ടോക്കിയോ: നാല് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹോക്കി ടീം ഇന്ത്യയ്ക്കായി ഉയര്‍ത്തിയ വെങ്കലത്തിനു പിന്നില്‍ മലയാളിയുടെ കരുത്തുറ്റ കരങ്ങളും. എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര് ശ്രീജേഷിന്റെ മികവുറ്റ പ്രകടനമാണ് ഇന്ത്യയുടെ ചരിത്ര നേട്ടത്തിനു പിന്നില്‍.
2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ മെഡല്‍ നേട്ടം. ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവും വലിയ ശക്തിയാണ് ഇന്ന് പി ആര് ശ്രീജേഷ്.
ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ടോക്കിയോയില്‍ കാഴ്ചകാണാനല്ല ടീം പോകുന്നത്’ എന്നായിരുന്നു ഒളിമ്പിക്സിന് പുറപ്പെടും മുമ്പ് ശ്രീജേഷ് പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കി ജര്‍മനിയെ കാഴ്ചക്കാരാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ പട. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
കളിയുടെ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ കാരണം പാഞ്ഞുവന്ന ജര്‍മന്‍ ഷോട്ടുകള്‍ പലവട്ടം ശ്രീജേഷ് തട്ടിയകറ്റി. അവസാന സെക്കന്ഡുകളില് ജര്‍മന്‍ നിര തൊടുത്ത പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ശ്രീജേഷ് ഇന്ത്യന്‍ വല കാത്തത്.
1972-ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിംപിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയെന്ന പട്ടവും ഇനി ശ്രീജേഷിന് സ്വന്തം. കേരളംപോലെ ഹോക്കിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനത്തു നിന്ന് ഒന്നരപതിറ്റാണ്ട് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

