ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാന്‍ മലപ്പുറം സ്വദേശി എം.പി.ജാബിര്‍ ഇടം നേടിയതോടെ വാനോളം ഉയര്‍ന്ന് മലയാളികളുടെ അഭിമാനം. കഴിഞ്ഞ ദിവസം പട്യാലയില്‍ സമാപിച്ച ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയതാണു തുണച്ചത്. യോഗ്യതാ മാര്‍ക്ക് (48.90) കണ്ടെത്താനായില്ലെങ്കിലും ലോക റാങ്കിങ് ക്വോട്ടയില്‍ സ്ഥാനം പിടിച്ചാണു ജാബിര്‍ ടോക്കിയോ ബെര്‍ത്ത് ഉറപ്പിച്ചത്.പി.ടി.ഉഷയ്ക്കുശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ മലയാളി താരം കൂടിയാണ ജാബിര്‍.
ജാബിറിനു പുറമേ സ്പ്രിന്റര്‍ ദ്യുതി ചന്ദ് (100 മീ, 200 മീ.), ജാവലിന്‍ ത്രോ താരം അന്നു റാണി എന്നിവരും ലോക റാങ്കിങ്ങിലൂടെ യോഗ്യത ഉറപ്പിച്ചതോടെ വ്യക്തിഗത ഇനങ്ങളില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സ് താരങ്ങളുടെ എണ്ണം 15 ആയി. പുരുഷ 4400 മീറ്റര്‍ റിലേ ടീമും റാങ്കിങ് വഴി യോഗ്യത നേടി.വ്യക്തിഗത ഇനത്തില്‍ കെ.ടി.ഇര്‍ഫാന്‍ (നടത്തം), എം.ശ്രീശങ്കര്‍ (ലോങ്ജംപ്), സജന്‍ പ്രകാശ് (നീന്തല്‍) എന്നീ മലയാളികള്‍ നേരത്തേ ഒളിംപിക് യോഗ്യത ഉറപ്പിച്ചിരുന്നു.

