കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 47ഓവറില്‍ 227 റണ്‍സ് ലക്ഷ്യവുമായി കളത്തില്‍ ഇറങ്ങിയ ലങ്ക 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് തന്നെയാണ് പരമ്പര (2-1).
മലയാളി താരം സഞ്ജു സാംസണ്‍ന്റെ ഏകദിന അരങ്ങേറ്റം കൂടിയായിരുന്നു മത്സരം. മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു 46 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പടെ 46 റണ്‍സെടുത്ത് പുറത്തായി. അര്‍ദ്ധസെഞ്ചുറിക്ക് അടുത്തെത്തിയ സഞ്ജുവിനെ ആവിഷ്‌ക ഫെര്‍ണാണ്ടോ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
മഴമൂലം ഇടയ്ക്ക് തടസപ്പെട്ട മത്സരത്തില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(13),പൃഥ്വി ഷാ (49) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തേ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. മഴയ്ക്ക് ശേഷം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ തുടരെ ലങ്കന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തി. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് സഞ്ജുവിനെ കൂടാതെ ലങ്കയ്‌ക്കെതിരെ ക്രീസില്‍ പിടിച്ചുനിന്നത്.
സഞ്ജു സാംസണ്‍ ഉള്‍പ്പടെ അഞ്ച് താരങ്ങളായിരുന്നു ലങ്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചത്. സഞ്ജുവിനൊപ്പം കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കറിയ, നിതീഷ് റാണ, രാഹുല്‍ ചാഹര്‍ എന്നിവരാണ് കന്നി മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത്.

