Sports (Page 2)

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. കൊൽക്കത്തയെ ഈ സീസണിൽ ഐപിഎൽ ചാംപ്യൻമാരാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഗംഭീർ ആണ്. ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ഗംഭീർ ചർച്ച നടത്തിയിരുന്നു.

ബിസിസിഐയുമായി അടുപ്പമുള്ള മുതിർന്ന കമന്റേറ്റർമാരിൽ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തിൽ നിർണായകമായെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനിടെ ഗംഭീർ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതിന് പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാാരക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല.

ന്യൂഡൽഹി: 2024-25 സീസണിൽ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള നീക്കവുമായി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ കളിക്കാർക്ക് മതിയായ സമയം ലഭിക്കുന്നതിനും സീസണിലുടനീളം മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം സ്വീകരിക്കാനൊരുങ്ങുന്നത്.

ബിസിസിഐ സീസണിലെ ആഭ്യന്തര മത്സരങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരടുനിർദേശം അപെക്സ് കൗൺസിലിന് അയച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ ചർച്ച നടത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി വൈറ്റ് ബോൾ ടൂർണമെന്റുകളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയോടൊപ്പം തന്നെ ആരംഭിക്കാനാണ് നീക്കം. ആദ്യ അഞ്ച് ലീഗ് രഞ്ജി ട്രോഫി മത്സരങ്ങൾ സീസണിന്റെ ആദ്യത്തിലും ശേഷിച്ച രണ്ട് ലീഗ് മാച്ചുകളും നോക്കൗട്ടും സീസണിന്റെ അവസാനത്തിലും നടക്കും. രഞ്ജി ട്രോഫി രണ്ടാംഘട്ടം വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷമാണ് നടക്കുക.

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ.

അതേസമയം, സീനിയർ താരം കെ എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കി. റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ട്വന്റി 20യിൽ അരങ്ങേറ്റിയത് 2015 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 374 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

മുംബൈ: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി സീനിയർ താരങ്ങളായ രോഹിത് ശർമ – വിരാട് കോലി സഖ്യം ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറും പ്രധാന കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. ഈ ചർച്ചയിൽ കാര്യങ്ങൾക്ക് തീരുമാനമായെന്നാണ് വിവരം.

ഐപിഎല്ലിൽ യുവതാരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്ത സഹാചര്യത്തിലാണ് മത്സരം രോഹിത് ശർമ-വിരാട് കോലി സഖ്യം ഓപ്പൺ ചെയ്യുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്ക് വേണ്ടി കളിക്കുന്ന കോലിക്ക് നൂറിൽ നൂറ് മാർക്കാണ് ബിസിസിഐ നൽകുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 361 റൺസാണ് കോലി ഇതുവരെ നേടിയത്.

കോലിയുടെ സ്ട്രൈക്ക് റേറ്റും മെച്ചപ്പെട്ടതാണ്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ എന്ന വനേട്ടവും കോലിയ്ക്കാണ്. ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉൾപ്പടെ 4037 റൺസാണ് കോലി ഇതുവരെ നേടിയത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ ഒമ്പത് മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ള കോലി ഒരു സെഞ്ചുറി ഉൾപ്പെടെ 400ലധികം റൺസ് നേടിയിട്ടുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എൽ രാഹുൽ, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്.

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നാല് വിക്കറ്റിനാണ് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി 49 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 77 റൺസ് വിരാട് കോഹ്ലി നേടി.

അതേസമയം, പഞ്ചാബ് കിംഗ്സിന് വേണ്ടി കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് കിംഗ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് പഞ്ചാബ് കിംഗ്‌സ് നേടി. ക്യാപ്റ്റൻ ശിഖർ ധവാൻ 45(37), പ്രഭ്സിമ്രാൻ 25(17), ലിയാം ലിവിംഗ്സ്റ്റൺ 17(13), സാം കറൻ (23(17) ജിതേഷ് ശർമ്മ 27(20), ശശാങ്ക് സിംഗ് 21*(8) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോർ നേടിയത്.

ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യാഷ് ധയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 10 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് ഫിനിഷിംഗ് മികവിലൂടെ ടീമിനെ വിജയതീരത്ത് എത്തിച്ചു. എട്ട് പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന ഇംപാക്ട് സബ് മഹിപാൽ ലോംറോറും റോയൽ ചലഞ്ചേവ്‌സ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചു.

റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയിന്റൊന്നുമില്ല.

യോഗ്യത റൗണ്ടിന്റെ ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി.

ന്യൂഡൽഹി: വിരാട് കോലിയെ ടി-20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കണമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശം ക്യാപ്റ്റൻ രോഹിത് ശർമ തള്ളിയെന്ന് വെളിപ്പെടുത്തി മുൻ താരം കീർത്തി ആസാദ്. കോലിയുടെ ഗെയിമിനു പറ്റാത്ത സ്ലോ പിച്ചുകളിലാണ് ലോകകപ്പ് നടക്കുകയെന്നും അതുകൊണ്ട് കോലിയെ പുറത്താക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കീർത്തി ആസാദ് ഇതുസംബന്ധിച്ച പരാമർശവുമായി രംഗത്തെത്തിയത്. തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കീർത്തി ആസാദ് ഇക്കാര്യം അറിയിച്ചത്.

കോലിയെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന് മറ്റുള്ളവരെ സമ്മതിപ്പിക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കറിനോട് ജയ് ഷാ ആവശ്യപ്പെട്ടു എന്നാണ് കീർത്തി ആസാദ് വ്യക്തമാക്കുന്നത്. മാർച്ച് 15 വരെയാണ് അഗാർക്കറിന് ജയ് ഷാ സമയം നൽകിയിരുന്നത്. എന്നൽ, രോഹിത് അതിനു വിസമ്മതിച്ചു. എന്തുവില കൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു എന്നും കീർത്തി ആസാദ് വ്യക്തമാക്കി.

‘ഒരു സെലക്ടർ അല്ലാത്ത ജയ് ഷാ എന്തിനാണ് കോലിയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാൻ മറ്റുള്ളവരെ സമ്മതിപ്പിക്കണമെന്ന് അജിത് അഗാർക്കറിനോട് ആവശ്യപ്പെട്ടത്. ഇതിന് മാർച്ച് 15 വരെയാണ് സമയം നൽകിയത്. എന്നാൽ, സ്വയമോ മറ്റുള്ളവരെയോ സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. രോഹിത് ശർമയോടും ജയ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, എന്തു വിലകൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു. കോലി ലോകകപ്പ് കളിക്കും. ഇതുപോലുള്ളവർ സെലക്ഷനിൽ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച രസകരമായ നിരീക്ഷണങ്ങൾ നടത്തി മുൻ താരം അബാട്ടി റായുഡു. ഇത്തവണ ധോണി ഒറ്റക്കായിരിക്കില്ല ചെന്നൈയെ നയിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. ധോണിയെ സഹായിക്കാനായി മറ്റൊരു ക്യാപ്റ്റൻ കൂടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ അദ്ദേഹം ചെന്നൈ നായകനായി തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ഒരുപക്ഷെ ഈ സീസണോടെ ധോണി ഐപിഎല്ലിനോട് വിടപറയാൻ സാധ്യതയുണ്ട്. പൂർണമായും ഫിറ്റ് അല്ലെങ്കിൽ പോലും ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് താൻ കരുതുന്നത്. 10 ശതമാനം ഫിറ്റാണെങ്കിൽ പോലും ധോണി കളിക്കാൻ സാധ്യതയുണ്ട്. കാരണം, പരിക്കുകൾക്ക് അദ്ദേഹത്തെ ഒരിക്കലും തളർത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയോ തവണ പരിക്കുകൾ അവഗണിച്ച് കളിച്ചിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ സീസണിൽ പോലും കാൽ മുട്ടിലെ പരിക്കു വകവെക്കാതെയാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ മറ്റൊന്നും അദ്ദേഹത്തെ തടയില്ലെന്നും റായുഡു കൂട്ടിച്ചേർത്തു.

മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ മർദനമേറ്റ സംഭവത്തിൽ പോലീസിന് പരാതി നൽകി ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. അരീക്കോടാണ് സംഭവം. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂരാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നാണ് ഹസൻ ജൂനിയർ വ്യക്തമാക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ വീഡിയോ ഉൾപ്പെടെ ഹസൻ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

തന്നെ ബ്ലാക്ക് മങ്കിയെന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ചോദിക്കാൻ ചെന്ന തന്നെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും താരം ആരോപിച്ചു.

കേരളത്തിൽ കളിക്കാൻ ഭയമുണ്ട്. സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്കും പരാതി നൽകുമെന്നും താരം കൂട്ടിച്ചേർത്തു. മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു ഹസൻ ജൂനിയറിന് കാണികളുടെ മർദ്ദനമേറ്റത്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദ്ദനം.

മുംബൈ: സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്ടമാകും. കഴിഞ്ഞ വർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു പേസർ മുഹമ്മദ് ഷമി. 7 ഇന്നിംഗ്സിൽ 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. എന്നാൽ ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് ഏറ്റ പരിക്കാണ് ഷമിയ്ക്ക് തിരിച്ചടിയായത്. പിന്നീട് അദ്ദേഹത്തിന് ക്രിക്കറ്റിൽ നിന്‌നും മാറിനിൽക്കേണ്ടി വന്നു. ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പരിക്കിൽ നിന്നും താരം ഇതുവരെ പൂർണ്ണമുക്തി നേടിയിട്ടില്ല.

ഐപിഎൽ കഴിഞ്ഞയുടൻ ആരംഭിക്കുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. 2024 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെയാവും ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുകയെന്നാണ് റിപ്പോർട്ട്. ‘മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് ജയ് ഷാ വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എൽ രാഹുലിന് ഇഞ്ചക്ഷൻ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രാഹുൽ നിലവിലുള്ളതെന്നും ജയ് ഷാ അറിയിച്ചു.