ടി-20 ലോകകപ്പ്; വിരാട് കോലിയെ ടീമിൽ നിന്നൊഴിവാക്കണമെന്ന ജയ് ഷായുടെ നിർദ്ദേശം രോഹിത് ശർമ തള്ളിയെന്ന് കീർത്തി ആസാദ്

ന്യൂഡൽഹി: വിരാട് കോലിയെ ടി-20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കണമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശം ക്യാപ്റ്റൻ രോഹിത് ശർമ തള്ളിയെന്ന് വെളിപ്പെടുത്തി മുൻ താരം കീർത്തി ആസാദ്. കോലിയുടെ ഗെയിമിനു പറ്റാത്ത സ്ലോ പിച്ചുകളിലാണ് ലോകകപ്പ് നടക്കുകയെന്നും അതുകൊണ്ട് കോലിയെ പുറത്താക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കീർത്തി ആസാദ് ഇതുസംബന്ധിച്ച പരാമർശവുമായി രംഗത്തെത്തിയത്. തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കീർത്തി ആസാദ് ഇക്കാര്യം അറിയിച്ചത്.

കോലിയെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന് മറ്റുള്ളവരെ സമ്മതിപ്പിക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കറിനോട് ജയ് ഷാ ആവശ്യപ്പെട്ടു എന്നാണ് കീർത്തി ആസാദ് വ്യക്തമാക്കുന്നത്. മാർച്ച് 15 വരെയാണ് അഗാർക്കറിന് ജയ് ഷാ സമയം നൽകിയിരുന്നത്. എന്നൽ, രോഹിത് അതിനു വിസമ്മതിച്ചു. എന്തുവില കൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു എന്നും കീർത്തി ആസാദ് വ്യക്തമാക്കി.

‘ഒരു സെലക്ടർ അല്ലാത്ത ജയ് ഷാ എന്തിനാണ് കോലിയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാൻ മറ്റുള്ളവരെ സമ്മതിപ്പിക്കണമെന്ന് അജിത് അഗാർക്കറിനോട് ആവശ്യപ്പെട്ടത്. ഇതിന് മാർച്ച് 15 വരെയാണ് സമയം നൽകിയത്. എന്നാൽ, സ്വയമോ മറ്റുള്ളവരെയോ സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. രോഹിത് ശർമയോടും ജയ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, എന്തു വിലകൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു. കോലി ലോകകപ്പ് കളിക്കും. ഇതുപോലുള്ളവർ സെലക്ഷനിൽ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.