ടോക്കിയോ: ഒളിംപിക്‌സില്‍ വെങ്കല മെഡലിനായി പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്തിലെ പ്രമുഖ രത്‌ന വ്യാപാരിയായ സാവ്ജി ധൊലാക്കിയ. ബ്രിട്ടനെ വീഴ്ത്തി രാജ്യത്തിന് വേണ്ടി വെങ്കലം നേടിയാല്‍ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് സ്വപ്നവീട് സ്വന്തമാക്കാനായി 11 ലക്ഷം രൂപയും വീടുള്ളവര്‍ക്ക് കാര്‍ വാങ്ങാനായി അഞ്ച് ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്നാണ് ധൊലാക്കിയ പ്രഖ്യാപിച്ചിരിക്കുന്നത്.
ടോക്കിയോയിലെ പ്രകടനങ്ങളിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം രചിക്കുകയാണെന്നും, രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വനിതാ താരങ്ങളുടെ മനോവീര്യം കൂട്ടാനാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ധൊലാക്കിയ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ധൊലാക്കിയ പറഞ്ഞു.
അതേസമയം, വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം പോരാടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനോടാണ്. ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടല്‍ അത്ര എളുപ്പമാകില്ല. എന്നാല്‍ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

