎല്ലിനോട് വിടപറയാൻ സാധ്യതയുണ്ട്. പൂർണമായും ഫിറ്റ് അല്ലെങ്കിൽ പോലും ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് താൻ കരുതുന്നത്. 10 ശതമാനം ഫിറ്റാണെങ്കിൽ പോലും ധോണി കളിക്കാൻ സാധ്യതയുണ്ട്. കാരണം, പരിക്കുകൾക്ക് അദ്ദേഹത്തെ ഒരിക്കലും തളർത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയോ തവണ പരിക്കുകൾ അവഗണിച്ച് കളിച്ചിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ സീസണിൽ പോലും കാൽ മുട്ടിലെ പരിക്കു വകവെക്കാതെയാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ മറ്റൊന്നും അദ്ദേഹത്തെ തടയില്ലെന്നും റായുഡു കൂട്ടിച്ചേർത്തു.