ടോക്കിയോ: ഒളിംപിക്‌സില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം പോരാടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനോട്. ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടല്‍ അത്ര എളുപ്പമാകില്ല. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രിട്ടനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.
സെമിയില്‍ അര്‍ജന്റീനയോട് പൊരുതി തോറ്റാണ് ഇന്ത്യന്‍ പെണ്‍പട ഫൈനല്‍ കാണാതെ പുറത്തായത്. ബ്രിട്ടനാകട്ടെ, നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞാണ് വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
വമ്പന്‍ തോല്‍വി നേരിട്ടെത്തുന്ന ബ്രിട്ടനേക്കാള്‍ ആത്മവിശ്വാസത്തിലാകും ഇന്ത്യ പോരാട്ടത്തിനിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി നേരിട്ട ഇന്ത്യന്‍ പെണ്‍പടയക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ബ്രിട്ടനെതിരെയുള്ള വെങ്കല പോരാട്ടം. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്കാണ് മത്സരം.

